വിളിപ്പേര് ഛോട്ടാ മോദി; ചുമതല യു.പി.എസ്.സി ചെയര്‍മാന്‍: വിവാദങ്ങള്‍ക്കൊടുവില്‍ മനോജ് സോണി സത്യപ്രതിജ്ഞ ചെയ്തു
national news
വിളിപ്പേര് ഛോട്ടാ മോദി; ചുമതല യു.പി.എസ്.സി ചെയര്‍മാന്‍: വിവാദങ്ങള്‍ക്കൊടുവില്‍ മനോജ് സോണി സത്യപ്രതിജ്ഞ ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th May 2023, 4:54 pm

ന്യൂദല്‍ഹി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ യു.പി.എസ്.സിയുടെ ചെയര്‍മാനായി മനോജ് സോണി ചുമതലയേറ്റു. 2017ലാണ് സോണി യു.പി.എസ്.സി അംഗമായി ചുമതലയേറ്റത്. 2022 ഏപ്രില്‍ അഞ്ച് മുതല്‍ ചെയര്‍മാന്റെ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് മനോജ് സോണിയാണ്.

എന്നാല്‍ മനോജ് സോണി ബി.ജെ.പി അനുകൂലി കൊണ്ടാണ് യു.പി.എസ്.സി ചുമതല നല്‍കിയതെന്ന വിമര്‍ശനങ്ങള്‍ അന്ന് മുതല്‍ ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ പ്രസംഗം എഴുതിയിരുന്നയാളാണ് മനോദ് സോണി. മോദിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് അദ്ദേഹത്തെ ഛോട്ടാ മോദി എന്നും വിളിച്ചിരുന്നതായാണ് 2022ലെ റിപ്പോര്‍ട്ടില്‍ ദി വയര്‍ പറയുന്നത്‌.

‘ഇന്‍ സേര്‍ച്ച് ഓഫ് എ തേര്‍ഡ് സ്‌പേസ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ 2002ലെ ഗുജറാത്ത് കലാപത്തെ വികലമാക്കിയെന്നും ഹിന്ദുത്വക്ക് അനുകൂലമായാണ് എഴുതിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യു.പി.എസ്.സി ചെയര്‍പേഴ്‌സണ്‍ ആകേണ്ട അക്കാദമിക് യോഗ്യത അദ്ദേഹത്തിനില്ലെന്നും ബി.ജെ.പി അനുകൂലിയാണെന്നതാണ് ആകെയുള്ളതെന്നുമുള്ള വിമര്‍ശനങ്ങളാണ് പ്രധാനമായും ഉയര്‍ന്ന് വന്നത്.

കമ്മീഷനെ ബി.ജെ.പിയുടെ വരുതിയിലാക്കാനുള്ള ആസൂത്രിത നീക്കമാണിതെന്നാണ്‌ അന്ന് ദല്‍ഹി സര്‍വകലാശാല പ്രൊഫസറും എഴുത്തുകാരനുമായ അപൂര്‍വാനന്ദ് ആരോപിച്ചിരുന്നു.

യു.പി.എസ്.സിയിലെ മുതിര്‍ന്ന അംഗമായ സ്മിത നാഗരാജാണ് സോണിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. യു.പി.എസ്.സിയില്‍ ആകെ 20 അംഗങ്ങളാണ് ഉണ്ടായിരിക്കുക.

നേരത്തെ മൂന്ന് തവണ വൈസ് ചാന്‍സിലറായി സേവനമനുഷ്ഠിച്ചയാളാണ് സോണി. രണ്ട് തവണ ബാബാസാഹേബ് അംബേദ്ക്കര്‍ ഓപ്പണ്‍ സര്‍വകലാശാല ഗുജറാത്ത്, യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ എന്നിവിടങ്ങളിലാണ് അദ്ദേഹം വൈസ് ചാന്‍സലറായി പ്രവര്‍ത്തിച്ചത്.

content highlight: Nickname Chhota Modi; Incumbent UPSC Chairman: Manoj Soni sworn in after controversy