ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ വെസ്റ്റ് ഇന്‍ഡീസ് 104 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ബ്യുസേജര്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് ആണ് അടിച്ചെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ 16.2 ഓവറില്‍ വെറും 114 റണ്‍സിനാണ് അഫ്ഗാന്‍ പട വിന്‍ഡീസിന് മുന്നില്‍ മുട്ട് കുത്തിയത്. വിന്‍ഡീസിന് വേണ്ടി നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. 53 പന്തില്‍ എട്ട് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 98 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 184.91 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
ഇതിനെല്ലാം പുറമെ ഒരു ഇടിവെട്ട് നേട്ടവും 2024 ടി-20 ലോകകപ്പില്‍ പൂരന്‍ സ്വന്തമാക്കിയിരിക്കുകയാണ്. 2024ല്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്.
താരത്തിന് പുറമെ ജോണ്‍സണ്‍ കാര്‍ലെസ് 27 പന്തില്‍ 43 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 26 റണ്‍സും ഷായി ഹോപ്പ് 25 റണ്‍സും നേടി.
അതേസമയം അഫ്ഗാനിസ്ഥാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഒരു വിക്കറ്റും ഗുല്‍ബാദിന്‍ നായിബ് രണ്ടു വിക്കറ്റും നേടി. നാലു ഓവറില്‍ 20 റണ്‍സ് വിട്ട് കൊടുത്ത നൂര്‍ അഹമ്മദും ടീമിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
മറുപടിക്ക് ഇറങ്ങിയ അഫ്ഗാന് തുടക്കത്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ പൂജ്യം റണ്‍സിന് നഷ്ടപ്പെടുകയായിരുന്നു. ഇബ്രാഹിം സദ്രാന്‍ 28 പന്തില്‍ 38 റണ്‍സ് നേടി ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്തി.
അസ്മത്തുള്ള ഒമര്‍സായി 23 റണ്‍സിന് മടങ്ങിയപ്പോള്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന് 18 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. ടീമിലെ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.
വിന്‍ഡീസിന് വേണ്ടി ഒബെഡ് മെക്കോയി മൂന്ന് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി മിന്നും പ്രകടനം കാഴ്ചവെച്ചു. ആകേല്‍ ഹുസൈന്‍ ഒരു മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ഗുഡകേഷ് മോട്ടിയും രണ്ട് വിക്കറ്റ് നേടി. ആന്ദ്രെ റസലും അല്‍സാരി ജോസഫും ഓരോ വിക്കറ്റുകളും നേടിയപ്പോള്‍ അഫ്ഗാന്‍ തകര്‍ന്നടിയുകയാണ്.
Content Highlight: Nicholas pooran Great performance In 2024 t20 world Cup