മേജര്‍ ലീഗ് ക്രിക്കറ്റിന്റെ പ്രഥമ സീസണില്‍ കിരീടം ചൂടി എം.ഐ ന്യൂയോര്‍ക്. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ സിയാറ്റില്‍ ഓര്‍ക്കാസിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് എം.ഐ വിജയം സ്വന്തമാക്കിയത്.
ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെ വെടിക്കെട്ടിലാണ് കരുത്തരായ ഓര്‍ക്കാസിന് പരാജയം രുചിക്കേണ്ടി വന്നത്. സെഞ്ച്വറി നേടിയ പൂരന്‍ ന്യൂയോര്‍ക്കിനെ മുമ്പില്‍ നിന്നും നയിച്ചപ്പോള്‍ ഓര്‍ക്കാസ് ഉയര്‍ത്തിയ 184 റണ്‍സിന്റെ ടോട്ടല്‍ എം.ഐ 24 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓര്‍ക്കാസ് ക്വിന്റണ്‍ ഡി കോക്കിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 183 റണ്‍സ് നേടി.
ഡി കോക്ക് 52 പന്തില്‍ നിന്നും ഒമ്പത് ഫോറും നാല് സിക്‌സറും ഉള്‍പ്പെടെ 87 റണ്‍സ് നേടി. 16 പന്തില്‍ നിന്നും 29 റണ്‍സ് നേടിയ ശുഭം രഞ്ജനെയാണ് രണ്ടാമത് മികച്ച സ്‌കോറര്‍.
ഓര്‍ക്കാസിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഹെന്റിച്ച് ക്ലാസന്‍ മങ്ങിയതാണ് ടീമിന് തിരിച്ചടിയായത്. ഏഴ് പന്തില്‍ നാല് റണ്‍സ് നേടിയാണ് താരം പുറത്തായത്.
ന്യൂയോര്‍ക്കിനായി ട്രെന്റ് ബോള്‍ട്ടും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സ്റ്റീവന്‍ ടെയ്‌ലറും ഡേവിഡ് വീസിയും ഓരോ വിക്കറ്റും സ്വന്തമാക്കി.
184 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂയോര്‍ക്കിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടി നേരിട്ടിരുന്നു. ഇമാദ് വസീമിന്റെ പന്തില്‍ ബ്രോണ്‍സ് ഡക്കായി സ്റ്റീവന്‍ ടെയ്‌ലര്‍ പുറത്താവുകയായിരുന്നു.
എന്നാല്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ പൂരന്‍ ഇറങ്ങിയതോടെ മത്സരം ഓര്‍ക്കാസിന്റെ കയ്യില്‍ നിന്നും നഷ്ടപ്പെടുകയായിരുന്നു. ഒന്നിന് പിറകെ ഒന്ന് എന്ന നിലയില്‍ സിക്‌സറുകള്‍ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തിന്റെ ആകാശത്തെ ചുംബിച്ചപ്പോള്‍ എം.ഐ സ്‌കോര്‍ ഉയര്‍ന്നു.
ഒരുവശത്ത് പൂരന്‍ അടിച്ചു തകര്‍ക്കുമ്പോള്‍ നോക്കി നില്‍ക്കേണ്ട ആവശ്യമേ മറ്റുള്ളവര്‍ക്കുണ്ടായിരുന്നുള്ളൂ. രണ്ടാം വിക്കറ്റായി ഷയാന്‍ ജഹാംഗീറും (11 പന്തില്‍ പത്ത്) മൂന്നാം വിക്കറ്റായി ഡെവാള്‍ഡ് ബ്രെവിസും (18 പന്തില്‍ 20) പുറത്തായെങ്കിലും പൂരന്‍ അടി തുടര്‍ന്നു.
ഒടുവില്‍ ടീമിനെ വിജയത്തിലെത്തിച്ച ശേഷമാണ് പൂരന്‍ സ്റ്റോം അടങ്ങിയത്. 55 പന്തില്‍ 13 സിക്‌സറിന്റെയും പത്ത് ബൗണ്ടറിയുടെയും അകമ്പടിയോടെ പുറത്താകാതെ 137 റണ്‍സാണ് താരം നേടിയത്. 249.09 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഫൈനലിന്റെ താരമാകാനും പൂരന് സാധിച്ചിരുന്നു.
പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരായാണ് എം.ഐ പ്ലേ ഓഫിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ വാഷിങ്ടണ്‍ ഫ്രീഡത്തെ തോല്‍പിച്ച എം.ഐ രണ്ടാം ക്വാളിഫയറില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് ഫൈനലിന് യോഗ്യത നേടിയത്.
Content Highlight: Nicholas Pooran’s brilliant batting led MI New York to MLC title