| Sunday, 29th September 2024, 9:14 am

എന്തൊരു അടിയാണ് പൂരാ... കരീബിയന്‍ കൊടുങ്കാറ്റില്‍ പാറിപ്പോയി പാകിസ്ഥാന്‍ സൂപ്പര്‍ താരം, ആരുണ്ട് ഇവനെ വെട്ടാന്‍?

സ്പോര്‍ട്സ് ഡെസ്‌ക്

കരിബീയന്‍ പ്രീമിയര്‍ ലീഗിലെ ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് – ബാര്‍ബഡോസ് റോയല്‍സ് മത്സരത്തില്‍ ചരിത്രം കുറിച്ച് വിന്‍ഡീസ് വെടിക്കെട്ട് വീരന്‍ നിക്കോളാസ് പൂരന്‍. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 27 റണ്‍സ് നേടിയതിന് പിന്നാലെയാണ് ടി-20 ചരിത്രത്തിലെ തകര്‍പ്പന്‍ റെക്കോഡ് പൂരന്‍ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്റെ റെക്കോഡ് തകര്‍ത്തായിരുന്നു പൂരന്റെ വെടിക്കെട്ട്.

2024ല്‍ ഇതുവരെ കളിച്ച 66 മത്സരത്തില്‍ നിന്നും 2059 റണ്‍സാണ് പൂരന്‍ സ്വന്തമാക്കിയത്. സി.പി.എല്ലിലടക്കം താരത്തിന് മത്സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. 2021ല്‍ റിസ്വാന്‍ കുറിച്ച 2036 റണ്‍സാണ് ഇതോടെ പഴങ്കഥയായത്.

റോയല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് റണ്‍സ് നേടിയതേടെയാണ് പൂരന്‍ റിസ്വാനെ മറികടന്നത്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

നിക്കോളാസ് പൂരന്‍ – 65 – 2059 – 2024*

മുഹമ്മദ് റിസ്വാന്‍ – 48 – 2036 – 2021

അലക്‌സ് ഹേല്‍സ് – 61 – 1946 – 2022

ജോസ് ബട്‌ലര്‍ – 56 – 1833 – 2023

മുഹമ്മദ് റിസ്വാന്‍ – 44 – 1817 – 2022

160.85 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലും 42.02 ശരാശരിയിലുമാണ് പൂരന്‍ ഈ വര്‍ഷം റണ്ണടിച്ചുകൂട്ടുന്നത്. 14 അര്‍ധ സെഞ്ച്വറി തന്റെ പേരിന് നേരെ കുറിച്ച താരത്തിന്റെ 2024ലെ ഉയര്‍ന്ന സ്‌കോര്‍ 98 ആണ്. 152 സിക്‌സറും 139 ഫോറും ഈ വര്‍ഷം താരം സ്വന്തമാക്കിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസ് ദേശീയ ടീമിന് പുറമെ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സ് (എസ്.എ 20), ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് (ഐ.പി.എല്‍), എം.ഐ ന്യൂയോര്‍ക് (എം.എല്‍.സി), എം.ഐ എമിറേറ്റ്‌സ് (ഐ.എല്‍. ടി-20), നോര്‍തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്‌സ് (ദി ഹണ്‍ഡ്രഡ്), രംഗപൂര്‍ റൈഡേഴ്‌സ് (ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്) ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് (സി.പി.എല്‍) എന്നിവര്‍ക്ക് വേണ്ടിയാണ് പൂരന്‍ ഈ വര്‍ഷം ബാറ്റെടുത്തതത്.

ഈ വര്‍ഷം ഏറ്റവുമധധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയിലും പൂരന്‍ തന്നെയാണ് ഒന്നാമന്‍. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള പ്രോട്ടിയാസ് വെടിക്കെട്ട് വീരന്‍ റീസ ഹെന്‍ഡ്രിക്‌സിനെക്കാള്‍ അഞ്ഞൂറിലധികം റണ്‍സാണ് പൂരന്റെ പേരിലുള്ളത്.

2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

നിക്കോളാസ് പൂരന്‍ – 65 – 2059

റീസ ഹെന്‍ഡ്രിക്‌സ് – 57 – 1555

ബാബര്‍ അസം – 35 – 1480

ട്രാവിസ് ഹെഡ് – 39 – 1442

ഫാഫ് ഡു പ്ലെസി – 44 – 1424

ക്വിന്റണ്‍ ഡി കോക്ക് – 54 – 1417

ഇതിന് പുറമെ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമെന്ന ഗെയ്‌ലിന്റെ റെക്കോഡ് നേരത്തെ തകര്‍ത്ത പൂരന്‍ തന്റെ വെടിക്കെട്ട് തുടരുകയാണ്. ഈ വര്‍ഷം ഇതിനോടകം തന്നെ 150ലധികം സിക്‌സര്‍ താരം പറത്തി കഴിഞ്ഞു. ഫോറിനേക്കാള്‍ അധികം ബൗണ്ടറികളാണ് താരത്തിന്റെ പേരിലുള്ളത്.

ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരങ്ങള്‍

(താരം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

നിക്കോളാസ് പൂരന്‍ – 152 – 2024

ക്രിസ് ഗെയ്ല്‍ – 135 – 2015

ക്രിസ് ഗെയ്ല്‍ – 121 – 2012

ക്രിസ് ഗെയ്ല്‍ – 116 – 2011

ക്രിസ് ഗെയ്ല്‍ – 112 – 2016

അതേസമയം, റോയല്‍സിനെതിരായ മത്സരത്തിലും നൈറ്റ് റൈഡേഴ്‌സ് വിജയിച്ചിരുന്നു. 30 റണ്‍സിന്റെ വിജയമാണ് പൊള്ളാര്‍ഡും സംഘവും സ്വന്തമാക്കിയത്. ഈ വിജയത്തോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറാനും ടീമിനായി.

നാളെയാണ് സി.പി.എല്ലില്‍ നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗയാന ആമസോണ്‍ വാറിയേഴ്‌സാണ് എതിരാളികള്‍.

Content Highlight: Nicholas Pooran smashes Mohammed Rizwan’s all time T20 record

Latest Stories

We use cookies to give you the best possible experience. Learn more