സെര്‍ബിയ: കൊവിഡ് മാനദണ്ഡം ലംഘിച്ച് ടെന്നീസ് മത്സരം സംഘടിപ്പിച്ച ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ്, ബ്രിട്ടന്റെ ആന്‍ഡി മുറെ എന്നിവര്‍ ജ്യോകോവിച്ചിന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തി.
ജ്യോകോവിച്ചിന്റേത് മണ്ടന്‍ തീരുമാനമാണെന്ന് കിര്‍ഗിയോസ് പറഞ്ഞു. അതേസമയം ഇത്രയധികം ടെന്നീസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ അത്ഭുതമില്ലെന്ന് ആന്‍ഡി മുറെ പ്രതികരിച്ചു.
Prayers up to all the players that have contracted Covid – 19. Don’t @ me for anything I’ve done that has been ‘irresponsible’ or classified as ‘stupidity’ – this takes the cake. https://t.co/lVligELgID
— Nicholas Kyrgios (@NickKyrgios) June 23, 2020
‘ആ മത്സരത്തിന്റേയും അതിന് ശേഷവുമുള്ള ദൃശ്യങ്ങള്‍ കണ്ടാല്‍ എനിക്കതില്‍ വലിയ അത്ഭുതം തോന്നുന്നില്ല. സാമൂഹ്യ അകലം പാലിക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ല’, മുറെ പറഞ്ഞു.
അഡ്രിയാ ടൂര്‍ ടെന്നീസില്‍ ഒഴിവാക്കാന്‍ പാടില്ലാത്തതായിരുന്നുവെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നിങ്ങളാരാണെന്നും എന്താണെന്നും കൊറോണ വൈറസിന് അറിയേണ്ട കാര്യമില്ല. നമ്മള്‍ അതിനെ പരിഗണിക്കുകയും നിയമങ്ങള്‍ പാലിക്കുകയും വേണം’, മുറെ പറഞ്ഞു.
ജ്യോകോവിച്ചിന്റെ തീരുമാനം നന്നായില്ലെന്നും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ജ്യോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചത്. ഔദ്യോഗിക പ്രസ്താവനയിലൂടെ ജ്യോകോവിച്ച് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.