| Wednesday, 3rd January 2024, 3:04 pm

ബ്രിക്സ് അംഗത്വം നിരസിച്ചത് അർജന്റീന ചെയ്ത വലിയ മണ്ടത്തരം: വെനസ്വേലൻ പ്രസിഡന്റ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

കരാക്കസ്: സമ്പദ്ഘടനയുടെ ശക്തി കൊണ്ട് മനുഷ്യരാശിയുടെ ഭാവിയെയാണ് ബ്രിക്സ് സംഘം പ്രതിനിധീകരിക്കുന്നതെന്നും സംഘടനയിൽ ചേരാൻ വിസമ്മതിച്ചതിലൂടെ അർജന്റീന സ്വന്തം കുഴി തോണ്ടിയെന്നും വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളാസ് മഡുറോ.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ അംഗങ്ങളായിട്ടുള്ള ബ്രിക്സ് സംഘടനയിൽ ജനുവരി ഒന്നിന് ഈജിപ്ത്, എത്യോപ്യ, ഇറാൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും അംഗത്വം നേടി.

അതേസമയം ബ്രിക്സിൽ അംഗത്വം നേടാൻ പദ്ധതിയിട്ട മുൻ അർജന്റീനൻ പ്രസിഡന്റ്‌ ആൽബർട്ടോ ഫെർണാണ്ടസിൽ നിന്ന് വിരുദ്ധമായി അദ്ദേഹത്തിന് ശേഷം ഡിസംബറിൽ അധികാരത്തിലെത്തിയ ജാവിയർ മിലെയ്‌ സംഘടനയിൽ ചേരാൻ വിസമ്മതിച്ചു.

അർജന്റീനക്കെതിരെ മിലെയ്‌ നടത്തിയ ഏറ്റവും മണ്ടൻ തീരുമാനമാണ് ഇതെന്ന് ലെ മോണ്ടെ ഡിപ്ലോമാറ്റിക്കെ എന്ന മാസികക്ക് നൽകിയ അഭിമുഖത്തിൽ മഡുറോ പറഞ്ഞു.

അർജന്റീനയുടെ പുതിയ പ്രസിഡന്റ് രാജ്യത്തെ 19ാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണെന്നും സാമ്രാജ്യത്വത്തിന് കുട പിടിക്കുകയാണെന്നും മഡുറോ കുറ്റപ്പെടുത്തി.

ഈ വർഷം ഒക്ടോബറിൽ റഷ്യയിൽ വെച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ വെനസ്വേലയും സ്ഥിരാംഗത്വം നേടുമെന്ന പ്രതീക്ഷകൾ മഡുറോ പങ്കുവെച്ചു.

ബ്രിക്സിന്റെ സഹായത്തോടെ കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും പുതിയ വിപണികൾ കണ്ടെത്താനും സാധിക്കുമെന്ന് മഡുറോ പറഞ്ഞു.

ബ്രിക്സ് അംഗത്വം ഈ അവസരത്തിൽ അനുചിതമാണെന്ന് അർജന്റൈൻ സർക്കാർ കരുതുന്നതായി വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നു.

Content Highlight: Nicolas Maduro has criticized Argentinian president Javier Milei for “stupidly” deciding to opt out of BRICS

We use cookies to give you the best possible experience. Learn more