എതിരാളികളെ കൊണ്ട് തന്നെ കയ്യടിപ്പിച്ച് സ്വപ്നനസാക്ഷാത്കാരം നടത്തി സൂപ്പർ ഗോളി
Football
എതിരാളികളെ കൊണ്ട് തന്നെ കയ്യടിപ്പിച്ച് സ്വപ്നനസാക്ഷാത്കാരം നടത്തി സൂപ്പർ ഗോളി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 14th October 2022, 10:46 pm

വിജയം മാത്രം ലക്ഷ്യം കണ്ട് ശക്തമായി പോരാടുന്ന എതിരാളികളെ തളച്ചിടുകയും അതേസമയം മികച്ച പ്രകടനം കാഴ്ച വെച്ചതിന് അവരെ കൊണ്ട് തന്നെ കയ്യടിപ്പിക്കുകയും ചെയ്യുന്നത് അത്ര നിസാര കാര്യമല്ല.

അത്തരമൊരു പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായിരിക്കുകയാണ് ഒമോണിയ
നിക്കോസിയയുടെ നൈജീരിയൻ ഗോൾകീപ്പർ ഫ്രാൻസിസ് ഉസോഹോ. യൂറോപ്പ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ഉജ്ജ്വല പ്രകടനമാണ് താരം കാഴ്ചവെച്ചത്.

യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒമോണിയക്കെതിരെ ഒരു ഗോളിന് വിജയിക്കുകയായിരുന്നു. മിഡ്ഫീൽഡർ സ്‌കോട്ട് മക്ടോമിനയ് നേടിയ ഗോളിലായിരുന്നു യുണൈറ്റഡിന്റെ ജയം. നിരവധി ഗോൾ അവസരങ്ങൾ നഷ്ടപെടുത്തിയതിന് ശേഷമായിരുന്നു യുണൈറ്റഡിന്റെ ജയം. മത്സരത്തിൽ റെഡ് ഡെവിൾസിന് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ഒരു ഗോൾ നേടുന്നതിന് സ്റ്റോപ്പേജ് ടൈം വരെ കാത്തിരിക്കേണ്ടി വന്നു.

മത്സരത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ചത് ഒമോണിയയുടെ ഗോൾകീപ്പർ ഫ്രാൻസിസ് ഉസോഹോ ആയിരുന്നു. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 34 ഷോട്ടുകളിൽ 13 എണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. എന്നാൽ അതിൽ 12 ഷോട്ടുകൾ ഒമോനോയയുടെ നൈജീരിയൻ ഗോൾകീപ്പർ രക്ഷപ്പെടുത്തി.

ഉസോഹോ 12 ഷോട്ടുകളാണ് സേവ് ചെയ്തത്. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ ഗോളായി മാറിയ ആ ഷോട്ട് മാത്രമാണ് നഷ്ടമായത്. എന്നിരുന്നാലും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം ഈ 23കാരനെ പ്രശംസിക്കുകയായിരുന്നു.

താനൊരു മാഞ്ചസ്റ്റർ യുണൈറ്റഡ് ഫാൻ ബോയ് ആണെന്നും ഓൾഡ് ട്രാഫോർഡിൽ കളിക്കുന്നത് സ്വപ്ന സാക്ഷാത്കാരമാണെന്നും മത്സരശേഷം ഫ്രാൻസിസ് ഉസോഹോ പറഞ്ഞിരുന്നു. തനിക്കിതൊരു സ്വപ്ന സാക്ഷാത്കാരമാണെന്നും താൻ വളരെക്കാലമായി ഇവിടെ കളിക്കണമെന്ന് സ്വപ്നം കാണുകയാണെന്നം അദ്ദേഹം പറഞ്ഞു. കളിക്കാൻ അവസരം ലഭിക്കണമെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിരുന്നെന്നും ഉസോഹോ കൂട്ടിച്ചേർത്തു.

തന്റെ പ്രിയപ്പെട്ട ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേരിട്ട ഷോട്ടുകളുടെ 92 ശതമാനവും രക്ഷിച്ചതിന്റെ ആഹ്ലാദത്തിമിർപ്പിലാണ് താരം.

 

Content Highlights: Nigerian Goal keeper makes record by his performance