113 മീറ്ററോ??? ഇങ്ങനെയൊരു സിക്‌സ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല; ഹണ്‍ഡ്രടില്‍ വിന്‍ഡീസ് കരുത്തന്റെ ആറാട്ട്
Sports News
113 മീറ്ററോ??? ഇങ്ങനെയൊരു സിക്‌സ് ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല; ഹണ്‍ഡ്രടില്‍ വിന്‍ഡീസ് കരുത്തന്റെ ആറാട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 12th August 2024, 2:40 pm

ദി ഹണ്‍ഡ്രട് ടൂര്‍ണമെന്റില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്‌സ് മാഞ്ചസ്റ്റര്‍ ഒറിജിനല്‍സിനെതിരെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത മാഞ്ചസ്റ്റര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് ആയിരുന്നു നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ നോര്‍ത്തേണ്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴചവെച്ചത് കരീബിയന്‍ കരുത്തന്‍ നിക്കോളാസ് പൂരനായിരുന്നു. വെറും 33 പന്തില്‍ എട്ട് സിക്സറുകളടക്കം 66* റണ്‍സെടുത്ത നിക്കോളാസ് പൂരന്‍ ദി ഹണ്‍ഡ്രടില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ചാര്‍ജേഴ്സിനെ വിജയത്തിലെത്തിച്ചത്.

മത്സരത്തില്‍ വമ്പന്‍ ഹിറ്റുകള്‍ ചെയ്ത താരത്തിന്റെ ഒരു ഇടിമിന്നല്‍ ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. 113 മീറ്റര്‍ സിക്‌സ് നേടിയാണ് പൂരന്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. ഇതിന് ശേഷം താരം സംസാരിക്കുകയും ചെയ്തിരുന്നു.

‘കളിയുടെ സാഹചര്യം അറിഞ്ഞുകൊണ്ട് തീര്‍ച്ചയായും ഇത് എന്റെ മികച്ച ഇന്നിങ്‌സുകളില്‍ ഒന്നാണ്. ടൂര്‍ണമെന്റില്‍ റണ്‍സ് നേടാനായിട്ടാണ് ഞാന്‍ ബാറ്റിങ്ങിന് ഇറങ്ങുന്നത്, ഈ ഫോര്‍മാറ്റ് അത് വളരെ വേഗത്തില്‍ കളിക്കാന്‍ എനിക്ക് സാധിച്ചതില്‍ വളരെ സന്തോഷവാനാണ് ഞാന്‍. എനിക്ക് ടീമിന് വേണ്ടി അവസാനം വരെ സംഭാവന ചെയ്യാന്‍ സാധിച്ചു.

മത്സരത്തില്‍ ഇംഗ്ലണ്ട് സ്റ്റാര്‍ ഓള്‍ റൗണ്ടറും ടെസ്റ്റ് ടീം ക്യാപ്റ്റനുമായ ബെന്‍ സ്റ്റോക്സ് പരിക്ക് കാരണം പുറത്തായിരുന്നു. ബാറ്റ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്.

ഒരു സിംഗിളിന് ശ്രമിക്കുമ്പോളായിരുന്നു സംഭവം. ഓഗസ്റ്റ് 21ന് മാഞ്ചസ്റ്ററില്‍ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ സ്റ്റോക്സിന് പങ്കെടുക്കാന്‍ സാധിക്കുമോ എന്നത് ഇപ്പോള്‍ സംശയത്തിലാണ്.

 

Content Highlight: Nicholas Pooran In Great Performance In Hundred Cricket