| Tuesday, 2nd April 2024, 9:57 pm

പൂരന്റെ തൃശൂര്‍പൂരം; 100ാം സിക്‌സ് 106 മീറ്ററില്‍ രാജകീയമാക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ലഖ്‌നൗ സൂപ്പര്‍ ജെയിന്റ്‌സും തമ്മിലുള്ള മത്സരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ആര്‍.സി.ബി ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് എല്‍.എസ്.ജി നേടിയത്.

ബാറ്റ് ചെയ്യാന്‍ എത്തിയ ലഖ്‌നൗവിന് വേണ്ടി മികച്ച തുടക്കമാണ് ഡി കോക്കും കെ.എല്‍. രാഹുലും
നല്‍കിയത്. ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ഡി കോക്കാണ്. 56 പന്തില്‍ നിന്ന് അഞ്ച് സിക്‌സറും എട്ട് ബൗണ്ടറിയും അടക്കം 81 റണ്‍സാണ് താരം നേടിയത്.

അവസാന ഘട്ടത്തില്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത് നിക്കോളാസ് പൂരനാണ്. അവസാന രണ്ട് ഓവറില്‍ അഞ്ച് സിക്‌സറുകളാണ് താരം നേടിയത്. 21 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും അടക്കം 41 റണ്‍സ് നേടാനും താരത്തിന് കഴിഞ്ഞു. അതില്‍ 18ാം ഓവറിന്റെ മൂന്നാം പന്തില്‍ 106 മീറ്ററിന്റെ പടുകൂറ്റന്‍ സിക്‌സര്‍ അടിച്ചാണ് പൂരന്‍ ഐ.പി.എല്ലില്‍ തന്റെ 100ാം സിക്‌സ് പൂര്‍ത്തിയാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്റിങ് ആവുന്നത് പൂരന്റെ തകര്‍പ്പന്‍ സിക്‌സറാണ്.

എന്നാല്‍ രാഹുലിനെ പുറത്താക്കി ആര്‍.സി.ബിക്കുവേണ്ടി ആദ്യ വിക്കറ്റ് നേടിയത് മാക്‌സ്‌വെല്‍ ആണ്. 14 പന്തില്‍ രണ്ട് സിക്‌സര്‍ അടക്കം 20 റണ്‍സ് ആണ് ക്യാപ്റ്റന്‍ രാഹുല്‍ നേടിയത്.
പിന്നാലെ ദേവദത്ത് പടിക്കല്‍ ആറ് റണ്‍സിന് കൂടാരം കയറിയപ്പോള്‍ 24 റണ്‍സ് നേടിയ മാര്‍ക്കസ് സ്റ്റോയിനിനെ മാക്‌സി പറഞ്ഞയച്ചു.

നാല് ഓവറില്‍ മാക്‌സി വെറും 23 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളും നേടി. 5.75 എക്കണോമിയിലാണ് താരം പന്തെറിഞ്ഞത്. ടീമിന് വേണ്ടി റീസ് ടോപ്ലെ, യാഷ് ദയാല്‍, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫാഫ് ഡു പ്ലെസിസ് (ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, രജത് പാടിദാര്‍, ദിനേഷ് കാര്‍ത്തിക്, അനൂജ് റാവത്ത്, റീസ് ടോപ് പ്ലെ, മയയങ്ക് ദഗര്‍, മുഹമ്മദ് സിറാജ്, യാഷ് ദയാല്‍

ലഖ്‌നൗ: ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നിക്കോളാസ് പൂരന്‍, ആയുഷ് ബഡോണി, ക്രുണാല്‍ പാണ്ഡ്യ, രവി ബിഷ്നോയ്, യാഷ് താക്കൂര്‍, നവീന്‍ ഉള്‍ ഹഖ്, മായങ്ക് യാദവ്.

Content Highlight: Nicholas Pooran Mass Performance Against RCB

We use cookies to give you the best possible experience. Learn more