ആദ്യ സിനിമ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ചെയ്യാനായിരുന്നു തന്റെ ആഗ്രഹം എന്ന് നിധിന്‍ രണ്‍ജി പണിക്കര്‍. എന്നാല്‍ താന്‍ അത് ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോയെന്ന് ദുല്‍ഖറിന് സംശയമായിരുന്നുവെന്നും അതിനാല്‍ അത് വേണ്ടെന്ന് വെക്കുകയായിരുന്നു എന്നും നിധിന്‍ പറഞ്ഞു.
ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖറുമൊത്ത് ചെയ്യാനാലോചിച്ച സിനിമയെ പറ്റി നിധിന്‍ മനസ് തുറന്നത്.
‘ആദ്യസിനിമ ദുല്‍ഖറിനെ വെച്ച് ചെയ്യണമെന്നായിരുന്നു ആഗ്രഹം. പക്ഷേ അന്നത് വര്‍ക്ക് ഔട്ടായില്ല. സെക്കന്റ് ഷോ കഴിഞ്ഞ് നില്‍ക്കുന്ന സമയമായിരുന്നു. അന്നത് താന്‍ ചെയ്താല്‍ കണ്‍വിന്‍സിംഗ് ആകുമോ എന്നൊരു സംശയം ദുല്‍ഖറിന് ഉണ്ടായിരുന്നു. അങ്ങനെയൊരു സംശയം വന്നപ്പോള്‍ നമുക്ക് വേറെ ആലോചിക്കാം എന്ന് ഞാന്‍ പറഞ്ഞു.
പിന്നെ വേറെ ആരെയും വെച്ച് ആ സിനിമ ആലോചിക്കാന്‍ പറ്റിയില്ല. വരും കാലങ്ങളില്‍ ദുല്‍ഖര്‍ ഉള്‍പ്പെടെയുള്ളവരെ വെച്ച് പടം ആലോചിക്കുന്നുണ്ട്,’ നിധിന്‍ പറഞ്ഞു.
സുരേഷ് ഗോപിയെ നായകനാക്കി സംവിധാനം ചെയ്ത കാവലാണ് നിധിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ആദ്യ സിനിമയായ കസബ പുറത്തിറങ്ങി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ചിത്രവുമായി നിധിനെത്തിയത്. രണ്‍ജി പണിക്കരും ഒരു പ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.
സുരേഷ് കൃഷ്ണ, സായാ ഡേവിഡ്, സാദിഖ്, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിട്ടു. ഛായാഗ്രഹണം നിഖില്‍ എസ്. പ്രവീണ്‍. സഞ്ജയ് പടിയൂര്‍- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, പ്രദീപ് രംഗന്‍- മേക്കപ്പ്, മോഹന്‍ സുരഭി സ്റ്റില്‍സ്.
ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചത്.