| Saturday, 17th March 2018, 11:40 pm

'ഞങ്ങള്‍ ഈ നാടിനെ വിശ്വസിച്ചു വന്നു, ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ?'; സ്വയരക്ഷയ്ക്കായി സമരം ചെയ്ത് കണ്ണൂര്‍ 'നിഫ്റ്റി'ലെ വിദ്യാര്‍ത്ഥിനികള്‍

ഹരിപ്രസാദ്. യു

ധര്‍മ്മശാല: അന്യനാടുകളില്‍ നിന്നും “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് സ്വയം വിളിക്കുന്ന കേരളത്തിലെത്തി പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ തങ്ങളുടെ സ്വരക്ഷയ്ക്കായി സമരം ചെയ്യുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിനു സമീപം ധര്‍മ്മശാലയില്‍ സ്ഥിതി ചെയ്യുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍.ഐ.എഫ്.ടി – നിഫ്റ്റ്) എന്ന സ്ഥാപനത്തിലെ പെണ്‍കുട്ടികളാണ് സാമൂഹ്യ വിരുദ്ധരില്‍ നിന്നുള്ള ശാരീരികമായ അതിക്രമങ്ങള്‍ക്കെതിരെ സമരം ആരംഭിച്ചിരിക്കുന്നത്.


Also Read: ‘ബെംഗളൂരുവില്‍ ഇടിച്ച് കയറി ചെന്നൈ എക്‌സ്പ്രസ്’; നാലാംസീസണിലെ രാജാക്കന്മാര്‍ ചെന്നൈയിന്‍ എഫ്.സി; ഗോളുകള്‍ കാണാം (Videos)


മലയാളികള്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് നിഫ്റ്റ്. ദേശീയതലത്തിലുള്ള സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സാമൂഹ്യവിരുദ്ധന്‍മാരുടെ ശല്യത്തിനെതിരെ സമരത്തിനിറങ്ങേണ്ടിവന്നതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

  • ഞങ്ങള്‍ ഈ നാടിനെ വിശ്വസിച്ചു വന്നു, ഇനിയും ഞങ്ങള്‍ വിശ്വസിക്കണോ?
  • ജീന്‍സ് അസാധാരണമായ നാട്ടില്‍, ഞങ്ങള്‍ പറയുന്നു, We Are Not For Sale.
  • ഞങ്ങളുടെ വസ്ത്രം ഞങ്ങളുടെ സ്വാതന്ത്ര്യം.

എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുകളുമേന്തിയാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. ഇവര്‍ക്കു പിന്തുണയുമായി കോളേജിലെ ആണ്‍കുട്ടികളും അധ്യാപകരും ജീവനക്കാരും രംഗത്തുണ്ട്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ചില സംഘടനകളും വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നിഫ്റ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ മഹിളാ അസോസിയഷന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തിയിരുന്നു.

നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികള്‍ പറയുന്നു

കഴിഞ്ഞ ദിവസം, അതായത് മാര്‍ച്ച് 14-ാം തിയ്യതി ഉണ്ടായ സംഭവമാണ് നിഫ്റ്റിലെ വിദ്യാര്‍ത്ഥികളെ പ്രത്യക്ഷ സമരത്തിലേക്ക് എത്തിച്ചത്. നിഫ്റ്റിലെ ഒരു വിദ്യാര്‍ത്ഥിനി ഒറ്റയ്ക്കു നടന്നു വരുമ്പോള്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയെ പിടിച്ചു വലിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഉള്‍പ്പെടെ കടന്നു പിടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇവരുടെ മര്‍ദ്ദനമേറ്റ പെണ്‍കുട്ടി താഴെ റോഡില്‍ വീഴുകയായിരുന്നു. റോഡില്‍ വീണ പെണ്‍കുട്ടി വീണ്ടും എഴുന്നേല്‍ക്കുന്നത് കണ്ട അക്രമികള്‍ തിരിച്ചു പോയതിനാല്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകാതെ പെണ്‍കുട്ടി രക്ഷപ്പെട്ടത് എന്ന് നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.

സമരരംഗം

കോളേജിന്റെ പ്രധാന ഗെയിറ്റിനു സമീപമുള്ള റോഡില്‍ വെച്ചു തന്നെയാണ് ഈ സംഭവം ഉണ്ടായത്. ഇത്തരം സംഭവങ്ങള്‍ ഇവിടെ പതിവാണ്. കഴിഞ്ഞ രണ്ടുമാസങ്ങള്‍ക്കിടെ ഉണ്ടാകുന്ന എട്ടാമത്തെ സംഭവമാണ് ഇതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.

ഈ സംഭവത്തെ തുടര്‍ന്നാണ് തങ്ങള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ നിഫ്റ്റിലെ വിദ്യാര്‍ത്ഥികള്‍ സമരത്തിനിറങ്ങിയത്. തങ്ങള്‍ക്ക് ആരുടെ പക്കല്‍ നിന്നും പിന്തുണ കിട്ടുന്നുണ്ടായിരുന്നില്ല. അതുകൊണ്ടാണ് മുന്‍പ് അതിക്രമങ്ങള്‍ക്ക് ഇരയായ പെണ്‍കുട്ടികള്‍ പരാതി നല്‍കാതിരുന്നത്.


Don”t Miss: തെരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ ബി.ജെ.പിയില്‍ കൊഴിഞ്ഞുപോക്ക്; യോഗി മന്ത്രിസഭയിലെ മന്ത്രിയുടെ മരുമകന്‍ എസ്.പിയില്‍ 


“ആരും ഒപ്പമില്ലാത്തതിനാല്‍ പരാതി നല്‍കാന്‍ അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് പേടിയായിരുന്നു. അവര്‍ക്ക് തുറന്നു പറയാന്‍ മടിയായതിനാല്‍ അക്രമത്തിന് ഇരയായവര്‍ ആരാണെന്നു പോലും ഞങ്ങള്‍ക്കറിയില്ല. അവര്‍ പേടിച്ചിരിക്കുകയായിരുന്നു.” -നിഫ്റ്റിലെ വിദ്യാര്‍ത്ഥിനി ഡൂള്‍ന്യൂസിനോടു പറഞ്ഞു.

“അവരുടെ സുഹൃത്തുക്കള്‍ ഉള്‍പ്പെടെ പരാതി നല്‍കുന്നതില്‍ നിന്നും അവരെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഇതൊക്കെ വലിയ പ്രശ്‌നമാകും എന്നൊക്കെ കേട്ടപ്പോഴാണ് അവര്‍ പരാതി നല്‍കാതിരുന്നത്. ഇപ്പോഴത്തെ സംഭവം ഞങ്ങള്‍ കുറച്ചുപേര്‍ അറിഞ്ഞതിനാലും സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങള്‍ സഹിക്കാവുന്നതിലും അപ്പുറമായതിനാലുമാണ് ഞങ്ങള്‍ സമരത്തിലേക്ക് കടന്നത്.” -വിദ്യാര്‍ത്ഥിനി പറഞ്ഞു.

ഓരോ ആഴ്ചയില്‍ പുതിയ സംഭവങ്ങള്‍ ഉണ്ടാകുകയാണ്. തങ്ങള്‍ ഇനിയും മിണ്ടാതിരുന്നാല്‍ ഇത് ഇനിയും കൂടിക്കൊണ്ടിരിക്കും.


Also Read: ‘ബി.ജെ.പിയും തോല്‍ക്കുമെന്ന് മനസിലായി’; ഉപതെരഞ്ഞെടുപ്പ് പരാജയത്തില്‍ രാജ്‌നാഥ് സിംഗ് 


കോളേജിനു പുറത്തുള്ള, പ്രദേശവാസികളായ ചിലരാണ് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നത്. ഒരിക്കല്‍ ഇതിനെതിരെ പൊലീസില്‍ പരാതി ലഭിച്ചിരുന്നു എന്നാല്‍ പരാതിക്കാരി ഹാജരാകാത്തതിനാല്‍ ഇതില്‍ യാതൊരു നടപടിയും ഉണ്ടായില്ല.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആയതിനാല്‍ ഇന്ത്യയുടെ പലഭാഗത്തു നിന്നുള്ള കുട്ടികള്‍ ഇവിടെ പഠിക്കാന്‍ എത്തുന്നു. അതിക്രമത്തിന് ഇരയാകുന്നവര്‍ക്ക് സ്വന്തം കുടുംബത്തെ പോലും ഇക്കാര്യം അറിയിക്കാന്‍ ബുദ്ധിമുട്ടാണ്. സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ മാത്രമാണ് നാട്ടുകാരുടേയും പൊലീസിന്റേയും പിന്തുണ അല്‍പ്പമെങ്കിലും കിട്ടിത്തുടങ്ങിയത്.

എന്തുകൊണ്ട് അതിക്രമങ്ങള്‍?

കോളേജിന്റെ ഗെയിറ്റിനു പുറത്തുള്ള റോഡില്‍ വെച്ചു തന്നെയാണ് പെണ്‍കുട്ടികള്‍ക്കു നേരെ അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. ഇവിടെ തെരുവുവിളക്കുകള്‍ ഇല്ലാത്തതിനാല്‍ സന്ധ്യ കഴിഞ്ഞാല്‍ മുഴുവന്‍ ഇരുട്ടാണ്.

ഇതാണ് സാമൂഹ്യവിരുദ്ധര്‍ക്ക് അഴിഞ്ഞാടാനുള്ള സാഹചര്യം ഉണ്ടാക്കുന്നതില്‍ പ്രധാന കാരണം. കോളേജിനടുത്തുനിന്നും ഒരു കിലോമീറ്ററോളം മാറിയുള്ള ബാങ്കിനടുത്ത് മാത്രമേ രാത്രിയില്‍ വെളിച്ചമുള്ളൂ. ഇവിടെ വീടുകളും കുറവാണ്.

ഇവിടെ രാത്രികാലങ്ങളില്‍ പൊലീസ് പട്രോളിങ്ങ് ഇല്ല എന്നതും സാമൂഹ്യവിരുദ്ധര്‍ക്ക് കൂടുതല്‍ സൗകര്യമാകുന്നു.

സമരം തുടങ്ങിയപ്പോള്‍

സമരം ആരംഭിച്ചപ്പോള്‍ പല വിദ്യാര്‍ത്ഥിനികളും തങ്ങള്‍ നേരിട്ട ദുരനുഭവങ്ങള്‍ എഴുതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ലഭിക്കുന്ന മുഴുവന്‍ എഴുത്തുകളും അധികൃതര്‍ക്കു മുന്നില്‍ സമര്‍പ്പിക്കാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

വിദ്യാര്‍ത്ഥികള്‍ ഒറ്റക്കെട്ടായാണ് സമരം ആരംഭിച്ചത്. സമരം തുടങ്ങിയ ശേഷം രാഷ്ട്രീയ പാര്‍ട്ടികളുടെ ഉള്‍പ്പെടെ പിന്തുണ ലഭിച്ചതായി വിദ്യാര്‍ത്ഥിനികള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു. നാട്ടുകാരും പൊലീസുമെല്ലാം പിന്തുണയുമായി വന്നു.

“ഞങ്ങള്‍ ഈ നാട്ടില്‍ ഉള്ളവരല്ല. ആരോട് എന്തു പറയണമെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു. നാട്ടുകാരും കോളേജിലെ വിദ്യാര്‍ത്ഥികളും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. നിഫ്റ്റിലെ വിദ്യാര്‍ത്ഥികളെ ഇന്നാട്ടിലുള്ളവര്‍ മറ്റൊരു കണ്ണിലൂടെയാണ് കണ്ടിരുന്നത്. പല വിദ്യാര്‍ത്ഥികളും അവര്‍ക്കിഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നത് ഇവിടുത്തുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അതൊന്നും ഞങ്ങള്‍ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഞങ്ങളെ ശാരീരികമായി ആക്രമിക്കുമെന്ന ഘട്ടത്തിലാണ് ഞങ്ങള്‍ സമരത്തിനിറങ്ങിയത്.” -വിദ്യാര്‍ത്ഥിനി പറഞ്ഞു.


Don”t Miss: വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങളുടെ നിര്‍മ്മാണം ആഗോളതലത്തില്‍ വിപുലമാക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ (Video)


എന്നാല്‍ സമരം ആരംഭിച്ചതോടെ നാട്ടുകാരുടെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചു. പ്രദേശത്ത് പട്രോളിങ് ആരംഭിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കി. കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തെ കുറിച്ച് ശക്തമായ അന്വേഷണം നടത്താമെന്ന ഉറപ്പും പൊലീസ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ സുരക്ഷ നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി കെ.വി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. റോഡില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുക, സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ കൂടി അനുകൂലമായ തീരുമാനമുണ്ടാകുന്നതുവരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

നേരത്തേ തളിപ്പറമ്പ് എം.എല്‍.എ ജെയിംസ് മാത്യു സമരത്തിനു പിന്തുണയുമായി എത്തിയിരുന്നു. നിഫ്റ്റ് അധികൃതരുമായി ചര്‍ച്ച നടത്തിയ അദ്ദേഹം എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനിയും സംഘവും നിഫ്റ്റ് ഡയറക്ടര്‍ ഡോ. ഇളങ്കോവനുമായി പ്രശ്നം ചര്‍ച്ചചെയ്തിരുന്നു. ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ.ശ്യാമള, സി.പി.ഐ.എം. ഏരിയാ സെക്രട്ടറി പി.മുകുന്ദന്‍ എന്നിവരും നിഫ്റ്റ് കേന്ദ്രത്തിലെത്തി വിദ്യാര്‍ഥികള്‍ക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു.

വിദ്യാര്‍ത്ഥിനികള്‍ സമരം ആരംഭിച്ച ഉടന്‍ പൊലീസ് കഴിഞ്ഞദിവസത്തെ സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കേസില്‍ പാപ്പിനശ്ശേരി സ്വദേശി തിരുത്തി വയലില്‍ എം. റിനീഷ് എന്ന 40-കാരനെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തേ പെണ്‍കുട്ടികളെ ശല്യം ചെയ്ത രണ്ടു പേരെ പിടികൂടി താക്കീതു ചെയ്ത് വിടുകയായിരുന്നു എന്ന് ഡയറക്ടര്‍ ഡോ. ഇളങ്കോവന്‍ പറഞ്ഞു. ക്യാംപസിലേക്കുള്ള വഴിയില്‍ ഇരുവശത്തും ആന്തൂര്‍ നഗരസഭ ഹൈമാസ്റ്റ് വിളക്കുകള്‍ സ്ഥാപിക്കുമെന്ന ഉറപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ചീത്തപ്പേര് കണ്ണൂരിനും കേരളത്തിനും

ഇതരസംസ്ഥാനത്തു നിന്നുള്ള “നിഫ്റ്റി”ലെ വിദ്യാര്‍ത്ഥിനികള്‍ തങ്ങള്‍ നേരിട്ട ദുരനുഭവങ്ങളിലൂടെ കണ്ണൂരിനേയും കേരളത്തെയും വിലയിരുത്തിക്കഴിഞ്ഞു. സാക്ഷരതയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന കേരളത്തെ കുറിച്ച് ഇങ്ങനെയൊന്നുമായിരുന്നില്ല അവര്‍ കരുതിയത്. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ത്ഥിനികള്‍ നിഫ്റ്റിലെ ദുരവസ്ഥ ഡൂള്‍ന്യൂസുമായി പങ്കുവെച്ചു.

മുംബൈ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി പറയുന്നു:

ഞാന്‍ മുംബൈ സ്വദേശിനിയാണ്. നിഫ്റ്റിലേക്കു വരുമ്പോള്‍ ഏറെ സാക്ഷരതയുള്ള സ്ഥലമാണ് ഇതെന്നാണ് കേട്ടിരുന്നത്. അതിനാല്‍ തന്നെ ഇവിടെയുള്ളവരില്‍ നിന്നും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങളിവിടെ എത്തിയപ്പോള്‍ കോളേജിനു പുറത്തു പോകുമ്പോള്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കരുതെന്നാണ് കോളേജിലെ സുഹൃത്തുക്കളും അധ്യാപകരും ഉള്‍പ്പെടെ എല്ലാവരും ആദ്യം പറഞ്ഞത്. കാരണം പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അന്നും ഉണ്ടായിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി കണ്ണൂരിലേക്കോ മറ്റോ പോകുമ്പോള്‍ ആളുകള്‍ ഞങ്ങളെ തുറിച്ചു നോക്കുന്നതും കളിയാക്കുന്നതും പതിവാണ്. ഞങ്ങളുടെ വസ്ത്രങ്ങള്‍ കണ്ടിട്ടാണ് അത്. പുറത്തു പോകുമ്പോള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല എന്നു തന്നെ പറയാം! മുഴുനീള വസ്ത്രങ്ങളാണ് ഞങ്ങള്‍ ധരിക്കാറ്. പുറത്തു പോകുമ്പോള്‍ ജീന്‍സ് പോലും ഉപയോഗിക്കാറില്ല.

വസ്ത്രധാരണത്തില്‍ മാത്രമല്ല സുരക്ഷയെ കരുതിയുള്ള ഇത്തരം സ്വയംനിയന്ത്രണം ഞങ്ങള്‍ പാലിക്കുന്നത്. കോളേജിനു പുറത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാനും ഞങ്ങള്‍ക്ക് ഇവിടെ അനുവാദമില്ല. കൂട്ടമായി മാത്രമേ പെണ്‍കുട്ടികള്‍ക്ക് സഞ്ചരിക്കാന്‍ കഴിയൂ. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാനായി ഒരു ആണ്‍കുട്ടിയും ഞങ്ങള്‍ക്കൊപ്പം വേണം.

എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല, കോളേജിനു പുറത്തുള്ള ആളുകള്‍ നിഫ്റ്റിലെ വിദ്യാര്‍ത്ഥിനികളെ വേശ്യകള്‍ എന്നാണ് വിളിക്കുന്നത്. കേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂരിലെ ആളുകള്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികളെ വേശ്യകളായാണ് പരിഗണിക്കുന്നത്. “നിങ്ങള്‍ വേശ്യകളാണ്” എന്ന് ചിലര്‍ മെസേജുകള്‍ അയച്ചിട്ടു പോലുമുണ്ട്. എന്റെ ഒരു സുഹൃത്തിനോട് അടുത്തിടെ കോളേജിനു പുറത്തുള്ള ഒരാള്‍ ചോദിച്ചത് “നിനക്ക് ഒരു രാത്രിയ്ക്ക് എത്ര രൂപയാണ്” എന്നാണ്.

കോളേജിനുള്ളില്‍ വെച്ച് എനിക്കും ഒരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. കാന്റീനില്‍ ഉണ്ടായിരുന്ന പണിക്കാരനാണ് എന്നോട് മോശമായി പെരുമാറിയത്. ഐസ്‌ക്രീം വാങ്ങിയ എന്റെ അടുത്തേക്ക് ഇയാള്‍ വരികയയും ജീന്‍സിന്റെ പിന്നിലെ പോക്കറ്റില്‍ കൈ ഇടുകയും ചെയ്യുകയായിരുന്നു. ഇതിനു ശേഷം അയാള്‍ എന്നെ കുറിച്ച് അപവാദകഥകള്‍ പറഞ്ഞു പരത്തി. ഈ സംഭവത്തെ തുടര്‍ന്ന് ഡയറക്ടര്‍ അയാളെ കാന്റീനില്‍ നിന്നും പുറത്താക്കി. ഇപ്പോള്‍ ഞങ്ങള്‍ ആരംഭിച്ച സമരത്തിന് കോളേജിലെ ഫാക്കല്‍റ്റിയുടെയും ജീവനക്കാരുടേയുമെല്ലാം പിന്തുണ ഉണ്ട്.

അതുപോലെ മറ്റൊരു ദുരനുഭവവും ഞങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനായി കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (എന്‍.ഐ.ടി) ഞങ്ങള്‍ പോയിരുന്നു. ഞങ്ങള്‍ റാംപിലേക്ക് വന്നപ്പോള്‍ അതിന് അടുത്തുണ്ടായിരുന്ന ആളുകള്‍ ഞങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ തുടങ്ങി. അതില്‍ അസ്വാഭാവികമായി ഒന്നുമില്ല. എന്നാല്‍ പിന്നീട് അവര്‍ ഞങ്ങളോട് മോശം കമന്റുകള്‍ പറഞ്ഞു തുടങ്ങി. യഥാര്‍ത്ഥത്തില്‍ അവര്‍ ആക്രോശിക്കുകയായിരുന്നു. സമാനമായ അനുഭവം അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ (ഫിസാറ്റ്) പോയപ്പോഴും ഇതേ അനുഭവം ഞങ്ങള്‍ക്കു നേരിടേണ്ടി വന്നു.

മുംബൈയില്‍ നിന്നു തന്നെയുള്ള മറ്റൊരു വിദ്യാര്‍ത്ഥിനി പറയുന്നു:

എന്റെ സുഹൃത്ത് പറഞ്ഞതു പോലെ ഇവിടുത്തെ ആളുകളുടെ ഞങ്ങളോടുള്ള മനോഭാവം വേശ്യകളോടെന്നതു പോലെയാണ്. അവര്‍ നിഫ്റ്റിലെ പെണ്‍കുട്ടികളെ പറ്റി പല കഥകളും ഉണ്ടാക്കി പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം ഞങ്ങള്‍ കണ്ടില്ലെന്ന് നടിച്ചു. എന്നാല്‍ പെട്ടെന്നാണ് നിഫ്റ്റിലെ പെണ്‍കുട്ടികള്‍ക്കു നേരെ ശാരീരികമായ ആക്രമണം ഉണ്ടാകുന്നത്. ഈ സെമസ്റ്ററില്‍ നിരവധി സംഭവങ്ങളാണ് ഉണ്ടായത്. ആദ്യമെല്ലാം തുറിച്ചു നോട്ടങ്ങള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ അത് എല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്.

കോളേജിനുള്ളില്‍ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ളത്. കഴിഞ്ഞ ദിവസം എന്റെ സുഹൃത്തിനു നേരെ ഉണ്ടായ ആക്രമണം കോളേജിന് വളരെ അടുത്തു തന്നെ വെച്ചാണ്. അക്രമികളുടെ മര്‍ദ്ദനമേറ്റ് അവള്‍ക്കു ബോധം നഷ്ടമായിരുന്നെങ്കില്‍ അവള്‍ കൂടുതല്‍ ഉപദ്രവിക്കപ്പെടുമായിരുന്നു. ഇത്ര ഗുരുതരമായ സാഹചര്യമാണ്. അതിനാലാണ് ഞങ്ങള്‍ സമരവുമായി രംഗത്തിറങ്ങിയത്.


Also Read: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷക പ്രക്ഷോഭം; നീരവ് മോദി തട്ടിയെടുത്ത ഭൂമി തിരിച്ചുപിടിക്കാന്‍ കര്‍ഷകര്‍, വീഡിയോ 


ഇത്തരം സംഭവം ആദ്യമുണ്ടായപ്പോള്‍ തന്നെ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് ഒന്നിനു പിറകെ ഒന്നായി എട്ടു സംഭവങ്ങളാണ് ഉണ്ടായത്. വിദ്യാര്‍ത്ഥിനികള്‍ക്ക് പരാതി നല്‍കാന്‍ പേടിയായിരുന്നു. കണ്ണൂരിലെ സാഹചര്യം വളരെ മോശമാണ്. നിഫ്റ്റ് വിദ്യാര്‍ത്ഥിനിയായി കണ്ണൂരില്‍ തുടരുക എന്നത് ദുഷ്‌കരമാണ്.

കണ്ണൂരിനു പുറമെ ഇന്ത്യയിലാകെ 15 നിഫ്റ്റുകളാണ് ഉള്ളത്. ഇതില്‍ ഏറ്റവും മോശം നിഫ്റ്റ് ഉള്ളത് കണ്ണൂരിലാണ്. ഇതിനു കാരണം ഇവിടുത്തെ നാട്ടുകാരാണ്. മറ്റു നിഫ്റ്റ് ക്യാംപസുകളില്‍ ഹോസ്റ്റലിലെ സമയനിയന്ത്രണം കുറവാണ്. എന്നാല്‍ കണ്ണൂരിലെ ക്യാംപസില്‍ ഏഴുമണി വരെയാണ് ഇത്.

മറ്റു നിഫ്റ്റ് ക്യാംപസുകളെ അപേക്ഷിച്ച് നാട്ടുകാര്‍ കാരണം വസ്ത്രങ്ങളില്‍ പോലും ഇവിടെ സ്വയംനിയന്ത്രണം കൊണ്ടുവരേണ്ടിവന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട എന്റെ സുഹൃത്ത് ധരിച്ചിരുന്നത് മുഴുനീളമുള്ള കുര്‍ത്തിയാണ്. എന്നിട്ടും അവള്‍ ആക്രമിക്കപ്പെട്ടു. അപ്പോള്‍ എങ്ങനെ പറയാന്‍ കഴിയും വസ്ത്രധാരണരീതിയാണ് ഈ സാമൂഹ്യവിരുദ്ധരെ പ്രകോപിപ്പിക്കുന്നത് എന്ന്?


Don”t Miss: 150 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ സ്വന്തമാക്കിയ നേട്ടം കൈവരിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 30 വര്‍ഷം; എന്നാല്‍ സാമ്പത്തിക അസമത്വത്തില്‍ ഇപ്പോഴും പിന്നിലെന്ന് നൊബേല്‍ ജേതാവ് 


ഞങ്ങള്‍ മുംബൈയില്‍ നിന്നുള്ളവരാണ്. അവിടെ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഒരാള്‍ ധരിച്ച വസ്ത്രം നോക്കി അയാളെ വിലയിരുത്തുന്ന മാനസികാവസ്ഥയല്ല ഞങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇവിടെ സുരക്ഷാകാരണങ്ങളാല്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ കഴിയുന്നില്ല.

ഞങ്ങളുടെ സമരത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരമായ പ്രിയ വാര്യര്‍ ഞങ്ങളുടെ സമരത്തെ കുറിച്ചുള്ള പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം കാണിച്ച സാമൂഹ്യദ്രോഹികള്‍ക്കെതിരെ നടപടിയാണ് ഞങ്ങള്‍ക്കാവശ്യം. ചില രാഷ്ട്രീയ പാര്‍ട്ടികളും ഞങ്ങള്‍ക്ക് പിന്തുണയറിയിച്ച് എത്തിയിരുന്നു. ഇവര്‍ ധര്‍മ്മശാലയില്‍ മീറ്റിങ് നടത്തിയിട്ടുമുണ്ട്.


തത്സമയ വാര്‍ത്തകള്‍ ലഭിക്കാനായി ഡൂള്‍ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാം – Click Here.

ഹരിപ്രസാദ്. യു

We use cookies to give you the best possible experience. Learn more