യെന്റമ്മോ.. ഇവന്‍ ഗെയ്‌ലിനേയും വെട്ടിയോ; വിന്‍ഡീസിന്റെ ചരിത്രം തിരുത്തിയ ഭീകരന്‍!
Sports News
യെന്റമ്മോ.. ഇവന്‍ ഗെയ്‌ലിനേയും വെട്ടിയോ; വിന്‍ഡീസിന്റെ ചരിത്രം തിരുത്തിയ ഭീകരന്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th June 2024, 12:23 pm

ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിന് ന്യൂസിലാന്‍ഡിനെതിരെ 13 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടിക്ക് ഇറങ്ങിയ ന്യൂസിലാന്‍ഡിന് 9 വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബിന്‍ഡീസിന് വേണ്ടി ഷെര്‍ഫേന്‍ റൂദര്‍ ഫോര്‍ഡ് 39 പന്തില്‍ നിന്ന് 68 റണ്‍സ് നേടി പുറത്താക്കാതെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 6 സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 174.36 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റുവീശിയത്. നിക്കോളാസ് പൂരന്‍ 12 പന്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ ആകേല്‍ ഹുസൈന്‍ 17 പന്തില്‍ 15 റണ്‍സും നേടി.

17 റണ്‍സാണ് നേടിയതെങ്കിലും വിന്‍ഡീസിന്റെ ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ് നിക്കോളാസ് പൂരന്‍. ടി-20 ഇന്റര്‍നാഷണലില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് താരം നേടിയത്. വിന്‍ഡീസിന്റെ എക്കാലത്തെയും മികച്ച ടി-20 പ്ലെയര്‍ ക്രിസ് ഗെയ്‌ലിനേയും പിന്നിലാക്കിയാണ് പൂരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

ടി-20 ഇന്റര്‍നാഷണലില്‍ വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം, ഇന്നിങ്‌സ്, റണ്‍സ്

നിക്കോളാസ് പൂരന്‍ – 83 – 1914

ക്രിസ് ഗെയ്ല്‍ – 75 – 1899

എം.എന്‍. സാമുവല്‍സ് – 67 – 1611

കിറോണ്‍ പൊള്ളാര്‍ഡ് – 1569

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലാന്‍ഡിന് വേണ്ടി ഗ്ലെന്‍ ഫിലിപ്‌സ് 33 പന്തില്‍ 40 റണ്‍സ് നേടിയപ്പോള്‍ ഫിന്‍ അലന്‍ 23 പന്തില്‍ 26 റണ്‍സ് നേടി. മിച്ചല്‍ സാന്റ്‌നര്‍ 21 റണ്‍സ് നേടി പുറത്താക്കാതെ നിന്നു. എന്നാലും രണ്ടാം തോല്‍വി വഴങ്ങുകയായിരുന്നു കിവീസ്.

വിന്‍ഡീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് അല്‍സാരി ജോസഫ് ആണ്. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 4.75 എന്ന കിടിലന്‍ എക്കണോമിയിലാണ് താരം പന്ത് എറിഞ്ഞത്. താരത്തിന് പുറമെ ഗുടകേഷ് മോട്ടി മൂന്ന് വിക്കറ്റും ഓകേല്‍ ഹുസൈന്‍ ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.

ന്യൂസിലാന്‍ഡിനു വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ട്രെന്റ് ബോള്‍ട്ട് ആണ്. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു മെയ്ഡന്‍ അടക്കം മൂന്നു വിക്കറ്റുകള്‍ ആണ് താരം സ്വന്തമാക്കിയത്. ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ജെയിംസ് നീഷം മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

 

Content Highlight: Nicholas Pooran In Record Achievement In t20 World Cup