വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അമേരിക്കയുടെ ഒളിഞ്ഞു നോട്ടം ലോക ജനമധ്യത്തില്‍ എത്തിച്ച വിസില്‍ ബ്ലോവര്‍ എഡ്വേര്‍ഡ് സ്നോഡനെ കുറിച്ച് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരം നിക്കോളസ് കെയ്ജ് അഭിനയിക്കും. ഗോസ്റ്റ് റൈഡര്‍, നാഷണല്‍ ട്രഷര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് നിക്കോളസ് കെയ്ജ്
“സ്നോഡന്” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ യു.എസ് ഇന്റലിജന്‍സ് ഓഫീസറുടെ വേഷമാണ് നിക്കോളസ് കെയ്ജ് കൈകാര്യം ചെയ്യുന്നത്. ജോസഫ് ഗോര്‍ഡന്‍ ലെവിറ്റാണ് ചിത്രത്തില്‍ സ്നോഡനായി എത്തുന്നത്.
ലൂക്ക് ഹാര്ഡിംഗ്സിന്റെ “ദ സ്നോഡന് ഫയല്‍സ്: ദ ഇന്‍സൈഡ് സ്റ്റോറി ഓഫ് വേള്‍ഡ്സ് മോസ്റ്റ് വാണ്ടഡ് മാന്‍” എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ” സ്നോഡന്” നിര്‍മിച്ചിരിക്കുന്നത്. ഇത് കൂടാതെ സ്നോഡനെ കുറിച്ച് വരാനിരിക്കുന്ന ” ടൈം ഓഫ് ദ ഒക്ടോപസ്” എന്ന നോവലും ചിത്രത്തിന്റെ പ്രമേയമാവും. ഒലിവര്‍ സ്റ്റോണാണ് ചിത്രത്തിന്റെ നിര്‍മാതാവ്.
ചിത്രത്തില്‍ ഷെയിലിന് വുഡ്ലി, മെലീസ ലിയോ, സാക്കരി ക്വിന്റോ, ടോം വില്കിംഗ്സണ്, റൈസ് ഇഫാന്‍സ്, ജോളി റിച്ചാഡ്സണ്, തിമോത്തി ഒലിഫന്റ് തുടങ്ങിയവരും അണി നിരക്കുന്നുണ്ട്.
സ്നോഡനെ കുറിച്ച് ലോറ പൊയിട്രാസ് സംവിധാനം ചെയ്തിരുന്ന “സിറ്റിസണ്‍ ഫോര്‍” എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ ദിവസം ഓസ്കാര്‍ ലഭിച്ചിരുന്നു.
ചാരവൃത്തി കേസില്‍ 2013ലായിരുന്നു യു.എസ് ഡിപാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് സ്നോഡനെതിരെ കേസെടുത്തിരുന്നത്. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മുതല്‍ അദ്ദേഹത്തിന് റഷ്യ അഭയം നല്‍കിയിരുന്നു.