നിയാമേ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജറില്‍ സൈനിക അട്ടിമറി. ഭരണഘടന റദ്ദാക്കിയതായും ഭരണം ഏറ്റെടുത്തതായും സൈനിക നേതൃത്വം അറിയിച്ചു. ബുനാഴ്ച രാവിലെ മുതല്‍ പ്രസിഡന്റ് മുഹമ്മദ് ബസൗമിനെ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണ്. യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പ്രസിഡന്റിന് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റുമായി സംസാരിച്ചതായും അദ്ദേഹത്തിന് യു.എന്നിന്റെ പൂര്‍ണ പിന്തുണ അറിയിച്ചതായും യു.എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസും അറിയിച്ചു.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഇസ്‌ലാമിക തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ പ്രധാന സഖ്യകക്ഷിയാണ് നൈജറെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വര്‍ഷങ്ങളിലായി അയല്‍രാജ്യമായ മാലിയിലും ബുര്‍ക്കിന ഫാസോയിലും അട്ടിമറി നടന്നിരുന്നു. ഇവര്‍ ഫ്രാന്‍സുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
ബുധനാഴ്ച തങ്ങള്‍ ഭരണം ഏറ്റെടുത്തതായി കേണല്‍ മേജര്‍ അമദൗ അബ്ദ്രമനെ ടി.വി പ്രഖ്യാപനത്തിലൂടെ അറിയിച്ചു. പ്രഖ്യാപനത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് ഒന്‍പത് സൈനികരും ഉണ്ടായിരുന്നു. തുടര്‍ച്ചയായ സുരക്ഷാ വീഴ്ചയും സാമ്പത്തികവും സാമൂഹികവുമായ ഭരണം മോശമായതിനെയും തുടര്‍ന്നുമാണ് ഭരണം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. എല്ലാ ബാഹ്യ പങ്കാളികളോടും ഇതില്‍ ഇടപെടരുതെന്നും അബ്ദ്രമനെ ആവശ്യപ്പെട്ടു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാദേശിക സമയം 10 മുതല്‍ അഞ്ച് വരെ കര്‍ഫ്യൂ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ സേഫ്ഗാര്‍ഡ് ഓഫ് ദി ഹോംലാന്‍ഡിന് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അബ്ദ്രമനെ വ്യക്തമാക്കി.
സൈന്യത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റിനെ മോചിപ്പിക്കണമെന്ന് യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ആവശ്യപ്പെട്ടു. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാനും ഭരണഘടനയെ തകര്‍ക്കാനുമുള്ള ശ്രമമാണിതെന്ന് ന്യൂസിലാന്‍ഡിലെ വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അധികാരം പിടിച്ചെടുക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തെ ശക്തമായി അപലപിക്കുന്നതായി പടിഞ്ഞാറന്‍ സാമ്പത്തിക സംഘടനയായ ഇകോവാസ് പറഞ്ഞു. ബുധനാഴ്ച പ്രസിഡന്റിന് പിന്തുണ അറിയിച്ചുകൊണ്ട് ജനം തെരുവിലിറങ്ങി. പ്രതിഷേധം പിരിച്ചുവിടാനായി സൈന്യം വെടിയുതിര്‍ത്തെങ്കിലും തലസ്ഥാനമായ നിയാമേയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്.
2021 ലാണ് ബസൗമം പ്രസിഡന്റാകുന്നത്. ഫ്രാന്‍സുമായും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളുമായും അടുത്ത സഖ്യകക്ഷിയാണ് നൈജര്‍. ഫ്രാന്‍സില്‍ നിന്നും സ്വാതന്ത്രമായതിന് ശേഷം നാല് അട്ടിമറികളാണ് നൈജറില്‍ ഉണ്ടായിട്ടുള്ളത്.
Content Highlight: Niger Soldiers announce coup