| Tuesday, 30th April 2019, 9:45 pm

'ഇടിമുറിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് കൈയും കാലും കെട്ടി മര്‍ദിക്കും'; തൃപ്പൂണിത്തറ ഘര്‍വാപ്പസി കേന്ദ്രത്തിലെ പീഡനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി യുവതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മതം മാറിയവരെയും ഇതര മതസ്ഥരുമായി പ്രണയത്തിലായവരെയും തടവിലിട്ട് പീഡിപ്പിക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിലുള്ള തൃപ്പൂണിത്തറ യോഗാ സെന്ററിനെതിരെ വെളിപ്പെടുത്തലുമായി ഘര്‍ വാപസി സെന്ററില്‍ നിന്നും രക്ഷപ്പെട്ട യുവതി. കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമമടക്കം ഉണ്ടാവുന്നതായി നിഫ ഫാത്തിമയെന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്.

യോഗാ സെന്റര്‍ നടത്തിപ്പുകാരായ മനോജ് ഗുരുജി, സുജിത്ത്, മുരളി, മധുസൂദനന്‍ എന്നിവര്‍ക്കൊപ്പം പെണ്‍കുട്ടികളെ അക്രമിക്കുന്ന ശ്രുതി, ചിത്ര എന്നീ ജീവനക്കാരെ കുറിച്ചും കുറിപ്പില്‍ വെളിപ്പെടുത്തലുണ്ട്.

”പിടിച്ചോണ്ട് വരുന്ന പെണ്‍കുട്ടികളെ ആദ്യം കൈകാര്യം ചെയ്യുന്നത് ഇവരാണ്. തടവറയില്‍ മുകളിലെ ഇടിമുറിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ച് കൈയും കാലും കെട്ടി വായില്‍ തുണി തിരുകി കയറ്റും. പിന്നെ മുഖത്തടിക്കാന്‍ തുടങ്ങും. അവര് പറയുന്നതനുസരിച്ചില്ലെങ്കില്‍ അതിക്രൂരമായ് മര്‍ദ്ദിക്കുമായിരുന്നു.” നിഫ പറയുന്നു.

”തടവറയില്‍ നിന്ന് രക്ഷപ്പെട്ട , എന്നോടൊപ്പം തടവറയില്‍ ഉണ്ടായിരുന്ന അഷിതക്ക് ഹോക്കി സ്റ്റിക്ക് കൊണ്ട് ക്രൂരമായ് മര്‍ദ്ദനമേറ്റിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് മാനസിക രോഗികളാക്കാന്‍ മരുന്ന് കൊടുക്കാറുണ്ടായിരുന്നു. പലര്‍ക്കും പല രീതികളിലായിരുന്നു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിരുന്നത്. 2 തവണ ഞാന്‍ തല കറങ്ങി വീണിരുന്നു. നിര്‍ബന്ധിച്ച് ഭാരിച്ച ജോലികള്‍ ചെയ്യിപ്പിക്കുമായിരുന്നു. എന്റെ ഇരു കൈകളും നിര്‍ബന്ധിച്ച് പണിയെടുപ്പിച്ച് പൊള്ളിക്കുകയുണ്ടായി.

ലൈംഗികമായ് പോലും പെണ്‍കുട്ടികളെ ചൂഷണം ചെയ്തിരുന്നുവെന്ന് എനിക്ക് മുമ്പ് തടവറയില്‍ അകപ്പെട്ട മറ്റ് പെണ്‍കുട്ടികള്‍ എന്നോട് പറഞ്ഞിരുന്നു. അത്തരമൊരു ശ്രമം ഞങ്ങളിലൊരാള്‍ക്ക് നേരെയും ഉണ്ടായി. ഞങ്ങള്‍ കൂട്ടത്തോടെ ബഹളം വെച്ചത് കൊണ്ട് മാത്രമാണ് അന്നവള്‍ രക്ഷപ്പെട്ടത്.

പിടിച്ചു കൊണ്ട് വരുന്ന പെണ്‍കുട്ടികളെ പ്രെഗ്നനന്‍സി ടെസ്റ്റ് നടത്താറുണ്ടായിരുന്നു, ഗര്‍ഭിണിയാണെങ്കില്‍ അലസിപ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ അലസിപ്പിച്ച കഥ പരസ്യമായ് അവര്‍ തന്നെ ഞങ്ങളോട് ഭീഷണിയുടെ സ്വരത്തില്‍ പറയുമായിരുന്നു.”

ഇസ്ലാം സ്വീകരിച്ചതിനും ക്രിസ്തുമതം സ്വീകരിച്ചതിനും ഇതരമതസ്ഥരെ പ്രണയിക്കുന്ന കാരണത്താലുമാണ് പെണ്‍കുട്ടികളെ അവിടേക്ക് പിടിച്ച് കൊണ്ട് വരുന്നത്. അവരില്‍ വിവാഹം കഴിഞ്ഞവരും കഴിയാത്തവരുമുണ്ടായിരുന്നുവെന്നും നിഫ പറയുന്നു.

യോഗാകേന്ദ്രത്തില്‍ പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തി തൃശൂര്‍ സ്വദേശിനിയായ ഡോ. ഡോ. ശ്വേതാ ഹരിദാസ് രംഗത്തെത്തിയതോടെയാണ് യോഗാ കേന്ദ്രത്തിലെ പീഡനങ്ങളെ കുറിച്ച് ആദ്യം റിപ്പോര്‍ട്ട് വന്നിരുന്നത്. ഇവരുടെ ഭര്‍ത്താവ് റിന്റോ ഐസക് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജിയില്‍ കക്ഷി ചേര്‍ന്ന് കൊണ്ട് യോഗാ സെന്ററിലെ മുന്‍ ജീവനക്കാരനും പീഡന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

We use cookies to give you the best possible experience. Learn more