| Monday, 4th May 2020, 12:31 pm

അന്ന് നദാലിന്റെ നെഞ്ചിലേക്ക് പന്തടിച്ചു, ഇന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലേക്ക് ക്ഷണം; നദാലിന് ടെന്നിസ് കോര്‍ട്ടിലെ 'ചീത്തക്കുട്ടി'യുടെ ക്ഷണം

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ലോക രണ്ടാം നമ്പര്‍ ടെന്നീസ് താരം റാഫേല്‍ നദാലിനെ ഇന്‍സ്റ്റഗ്രാം ലൈവിലേക്ക് ക്ഷണിച്ച് ഓസീസ് താരവും നദാലുമായി പലതവണ കോര്‍ട്ടില്‍ പോരടിക്കുകയും ചെയ്ത നിക്ക് കിര്‍ഗിയോസ്. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ടെന്നീസ് മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്.

ഇതിനിടെയാണ് നദാലിന് കിര്‍ഗിയോസിന്റെ ക്ഷണം. ലോകത്തെമ്പാടുമുള്ള പല കായികതാരങ്ങളും സോഷ്യല്‍ മീഡിയ ലൈവ് വഴി ആരാധകരോട് സംവദിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇതിഹാസതാരം റോജര്‍ ഫെഡററും നദാലും ലൈവിലെത്തിയിരുന്നു.

ഇതിന് പിന്നാലെ നദാലും കിര്‍ഗിയോസും ഒന്നിച്ച് ലൈവില്‍ വരണമെന്ന് ബിബിസി അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് സമ്മതമറിയിച്ച് കിര്‍ഗിയോസ് രംഗത്തെത്തിയത്.

‘റാഫാ വരൂ, നമുക്കൊരുമിച്ചൊരു ഇന്‍സ്റ്റഗ്രാം ലൈവ് ചെയ്യാം’, കിര്‍ഗിയോസ് പറഞ്ഞു.

കളിക്കളത്തില്‍ മത്സരിച്ചപ്പോഴെല്ലാം പരസ്പരം പോരടിച്ചവരാണ് നദാലും കിര്‍ഗിയോസും. ടെന്നിസ് കോര്‍ട്ടിലെ ‘ചീത്തക്കുട്ടി’യെന്ന പേര് ലഭിച്ച താരമാണ് ഇരുപത്തിനാലുകാരനായ കിര്‍ഗിയോസ്.

കളത്തിലെ മോശം പെരുമാറ്റത്തിന് ഏറ്റവും വലിയ തുക പിഴയായൊടുക്കിയ താരം കൂടിയാണ് നിക്കി കിര്‍ഗിയോസ്. ചെയര്‍ അംപയറെ ചീത്ത വിളിക്കുകയും 2 റാക്കറ്റുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതിന് 81 ലക്ഷം രൂപയോളമാണ് താരത്തിന് പിഴ ലഭിച്ചത്.

കഴിഞ്ഞ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് മത്സരത്തിനിടെ നദാലിന്റെ നെഞ്ചിലേക്ക് അപകടകരമായി പന്തടിച്ച് കിര്‍ഗിയോസ് വിവാദത്തിലായിരുന്നു. നദാല്‍ റാക്കറ്റുകൊണ്ട് കഷ്ടിച്ച് പന്ത് തട്ടിയകറ്റുകയായിരുന്നു.

താനത് മനപ്പൂര്‍വം ചെയ്തതാണെന്നും മാപ്പ് പറയില്ലെന്നും കിര്‍ഗിയോസ് പിന്നീട് വ്യക്തമാക്കി. ”അയാള്‍ എത്ര ഗ്രാന്റ്സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്? എന്തുമാത്രം പണമുണ്ട്. നെഞ്ചില്‍ ഒരു പന്തുകൊണ്ടാലും കുഴപ്പമൊന്നുമില്ല” – എന്നായിരുന്നു കിര്‍ഗിയോസിന്റെ വാദം.

അപകടകരമായ ഷോട്ടായിരുന്നു അതെന്നും ലൈന്‍ റഫറിക്കോ കാണികള്‍ക്കോ വരെ പരിക്കേല്‍ക്കാമായിരുന്നു എന്നും നദാല്‍ ആ സംഭവത്തില്‍ പ്രതികരിച്ചിരുന്നു.

അഞ്ചുവര്‍ഷം മുമ്പ്, 19-കാരനായിരുന്ന കിര്‍ഗിയോസ് അന്ന് ലോക ഒന്നാം നമ്പറായിരുന്ന നദാലിനെ സെന്റര്‍ കോര്‍ട്ടില്‍ അട്ടിമറിച്ചിരുന്നു.

എന്നാല്‍ ഓസ്‌ട്രേലിയയെ കനത്ത പ്രതിസന്ധിയിലേക്ക് നയിച്ച ബുഷ്ഫയര്‍ കാട്ടുതീയുടെ സമയത്ത് കിര്‍ഗിയോസ് സഹായവുമായി മുന്‍പന്തിയിലുണ്ടായിരുന്നു. കൊവിഡ് വൈറസ് കാലത്ത് ജോലി നഷ്ടപ്പെടുകയോ വരുമാനം ഇല്ലാതാകുകയോ ചെയ്തതിന്റെ പേരില്‍ ആരെങ്കിലും പട്ടിണി കിടക്കുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ തയ്യാറാണെന്നും കിര്‍ഗിയോസ് പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more