ജഡേജയും യുവരാജും 3D താരങ്ങളാണെങ്കില്‍ ഇവന്‍ 5D ആണ്; ഇവന്‍ ചെയ്യാന്‍ സാധിക്കാത്തതായി ഒന്നും ഇല്ലേ?; ക്രിക്കറ്റിന്റെ സമസ്ത മേഖലയും അടക്കിഭരിച്ച് പൂരന്‍
Sports News
ജഡേജയും യുവരാജും 3D താരങ്ങളാണെങ്കില്‍ ഇവന്‍ 5D ആണ്; ഇവന്‍ ചെയ്യാന്‍ സാധിക്കാത്തതായി ഒന്നും ഇല്ലേ?; ക്രിക്കറ്റിന്റെ സമസ്ത മേഖലയും അടക്കിഭരിച്ച് പൂരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th June 2022, 8:07 pm

വെസ്റ്റ് ഇന്‍ഡീസ് – പാകിസ്ഥാന്‍ ഏകദിന പരമ്പരയില്‍ കരീബിയന്‍ പടയ്ക്ക് ഇതുവരെ കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. കളിച്ച രണ്ട് മത്സരത്തിലും തോറ്റ് പരമ്പര പാകിസ്ഥാന് മുമ്പില്‍ അടിയറ വെച്ചിരിക്കുകയാണ്.

എന്നാല്‍ മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെ പോലും അമ്പരപ്പിച്ച പ്രകടനമാണ് വിന്‍ഡീസ് സ്‌കിപ്പര്‍ നിക്കോളാസ് പൂരന്‍ പുറത്തെടുത്തത്. ക്രിക്കറ്റിന്റെ സമസ്ത മേഖലയെയും തന്റെ കാല്‍ക്കീഴിലാക്കുന്ന പ്രകടനമാണ് താരമിപ്പോള്‍ കാഴ്ചവെച്ചത്.

സാധാരണയായി ഫീല്‍ഡിംഗില്‍ മികച്ചു നില്‍ക്കുന്ന ഓള്‍ റൗണ്ടറെ 3D താരങ്ങള്‍ എന്നുവിളിക്കാറുണ്ട്. രവീന്ദ്ര ജഡേജയും യുവരാജ് സിംഗുമെല്ലാം തന്നെ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച 3D താരങ്ങളാണ്. എന്നാല്‍ ഇപ്പോള്‍ പൂരന്റെ 5D പ്രകടനത്തിനാണ് ക്രിക്കറ്റ് ലോകം സാക്ഷിയായിരിക്കുന്നത്.

ബാറ്ററായും ക്ലാസിക് ഫീല്‍ഡറായും പൂരന്‍ ഇതിനോടകം തന്നെ പേരെടുത്തു കഴിഞ്ഞിട്ടുണ്ട്. നിലിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയിലുംതാരം സ്ഥാനം പിടിക്കുമെന്ന് നിസ്സംശയം പറയാം. ക്യാപ്റ്റനായും താരം മികവ് പുലര്‍ത്തിയിട്ടുണ്ട്.

എന്നാലിപ്പോള്‍ ബൗളിംഗിലും ആസാധ്യ പ്രകടനമാണ് പൂരന്‍ പുറത്തെടുത്തിരിക്കുന്നത്. പാകിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് താരം ബൗളിംഗിലും തിളങ്ങിയത്.

10 ഓവറില്‍ 4.8 എക്കോണമിയില്‍ 48 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് പൂരന്‍ സ്വന്തമാക്കിയത്.

ക്രിക്കറ്റിന്റെ എല്ലാ കോംബിനേഷനിലും ഇത്തരത്തില്‍ സമഗ്രാധിപത്യം പുലര്‍ത്തിയ മറ്റ് താരങ്ങളുണ്ടോ എന്ന കാര്യത്തില്‍ പോലും സംശയമാണ്.

മികച്ച രീതിയില്‍ ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പുണ്ടായ ഫഖര്‍ സമാനെ വീഴ്ത്തിയായിരുന്നു പൂരന്റെ തുടക്കം. ലോകത്തിലെ തന്നെ മികച്ച ഓപ്പണര്‍മാരില്‍ ഒരാളെ ക്ലീന്‍ ബൗള്‍ഡാക്കി പൂരന്‍ പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ടീം സ്‌കോര്‍ 113ല്‍ നില്‍ക്കവെയായിരുന്നു പൂരന്റെ അടുത്ത വിക്കറ്റ്. ഇമാം ഉള്‍ ഹഖായിരുന്നു ഇത്തവണത്തെ ഇര. രണ്ട് പന്തിന് ശേഷം ഇന്‍ ഫോം ബാറ്റര്‍ മുഹമ്മദ് റിസ്വാനെ പുറത്താക്കിയായിരുന്നു താരത്തിന്റെ അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ്.

ഇരുപത്തഞ്ചാം ഓവറിലെ നാലാം പന്തില്‍ തന്റെ നാലാം വിക്കറ്റും സ്വന്തമാക്കിയായിരുന്നു പൂരന്‍ സ്‌പെല്‍ അവസാനിപ്പിച്ചത്. മുഹമ്മദ് ഹാരിസിനെ ഡക്കാക്കിയാണ് താരം മടക്കിയയച്ചത്.

നിലവില്‍ 33 ഓവര്‍ പിന്നിടുമ്പോള്‍ 155 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലാണ് പാകിസ്ഥാന്‍.

 

Content Highlight: Nicholas Pooran Stuns Pakistan with his Bowling