കോട്ടയം: ബിഷപ്പിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ ഫാ. നിക്കോളസ് മണിപ്പറമ്പില്‍ കുറുവിലങ്ങാട് മഠത്തിലെത്തി സന്ദര്‍ശിച്ചത് കൊലക്കേസ് പ്രതിക്കൊപ്പമെന്ന് വെളിപ്പെടുത്തല്‍. കോളിളക്കം സൃഷ്ടിച്ച തൊമ്മി വധക്കേസിലെ പ്രതി സജി മൂക്കന്നൂരാണ് വൈദികനൊപ്പം മഠത്തിലെത്തിയതെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
2011 ല്‍ കര്‍ഷക നേതാവ് തോമസ് എന്ന തൊമ്മിയെ റബ്ബര്‍ തോട്ടത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സജി. ഫാദര്‍ നിക്കോളസിന്റെ വാഹനം ഓടിച്ചിരുന്നത് സജിയായിരുന്നു. സജി മഠത്തിനകത്തേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
തന്റെ മുന്‍ ഇടവകാംഗമാണെന്ന് പറഞ്ഞാണ് ഫാ. നിക്കോളസ് മഠത്തില്‍ സജിയെ പരിചയപ്പെടുത്തിയത്. കൊലക്കേസില്‍ സജി ഇപ്പോള്‍ വിചാരണ നേരിടുകയാണ്. എന്നാല്‍, സജി കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഫാ.നിക്കോളാസ് മണിപ്പറമ്പില്‍ പറഞ്ഞു.
ഫാ. നിക്കോളസ് എത്തിയത് തങ്ങളെ സ്വാധീനിക്കാനാണെന്ന് സിസ്റ്റര്‍ അനുപമ ഇന്നലെ പ്രതികരിച്ചിരുന്നു. മാനസിക സമ്മര്‍ദമുണ്ടാക്കാനായിരുന്നു ഫാദര്‍ നിക്കോളാസിന്റെ ശ്രമം. സമരവും പരാതികളും സഭയ്ക്കെതിരാണെന്ന് പറഞ്ഞ് കുറ്റബോധമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും കന്യാസ്ത്രീകള്‍ പറഞ്ഞിരുന്നു.