'ഇങ്ങനെയൊരു നാണക്കേട് ഒളിമ്പിക്സ് ചരിത്രത്തിലാദ്യം' തിരിച്ചടികളിൽ പ്രതികരണവുമായി അർജന്റൈൻ നായകൻ
Football
'ഇങ്ങനെയൊരു നാണക്കേട് ഒളിമ്പിക്സ് ചരിത്രത്തിലാദ്യം' തിരിച്ചടികളിൽ പ്രതികരണവുമായി അർജന്റൈൻ നായകൻ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 25th July 2024, 8:24 am

2024 പാരീസ് ഒളിമ്പിക്‌സില്‍ നടന്ന മൊറോക്കോ-അര്‍ജന്റീന മത്സരം വിവാദത്തോടെയാണ് അവസാനിച്ചത്. കഴിഞ്ഞദിവസം ഫ്രാന്‍സിലെ ജെഫ്രോയ് ഗിച്ചാർഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൊറോക്കോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്.

മത്സരത്തിന്റെ ആദ്യപകുതിയിയുടെ ഇഞ്ചുറി ടൈമില്‍ റാഹിമിയിലൂടെ മൊറോക്കോയാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് താരം രണ്ടാം ഗോളും നേടി. എന്നാല്‍ 67ാം മിനിട്ടില്‍ സിമി യോനി അര്‍ജന്റീനക്കായി ഒരു ഗോള്‍ തിരിച്ചടിക്കുകയായിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ക്രിസ്ത്യന്‍ മതേനയാണ് അര്‍ജന്റീനക്കായി സമനില ഗോള്‍ നേടുകയായിരുന്നു. ഈ ഗോളിന് പിന്നാലെയാണ് മത്സരം സമനിലയില്‍ അവസാനിച്ചെന്ന് റിസള്‍ട്ട് പുറത്തുവന്നിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ നാടകീയമായ സംഭവവികാസങ്ങള്‍ക്കാണ് മൈതാനം സാക്ഷ്യം വഹിച്ചത്. മൊറോക്കന്‍ താരങ്ങള്‍ രോഷാകുലരായി കൊണ്ട് ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ഇതോടെ മത്സരം നിര്‍ത്തിവയ്ക്കുകയും വാര്‍ പരിശോധിക്കുകയായിരുന്നു. രണ്ട് മണിക്കൂറുകള്‍ക്കു ശേഷമാണ് അര്‍ജന്റീന അവസാനം നേടിയ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധി പുറത്തുവന്നത്. ഇതോടെ മത്സരത്തില്‍ മൊറോക്കോ വിജയിക്കുകയായിരുന്നു.

മത്സരശേഷം അര്‍ജന്റൈന്‍ നായകന്‍ നിക്കോളാസ് ഒട്ടമെന്റി ഈ വിവാദപരമായ സംഭവങ്ങളെക്കുറിച്ച് നിരാശ പ്രകടിപ്പിച്ചു.

‘ഇതൊരു ചരിത്രപരമായ നാണക്കേടാണ്. ഇതുപോലെയൊന്നും ഇതുവരെ സംഭവിച്ചിട്ടില്ല. മൊറോക്കന്‍ താരങ്ങളും ഞങ്ങളും ഇത് ആഗ്രഹിച്ചില്ല. ഞങ്ങള്‍ ഒരു മണിക്കൂറും 40 മിനിട്ടും കാത്തിരുന്നു ആ സമയങ്ങളില്‍ ഞങ്ങളോട് ആരും ഒന്നും പറഞ്ഞില്ല. ഇങ്ങനെയുള്ള ഒളിമ്പിക്‌സ് ഗെയിമുകള്‍ വളരെ നിരാശാജനകമാണ്,’ ഒട്ടമെന്‍ഡി ആല്‍ബിസെലസ്റ്റെ ടോക്കിലൂടെ പറഞ്ഞു.

ഗ്രൂപ്പ് ഘട്ടത്തില്‍ അര്‍ജന്റീനക്ക് ഇനി രണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇറാഖിനെയും ഉക്രൈയ്നെയുമാണ് അര്‍ജന്റീന നേരിടുക. ജൂലൈ 27ന് ഇറാഖിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. ടൂര്‍ണമെന്റിൽ നിലനില്‍ക്കണമെങ്കില്‍ വരും മത്സരങ്ങളില്‍ നിലവിലെ ലോക ചാമ്പ്യന്മാര്‍ക്ക് മികച്ച പ്രകടനം തന്നെ നടത്തേണ്ടിവരും.

 

Content Highlight: Nicolas Otamendi React the Loss Against Morocco