അബുജ: നൈജീരിയന്‍ പ്രസിഡന്റ് മരിച്ചെന്നും ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തുള്ളത് അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാനിയാണെന്നുമുള്ള പ്രചരണങ്ങള്‍ തള്ളി നൈജീരിയന്‍ പ്രസിഡന്റ് ബുഹാരി. താന്‍ മരിച്ചിട്ടില്ലെന്നും ഇപ്പോഴും ശക്തനായി തന്നെ തുടരുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.
“ഇത് ശരിക്കും ഞാന്‍ തന്നെയാണ്. ഉറപ്പ്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ 76ാം പിറന്നാള്‍ ആഘോഷിക്കും. ഞാന്‍ ഇപ്പോഴും ശക്തനായി മുന്നോട്ടുപോകും.” ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം പോളണ്ട് ടൗണ്‍ഹാളില്‍ ഒത്തുകൂടിയ നൈജീരിയക്കാരോടു പറഞ്ഞു.
“രോഗാവസ്ഥയില്‍ ഞാന്‍ മരിച്ചെന്നാണ് ഒട്ടേറെയാളുകള്‍ കരുതുന്നത്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിവില്ലാത്തവരും മതവിശ്വാസമില്ലാത്തവരുമാണ്.” എന്നും അദ്ദേഹം പറഞ്ഞു.
ബുഹാരിയുടെ പ്രസ്താവന “ഇത് ശരിക്കാനും ഞാനാണ്, ആരോപണങ്ങള്‍ക്കെതിരെ പ്രസിഡന്റ് ബുഹാരി പ്രതികരിക്കുന്നു” എന്ന തലക്കെട്ടോടെ ബുഹാരിയുടെ കമന്റ് ഭരണകൂടം വലിയ തോതില്‍ പ്രചരിപ്പിക്കുന്നുണ്ട്.
ബുഹാരി കഴിഞ്ഞവര്‍ഷം ബ്രിട്ടനില്‍ ചികിത്സ തേടിയിരുന്നു. അദ്ദേഹത്തിന്റെ രോഗവിവരങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. ചികിത്സയിലിരിക്കെ ബുഹാരി മരണപ്പെട്ടെന്നും അദ്ദേഹത്തിന്റെ രൂപസാദൃശ്യമുള്ള ജുബ്രില്‍ എന്ന സുഡാനിയാണ് ഇപ്പോള്‍ തല്‍സ്ഥാനത്ത് ഇരിക്കുന്നതെന്നുമായിരുന്നു രാഷ്ട്രീയ എതിരാളികള്‍ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചരണം.
പ്രചരണത്തിന് യാതൊരു തെളിവും നല്‍കിയിരുന്നില്ല. എങ്കിലും ഇത്തരം പ്രചരണം നടത്തുന്ന വീഡിയോകള്‍ ഇപ്പോഴും യൂട്യൂബിലും ഫേസ്ബുക്കിലും വ്യാപകമായി പ്രചിരിക്കുന്നുണ്ട്.