| Friday, 21st October 2022, 5:46 pm

തോറ്റു, എല്ലാവരുടെയും ഹൃദയം തകര്‍ത്തു; പക്ഷെ ചില പോസിറ്റീവുകള്‍ കൂടിയുണ്ട്; ലോകകപ്പില്‍ നിന്നും പുറത്തായ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചരിത്രത്തിലെ ഏറ്റവും മോശം നാളുകളിലൂടെ കടന്നുപോകുകയാണ് വെസ്റ്റ് ഇന്‍ഡീസ് ടീം. ടി-20 ലോകകപ്പിന്റെ സൂപ്പര്‍ 12 കാണാതെ വെസ്റ്റ് ഇന്‍ഡീസ് പുറത്തായിരിക്കുകയാണ്. ടി-20 ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഏക മള്‍ട്ടിപ്പിള്‍ ടൈംസ് ചാമ്പ്യന്‍മാരാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ നാണം കെട്ട് പുറത്തായത്.

വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ പതനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്‍. സ്വന്തം ടീമിനെയും ആരാധകരെയുമെല്ലാം താന്‍ നിരാശപ്പെടുത്തിയെന്നാണ് പൂരന്‍ പറഞ്ഞത്. തന്റെയും മൊത്തം ടീമിന്റെയും ബാറ്റിങ് അടിമുടി പാളിപ്പോയെന്നും പൂരന്‍ പറഞ്ഞു.

ബാറ്റിങ് ഫ്രണ്ട്‌ലി പിച്ചായിട്ടും ബൗളര്‍മാര്‍ക്ക് ഡിഫന്‍ഡ് ചെയ്യാന്‍ കഴിയുന്ന അത്രയും പോലും റണ്‍സെടുക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞില്ലെന്നും ക്യാപ്റ്റന്‍ തുറന്നുസമ്മതിച്ചു. താന്‍ വലിയ വേദനയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത് ഏറെ പ്രയാസം നിറഞ്ഞ സമയമാണ്. ഈ ടൂര്‍ണമെന്റില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ക്ക് നന്നായി ബാറ്റ് ചെയ്യാനായില്ല. ഒരു ബാറ്റിങ് പിച്ചില്‍ 145 റണ്‍സ് മാത്രമെടുത്താല്‍ പിന്നെ ബൗളര്‍മാരെ കൊണ്ട് ഒന്നും ചെയ്യാനാകില്ല. അതൊരു വെല്ലുവിളി തന്നെയായിരുന്നു.

പക്ഷെ ചില പോസിറ്റീവുകളുമുണ്ടായി. ജേസണ്‍ മികച്ച ബൗളിങ്ങിലേക്ക് തിരിച്ചെത്തി. കിങ് ഗംഭീരമായാണ് ബാറ്റ് ചെയ്യുന്നത്. ജോസഫും ബൗളിങ്ങില്‍ മികച്ച് നിന്നു.

പിന്നെ, അയര്‍ലാന്‍ഡ് ടീമിന് എല്ലാവിധ ആശംസകളും നേരുന്നു. അവര്‍ ബാറ്റിങ്ങും ബൗളിങ്ങും മികച്ച രീതിയിലാണ് ചെയ്തത്,’ പൂരന്‍ പറഞ്ഞു.

അയര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനായിരുന്നു കരീബിയന്‍ പടയുടെ തോല്‍വി. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 146 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലാന്‍ഡ് ഒമ്പത് വിക്കറ്റും 15 പന്തും ബാക്കിയിരിക്കെ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഒരുകാലത്ത് കുട്ടി ക്രിക്കറ്റിന്റെ പര്യായമായിരുന്ന, ടോ ക്രിഷിങ് യോര്‍ക്കറുകളും ആകാശം തൊടുന്ന വമ്പന്‍ സിക്സറുകളുമായി കളം വാണിരുന്ന വെസ്റ്റ് ഇന്‍ഡീസ് ഇപ്പോള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്.

വിവിയന്‍ റിച്ചാര്‍ഡ്സും ക്ലൈവ് ലോയ്ഡും കൊളുത്തിവിട്ട ദീപശിഖ തൊട്ടടുത്ത ട്രാന്‍സിഷന്‍ പിരീഡുകളില്‍ ഏറ്റുവാങ്ങാന്‍ താരങ്ങള്‍ നിരവധിയായിരുന്നു. തുടര്‍ന്നുവന്ന ഗെയ്ലും ചന്ദ്രപോളും പൊള്ളാര്‍ഡുമെല്ലാം തന്നെ ആ തീപ്പന്തം കെടാതെ സൂക്ഷിച്ചു. എന്നാല്‍ കൈമാറാന്‍ ആളില്ലാതെ ഇപ്പോള്‍ ആ ദീപശിഖ പതിയെ അണയുകയാണ്.

Content Highlight: Nicholas Pooran about West Indies team

We use cookies to give you the best possible experience. Learn more