ഇന്നലെ നടന്ന ടി-20 ലോകകപ്പ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസിന് 104 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. ബ്യുസേജര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ വെറും 114 റണ്‍സിനാണ് അഫ്ഗാന്‍ പട വിന്‍ഡീസിന് മുന്നില്‍ മുട്ട് കുത്തിയത്. വിന്‍ഡീസിന് വേണ്ടി നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 53 പന്തില്‍ എട്ട് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 98 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 184.91 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതോടെ വമ്പന്‍ റെക്കോഡുകളാണ് താരത്തിന് നേടാന്‍ സാധിച്ചത്. പൂരന്‍ ഒരു ഓവറില്‍ അസ്മത്തുള്ളയെ 36 റണ്‍സ് അടിച്ച് റെക്കോഡ് ലിസ്റ്റില്‍ തന്റെ പേര് കുറിച്ചിരുന്നു. വിന്‍ഡീസിന് വേണ്ടി ടി-20 ഇന്റര്‍നാഷണലില്‍ 2000 റണ്‍സ് തികക്കാനും ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ (128) അടിക്കാനും താരത്തിന് സാധിച്ചു. സിക്‌സര്‍ ലിസ്റ്റില്‍ ക്രിസ് ഗെയ്‌ലിനെ മറികടക്കാനും താരത്തിന് സാധിച്ചിരുന്നു.
മത്സര ശേഷം നിക്കോളാസ് പൂരന്‍ ഗെയ്‌ലിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരുന്നു. വിന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ ടി-20ഐ സിക്‌സറുകള്‍ നേടിയ ഗെയ്‌ലിന്റെ റെക്കോഡ് മറികടന്ന ശേഷമാണ് താരം സംസാരിച്ചത്. മാത്രമല്ല ഗെയ്ല്‍ ലോകത്തെ മികച്ച ടി-20 താരമാണെന്നും പൂരന്‍ പറഞ്ഞു.
‘അവന്‍ (ഗെയ്ല്‍) നിര്‍ത്തിയ ഇടത്ത് എനിക്ക് തുടരാനാകുമെന്നതില്‍ സന്തോഷമുണ്ട്. അവന്‍ ഞങ്ങള്‍ക്കായി വലിയ പ്ലാറ്റ്‌ഫോം സജ്ജമാക്കി. ടി-20 ക്രിക്കറ്റിലെ ബാറ്റിങ്ങിന്റെ നിര്‍വചനം അദ്ദേഹമാണ്. ആളുകളെ രസിപ്പിക്കാനും അവന്‍ പോയ ഇടം ഏറ്റെടുക്കാനും എനിക്ക് തുടരാനാകുമെന്നതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്,’നിക്കോളാസ് പൂരന്‍ പറഞ്ഞു.