ഐ.പി.എല്‍ 2023ലെ 58ാം മത്സരത്തിനാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ലഖ്‌നൗ സൂപ്പര്‍ കിങ്‌സായിരുന്നു ഹോം ടീമിന്റെ എതിരാളികള്‍.
മത്സരത്തില്‍ ടോസ് നേടിയ ഓറഞ്ച് ആര്‍മി നായകന്‍ ഏയ്ഡന്‍ മര്‍ക്രം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
മികച്ച തുടക്കമല്ല ടീമിന് ലഭിച്ചതെങ്കില്‍ കൂടിയും മധ്യനിരയില്‍ മികച്ച പ്രകടനത്തിന് പിന്നാലെ മാന്യമായ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സണ്‍റൈസേഴ്‌സിന് സാധിച്ചിരുന്നു. ഹെന്റിച്ച് ക്ലാസന്റെയും അബ്ദുള്‍ സമദിന്റെയും അന്‍മോല്‍പ്രീത് സിങ്ങിന്റെയും ഇന്നിങ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് സണ്‍റൈസേഴ്‌സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്‌സിന് വെടിക്കെട്ട് വീരന്‍ കൈല്‍ മയേഴ്‌സിനെ തുടക്കത്തിലേ നഷ്ടമായിരുന്നു. 14 പന്തില്‍ നിന്നും വെറും രണ്ട് റണ്‍സ് മാത്രം നേടിയാണ് മയേഴ്‌സ് പുറത്തായത്.
വണ്‍ ഡൗണായെത്തിയ പ്രേരക് മന്‍കാദും നാലാമനായി കളത്തിലിറങ്ങിയ മാര്‍കസ് സ്റ്റോയിനിസും സ്‌കോര്‍ ഉയര്‍ത്തി. മന്‍കാദ് 64 റണ്ണടിച്ചപ്പോള്‍ സ്‌റ്റോയിനിസ് 40 റണ്‍സാണ് നേടിയത്.
സ്‌റ്റോയിനിസ് പുറത്തായതിന് പിന്നാലെ കളത്തിലെത്തിയത് വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം നിക്കോളാസ് പൂരനായിരുന്നു. കരീബിയന്‍ ദ്വീപുകളുടെ ആക്രമണോത്സുകത ക്രിക്കറ്റിനായിരുന്നു ഹൈദരാബാദ് ശേഷം സാക്ഷ്യം വഹിച്ചത്.
ക്രീസിലെത്തിയ ആദ്യ പന്ത് മുതല്‍ വെടിക്കെട്ട് തുടങ്ങിയ പൂരന്‍ 13 പന്തില്‍ നിന്നും 44 റണ്‍സാണ് അടിച്ചുകൂട്ടിയത്. നാല് സിക്‌സറും മൂന്ന് ബൗണ്ടറിയുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 338.46 എന്ന തകര്‍പ്പന്‍ റണ്‍റേറ്റിലാണ് പൂരന്‍ വെടിക്കെട്ട് നടത്തിയത്.
അഭിഷേക് ശര്‍മയെറിഞ്ഞ 16ാം ഓവറില്‍ തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയാണ് പൂരന്‍ തുടങ്ങിയത്. ഓവറിലെ ആദ്യ രണ്ട് പന്തിലും മാര്‍കസ് സ്റ്റോയിന്‍സ് സിക്‌സര്‍ നേടിയിരുന്നു. ഓവറിലെ മൂന്നാം പന്തില്‍ സ്‌റ്റോയിനിസിനെ മടക്കിയപ്പോള്‍ കൊടുങ്കാറ്റാണ് ഇനി ക്രീസിലെത്താനുള്ളതെന്ന് സണ്‍റൈസേഴ്‌സ് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിരുന്നില്ല.
16ാം ഓവറിലെ നാലാം പന്തില്‍ മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സര്‍ പറത്തിയാണ് പൂരന്‍ തുടങ്ങിയത്. ഫുള്‍ ലെങ്ത്തിലെറിഞ്ഞ തൊട്ടടുത്ത പന്തില്‍ വീണ്ടും സികസര്‍ പിറന്നതോടെ എല്‍.എസ്.ജി ഡഗ് ഔട്ട് ആവേശത്തിലായി. ഓവറിലെ അവാസന പന്ത് മിഡ് വിക്കറ്റിന് മുകളിലൂടെ വീണ്ടും പറന്നപ്പോള്‍ 31 റണ്‍സാണ് ആ ഓവറില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത്.
12 മത്സരത്തില്‍ നിന്നും 29.20 എന്ന ശരാശരിയില്‍ 292 റണ്‍സാണ് പൂരന്‍ ഇതിനോടകം നേടിയത്. 173.80 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റാണ് താരത്തിനുള്ളത്.
Content Highlight: Nicholas Pooran’s brilliant knock against SRH