നൈജീരിയയിലെ ചിബോക്ക് ഗ്രാമത്തില്‍ 276 സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയി അഞ്ച് വര്‍ഷം പിന്നിട്ടിട്ടും പകുതി വിദ്യാര്‍ത്ഥിനികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 112 വിദ്യാര്‍ത്ഥിനികളെ കുറിച്ച് ഒരു വിവരവും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
2014 ഏപ്രില്‍ 14 ഞായറാഴ്ചയാണ് നൈജീരിയയിലെ ബോണോ സംസ്ഥാനത്തെ ചിബോക്കിലെ ഒരു സെക്കന്ററി സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ ബോക്കോ ഹറാം തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോകുന്നത്. പെണ്‍കുട്ടികളില്‍ ഭൂരിപക്ഷവും ക്രിസ്തുമത വിശ്വാസികളായിരുന്നു. തട്ടിക്കൊണ്ടു പോകലിനിടെ 60 പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയും 219 പേരെ തീവ്രവാദികള്‍ തടവിലാക്കുകയും ചെയ്തു.
തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികളില്‍ 107 പേരെ വിവിധ ഘട്ടങ്ങളിലായി ചര്‍ച്ചയിലൂടെ മോചിപ്പിച്ചിരുന്നു.
പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ ആഗോളപ്രതിഷേധമുയരുകയും ബോക്കോ ഹറാമിനെതിരെ നടപടികളുണ്ടായെങ്കിലും ഇവരെ തിരിച്ചെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘സര്‍ക്കാര്‍ തങ്ങളുടെ കാണാതായ പെണ്‍കുട്ടികളെ കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. ഞങ്ങള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ സന്തോഷമുള്ളത് പോലെയാണ് അവരുടെ പെരുമാറ്റം’ രണ്ട് പെണ്‍മക്കളെ കാണാതായ എനോക്ക് മാര്‍ക്ക് പറയുന്നു.
‘വര്‍ഷങ്ങള്‍ എത്രയെടുത്താലും മക്കളെ കണ്ടെത്താനുള്ള പരിശ്രമം ഞങ്ങള്‍ നിര്‍ത്തിവെക്കില്ല. അവര്‍ വീട്ടിലേക്ക് തിരിച്ചുവരുമെന്ന് തന്നെയാണ് പ്രതീക്ഷ. മരിക്കുന്നത് വരെയും അത് അങ്ങനെ തന്നെയായിരിക്കും’ എനോക്ക് അല്‍ജസീറയോട് പറഞ്ഞു.
പല പെണ്‍കുട്ടികളെയും ബോക്കോ ഹറാം തീവ്രവാദികള്‍ വിവാഹം കഴിക്കുകയും കുട്ടികളുണ്ടാവുകയും ചെയ്തിട്ടുണ്ടാവുമെന്നാണ് ചിബോക്ക് ഗ്രാമത്തില്‍ കഴിയുന്നവര്‍ വിശ്വസിക്കുന്നത്. അതേ സമയം തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെട്ട 20 പെണ്‍കുട്ടികള്‍ അമേരിക്കയിലേക്ക് പോവുകയും അവിടെ പഠനം തുടരുകയും ചെയ്തിട്ടുണ്ട്.
തീവ്രവാദികളെ തുരത്തിയെന്ന് നൈജീരിയ അവകാശപ്പെടുന്നുണ്ടെങ്കിലും ചിബോക്കിലും മറ്റു ഗ്രാമങ്ങളിലുമായി ഇപ്പോഴും രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ക്ക് നേരെയടക്കം ബോക്കോ ഹറാം ആക്രമണം തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മതനിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന ബോക്കോ ഹറാം ആക്രമണത്തില്‍ 27,000 പേരാണ് നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. രണ്ട് മില്ല്യനോളം ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.