ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ പരാജയം.
ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സിന്റെ വിജയലക്ഷ്യം വിന്‍ഡീസ് രണ്ട് വിക്കറ്റും ഏഴ് പന്തും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു. നിക്കോളാസ് പൂരന്റെ അര്‍ധ സെഞ്ച്വറിയാണ് വിന്‍ഡീസിന് ജയം സമ്മാനിച്ചത്.
ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട വിന്‍ഡീസിനെ പൂരന്‍ ഒറ്റക്ക് തോളിലേറ്റുകയായിരുന്നു. നാല് സിക്‌സറും ആറ് ബൗണ്ടറിയും അടക്കം 40 പന്തില്‍ നിന്നും 67 റണ്‍സാണ് പൂരന്‍ സ്വന്തമാക്കിയത്. 167.50 എന്ന സട്രൈക്ക് റേറ്റിലായിരുന്നു പൂരന്‍ സ്റ്റോം ഇന്ത്യന്‍ ബൗളര്‍മാരെ തച്ചുടച്ചത്.
22 പന്തില്‍ 22 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറും 19 പന്തില്‍ നിന്നും 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോവ്മന്‍ പവലിന്റെ ഇന്നിങ്‌സും ഇന്ത്യക്ക് മേലുള്ള വിജയത്തിന് കാരണമായി.
അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മത്സരത്തിലെ താരമായി തെരഞ്ഞടുക്കപ്പെട്ടതും പൂരന്‍ തന്നെയായിരുന്നു.
ഈ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡും നിക്കോളാസ് പൂരനെ തേടിയെത്തയിരുന്നു. ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് പൂരന്‍ സ്വന്തമാക്കിയത്. മുന്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനെ മറികടന്നുകൊണ്ടാണ് പൂരന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ഇതിന് പുറമെ, ഫിഞ്ചിന് പിന്നാലെ ഇന്ത്യക്കെതിരെ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കെതിരെ 500 റണ്‍സ് പിന്നിടുന്ന രണ്ടാമത് താരമാകാനും പൂരന് സാധിച്ചു.
ഇന്ത്യക്കെതിരെ ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
നിക്കോളാസ് പൂരന്‍ – 505
ആരോണ്‍ ഫിഞ്ച് – 500
ജോസ് ബട്‌ലര്‍ – 475
ഗ്ലെന്‍ മാക്‌സ്‌വെല്‍ – 438
ദാസുന്‍ ഷണക – 430
ഇന്ത്യക്കെതിരെ ഇനിയും മൂന്ന് മത്സരങ്ങള്‍ ശേഷിക്കുന്നതിനാല്‍ ഈ റെക്കോഡ് കൂടുതല്‍ ശക്തിപ്പെടുത്താനും പൂരന് സാധിക്കും.
അതേസമയം, പരമ്പരയില്‍ 2-0ന് ലീഡ് നേടിയ വിന്‍ഡീസ് മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള പുറപ്പാടിലാണ്. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും പരാജയപ്പെട്ടതിന്റെ നാണക്കേട് ടി-20 പരമ്പര സ്വന്തമാക്കി മറികടക്കാനാണ് വിന്‍ഡീസ് ഒരുങ്ങുന്നത്.
ടി-20 പരമ്പരയില്‍ ചരിത്രത്തിലാദ്യമായാണ് വിന്‍ഡീസ് ഇന്ത്യയെ തുടര്‍ച്ചയായ മത്സരങ്ങളില്‍ പരാജയപ്പെടുത്തുന്നത്. ഈ രണ്ട് മത്സരത്തിലും പൂരന്‍ തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ഒന്ന് വിജയിച്ചാല്‍ കരീബിയന്‍സിന് പരമ്പര സ്വന്തമാക്കാം. അതേസമയം, ഇനിയുള്ള മൂന്ന് മത്സരവും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര ലഭിക്കൂ.
ഓഗസ്റ്റ് എട്ടിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയം തന്നെയാണ് വേദി.
Content Highlight: Nicholas Pooran became the highest run scorer against India in T20Is