ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ ഇന്ത്യ അടിയറവ് പറഞ്ഞിരിക്കുകയാണ്. ടെസ്റ്റ് പരമ്പരക്കും ഏകദിന പരമ്പരക്കും ശേഷം ടി-20 പരമ്പരയും സ്വന്തമാക്കി പര്യടനം വൈറ്റ് വാഷ് ചെയ്യാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിയാണ് വിന്‍ഡീസ് ടി-20 പരമ്പര പിടിച്ചടിക്കിയത്.
വിന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരനാണ് അക്ഷരാര്‍ത്ഥത്തില്‍ പരമ്പര കരീബിയന്‍സിന് അനുകൂലമാക്കിയത്. പരമ്പരയിലെ അഞ്ച് മത്സരത്തിലും പൂരന്‍ വിന്‍ഡീസ് നിരയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും പൂരന്‍ തന്നെയായിരുന്നു.
മറ്റെല്ലാ മത്സരത്തിലേതെന്ന പോലെ കഴിഞ്ഞ ദിവസം നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തിലും പൂരന്‍ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരുന്നു. അര്‍ഹതപ്പെട്ട അര്‍ധ സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ വെച്ച് താരം തിലക് വര്‍മക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.
35 പന്തില്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടെ 47 റണ്‍സായിരുന്നു പൂരന്‍ നേടിയത്. 134.29 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചത്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയുടെ ഓവറിലാണ് പൂരന്‍ രണ്ട് സിക്‌സറുകള്‍ പറത്തിയത്. ഹര്‍ദിക്കിന്റെ വെല്ലുവിളിക്കുള്ള മറുപടിയെന്നോണമാണ് താരം സിക്‌സറുകള്‍ നേടിയത്.
മൂന്നാം ടി-20ക്ക് ശേഷമാണ് ഹര്‍ദിക് നിക്കോളാസ് പൂരനെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. പൂരന് മികച്ച പ്രകടനം കാഴ്ചവെക്കണം എന്നുണ്ടെങ്കില്‍ തന്റെ പന്തില്‍ അടിക്കട്ടെ എന്നായിരുന്നു പാണ്ഡ്യ പറഞ്ഞത്. ആ മത്സരത്തില്‍ 12 പന്തില്‍ നിന്നും 20 റണ്‍സായിരുന്നു പൂരന്‍ നേടിയത്.
പാണ്ഡ്യയുടെ വെല്ലുവിളിക്ക് പൂരന്‍ മറുപടി നല്‍കിയത് നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തിലുമായിരുന്നു. ഹര്‍ദിക്കിന്റെ സ്ലെഡ്ജിങ് ഏതായാലും കുറിക്ക് കൊണ്ടു എന്നാണ് ആരാധകര്‍ പറയുന്നത്.
ഈ പരമ്പരയില്‍ 35.2 എന്ന ശരാശരിയിലും 141.93 എന്ന സ്‌ട്രൈക്ക് റേറ്റിലും 176 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഓഗസ്റ്റ് 17ന് നടക്കുന്ന കരീബിയന്‍ പ്രീമിയര്‍ ലീഗാണ് ഇനി പൂരന് മുമ്പിലുള്ളത്. ഓഗസ്റ്റ് 19നാണ് ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ് താരമായ പൂരന്‍ സി.പി.എല്ലില്‍ തന്റെ ആദ്യ മത്സരത്തിനിറങ്ങുന്നത്. സെന്റ് കീറ്റ്‌സ് ആന്‍ഡ് നെവിസ് പേട്രിയറ്റ്‌സാണ് എതിരാളികള്‍.
Content highlight: Nicholas Pooran smashed 2 sixes against Hardik Pandya