കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സ്. കഴിഞ്ഞ ദിവസം ക്വീന്‍സ് പാര്‍ക് ഓവലില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിന്റെ വിജയമാണ് നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സിന് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ആദ്യ പ്രഹരമേറ്റിരുന്നു. നാല് പന്തില്‍ ആറ് റണ്‍സ് നേടിയ മാര്‍ക് ഡെയലിന്റെ വിക്കറ്റാണ് ട്രിബാംഗോക്ക് നഷ്ടമായത്. വണ്‍ ഡൗണായി സൂപ്പര്‍ താരം നിക്കോളാസ് പൂരനാണ് കളത്തിലിറങ്ങിയത്.
ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്ലിനെ കൂട്ടുപിടിച്ച് നിക്കോളാസ് പൂരന്‍ സ്‌കോര്‍ ഉയര്‍ത്തി. പൂരന്‍ – ഗപ്ടില്‍ കോംബോയില്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിച്ചുതുടങ്ങിയതോടെ ബാര്‍ബഡോസ് പരുങ്ങലിലായി. എന്നാല്‍ ടീം സ്‌കോര്‍ 76ല്‍ നില്‍ക്കവെ റകീം കോണ്‍വാള്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 30 പന്തില്‍ 37 റണ്‍സ് നേടിയ ഗപ്ടിലിനെ വിക്കറ്റ് കീപ്പര്‍ റിവാള്‍ഡോ ക്ലാര്‍ക് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു.
നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് രണ്ട് പന്തില്‍ രണ്ട് റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഏഴ് പന്തില്‍ എട്ട് റണ്‍സുമായി ലോര്‍കന്‍ ടക്കറും പുറത്തായി.
എന്നാല്‍ ഇതൊന്നും പൂരനെ ബാധിച്ചിരുന്നില്ല. മറുവശത്ത് താരം റണ്‍സടിച്ചുകൂട്ടിക്കൊണ്ടേയിരുന്നു. മധ്യനിരയില്‍ ആന്ദ്രേ റസല്‍ ക്രീസിലെത്തിയതോടെ കരീബിയന്‍ സ്‌റ്റോമാണ് ഓവലില്‍ കണ്ടത്. ബാര്‍ബഡോസ് ബൗളര്‍മാരെ അടിച്ചുകൂട്ടാന്‍ ഇരുവരും മത്സരിച്ചു.
ടീം സ്‌കോര്‍ 106ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് 188ാം റണ്‍സിലാണ് പിരിയുന്നത്. 22 പന്തില്‍ 39 റണ്‍സ് നേടിയ റസലിനെ മടക്കി ഹോള്‍ഡര്‍ തിരിച്ചടിച്ചു.
എന്നാല്‍ റസല്‍ മടങ്ങിയപ്പോഴും പൂരന് ഒരു കുലുക്കവുമുണ്ടായിരുന്നില്ല. അകീല്‍ ഹൊസൈനെ ഒരു വശത്ത് കാഴ്ചക്കാരനാക്കി ആകാശം തൊട്ട് സിക്‌സറുകള്‍ പറന്നുകൊണ്ടേയിരുന്നു. ഒടുവില്‍ 51ാം പന്തില്‍ ബൗണ്ടറിയടിച്ച് പൂരന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. സി.പി.എല്ലിലെയും ടി-20യിലെയും താരത്തിന്റെ രണ്ടാം സെഞ്ച്വറി നേട്ടമാണിത്.
പത്ത് സിക്‌സറും അഞ്ച് ബൗണ്ടറിയുമായി 53 പന്തില്‍ 102 റണ്‍സാണ് പൂരന്‍ നേടിയത്.
ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന് നൈറ്റ് റൈഡേഴ്‌സ് പോരാട്ടം അവസാനിപ്പിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിനായി കൈല്‍ മയേഴ്‌സ് തുടക്കത്തിലേ ആഞ്ഞടിച്ചു. 45 പന്തില്‍ നാല് സിക്‌സറും ഏഴ് ബൗണ്ടറിയുമടക്കം 70 റണ്‍സാണ് താരം നേടിയത്. എന്നാല്‍ മയേഴ്‌സിന് പിന്തുണ കൊടുക്കാന്‍ ഒരാള്‍ക്ക് പോലും സാധിക്കാതെ വന്നതോടെ റോയല്‍സിന്റെ പതനം തുടങ്ങുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് നടത്തിയ റകീം കോണ്‍വാള്‍ കണ്‍സിസ്റ്റന്‍സിയോടെ ബാറ്റ് ചെയ്യുന്നത് തനിക്ക് പറ്റിയ പണിയല്ലെന്ന് വീണ്ടും തെളിയിച്ചു. രണ്ട് പന്തില്‍ നാല് റണ്‍സ് നേടി കോണ്‍വാള്‍ മടങ്ങി.
കോണ്‍വാളിന് പുറമെ കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ താരങ്ങള്‍ക്കും അടി തെറ്റി. ക്യാപ്റ്റന്‍ റോവ്മന്‍ പവല്‍ 11 പന്തില്‍ ഒമ്പത് റണ്‍സും ലോറി എവന്‍സ് 23 പന്തില്‍ 20 റണ്‍സും നേടി മടങ്ങി.
ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സാണ് റോയല്‍സ് നേടിയത്.
ഇതോടെ ഏഴ് മത്സരത്തില്‍ നിന്നും നാല് വിജയവുമായി ഒമ്പത് പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനും നൈറ്റ് റൈഡേഴ്‌സിനായി. സെപ്റ്റംബര്‍ പത്തിനാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. ജമൈക്ക താലവാസാണ് എതിരാളികള്‍.
Content highlight: Nicholas Pooran’s brilliant batting performance in CPL