| Monday, 29th January 2024, 12:59 pm

മഞ്ഞക്കടലിനുമുന്നിൽ ആറാടി ജർമൻ പടക്കോപ്പ്; ഹാലണ്ടിന്റെ നേട്ടത്തിനൊപ്പം ഇനി അവന്റെ പേരും എഴുതപ്പെടും

സ്പോര്‍ട്സ് ഡെസ്‌ക്

ബുണ്ടസ്‌ലീഗയില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിന് മിന്നും ജയം. വി.എഫ്.എല്‍ ബോച്ചുമിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ജര്‍മന്‍ വമ്പന്മാര്‍ തകര്‍ത്തുവിട്ടത്.

ഡോര്‍ട്മുണ്ടിനായി ജര്‍മന്‍ താരം നിക്കോളാസ് ഫുള്‍ബര്‍ഗ് തകര്‍പ്പന്‍ ഹാട്രിക് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിനുപിന്നാലെ ഒരു അവിസ്മരണീയ നേട്ടം സ്വന്തമാക്കാന്‍ ജര്‍മന്‍ സ്‌ട്രൈക്കര്‍ക്ക് സാധിച്ചു.

ബൊറൂസിയ ഡോര്‍ട്മുണ്ടിനായി ഫുള്‍ബര്‍ഗ് നേടുന്ന മൂന്നാമത്തെ ഹാട്രിക് ആയിരുന്നു ഇത്. നോര്‍വീജിയന്‍ സൂപ്പര്‍ താരം ഏര്‍ലിങ് ഹാലണ്ട്, ഔബമയാങ് എന്നീ താരങ്ങള്‍ നേടിയ ഹാട്രിക്കുകളുടെ എണ്ണത്തിനൊപ്പമെത്താന്‍ ഫുള്‍ബര്‍ഗിന് സാധിച്ചു.

ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ ഹോം ഗ്രൗണ്ടായ സിഗ്‌നല്‍ ഇടുനാ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ 4-2-2-2 ഇന്ന് ഫോര്‍മേഷനിലാണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. അതേസമയം 4-3-3 എന്ന ശൈലിയാണ് സന്ദര്‍ശകര്‍ പിന്തുടരുന്നത്.

മത്സരത്തില്‍ 6, 72, 90+1 എന്നീ മിനിട്ടുകളില്‍ ആയിരുന്നു ഫുള്‍ബര്‍ഗിന്റെ മൂന്നു ഗോളുകള്‍ പിറന്നത്. 45ാം മിനിട്ടില്‍ ഡോര്‍ട്മുണ്ടിന്റെ ജര്‍മന്‍ ഡിഫന്‍ഡര്‍ നിക്കോ ഷൊട്ടര്‍ബെക്കിന്റെ ഓണ്‍ ഗോളിലൂടെയായിരുന്നു സന്ദര്‍ശകര്‍ നേടിയ ഏകഗോള്‍ പിറന്നത്.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-1ന്റെ ആവേശകരമായ വിജയം ആതിഥേയര്‍ സ്വന്തം ആരാധകരുടെ മുന്നില്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ബുണ്ടസ്‌ലീഗയില്‍ 19 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും ആറ് സമനിലയും മൂന്ന് തോല്‍വിയും അടക്കം 36 പോയിന്റുമായി നാലാം സ്ഥാനത്താണ് ഡോര്‍ട്മുണ്ട്. അതേസമയം തോല്‍വിയോടെ 19 മത്സരങ്ങളില്‍ നിന്നും 20 പോയിന്റ് ആയി പതിനാലാം സ്ഥാനത്താണ് ബോച്ചും.

ബുണ്ടസ്‌ലീഗയില്‍ ഫെബ്രുവരി മൂന്നിന് ഹൈഡന്‍ഹൈമിനെതിരെയാണ് ഡോര്‍ട്മുണ്ടിന്റെ അടുത്ത മത്സരം.

Content Highlight: Niclas Fullkrug score a hatric and Borussia Dortmund won.

We use cookies to give you the best possible experience. Learn more