ബാംഗ്ലൂര്‍: മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ, വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണ, മുന്‍മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത കോടതി ഉത്തരവിട്ടു. ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ്സ് ഹൈവേക്കുവേണ്ടി കര്‍ഷകരില്‍ നിന്ന് അനധികൃതമായി ഭൂമി തട്ടിയെടുത്തെന്ന കേസിലാണ് അന്വേഷണം. []
ഇവര്‍ക്ക്പുറമേ 27 പേര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ ലോകായുക്ത ജഡ്ജി എന്‍.കെ. സുധീന്ദ്രറാവു ഉത്തരവിട്ടു. മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ ടി.ജെ. എബ്രഹാം നല്‍കിയ ഹരജിയിലാണ് അന്വേഷണം.
500 പേജുള്ള ഉത്തരവില്‍ കേസന്വേഷണത്തിനായി നാല് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടുന്ന സംഘത്തെ നിയോഗിക്കണമെന്നും കേസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്.എന്‍. സത്യനാരായണറാവു അന്വേഷിക്കണമെന്നുമാണ് കോടതി നിര്‍ദേശം.
ബാംഗ്ലൂര്‍-മൈസൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ പദ്ധതി(ബി.എം.ഐ.സി) നടപ്പാക്കാന്‍ എക്‌സ്പ്രസ്സ് ഹൈവേ നടത്തിപ്പുകാരായ നന്ദി ഇന്‍ഫ്രാസ്ട്രക്ചര്‍ കോറിഡോര്‍ എന്റര്‍പ്രൈസ് (നൈസ്) അനധികൃതമായി കര്‍ഷകഭൂമി തട്ടിയെടുത്തെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്.
1995 ല്‍ ദേവഗൗഡ കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്താരാഷ്ട്ര നിലവാരത്തില്‍ ബാംഗ്ലൂര്‍-മൈസൂര്‍ എക്‌സ്പ്രസ്സ് ഹൈവേ നിര്‍മിക്കാന്‍ ധാരണയായത്. ഇതിനുവേണ്ടി സര്‍ക്കാറും നാലംഗ കണ്‍സോര്‍ഷ്യവുമായി ഒപ്പുവെച്ചെന്നാണ് എബ്രഹാം പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
1,500 കോടിയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിച്ചത്. 522 കോടി കണ്‍സോര്‍ഷ്യവും ബാക്കി തുക വായ്പകളിലൂടെ കണ്ടെത്തുമെന്നുമായിരുന്നു കരാര്‍. പ്രാരംഭ നിക്ഷേപമായ 10 കോടി കര്‍ണാടക വ്യവസായ വികസനബോര്‍ഡിന് നല്‍കാന്‍ സാധിച്ചില്ലെന്നാണ് ഹരജിയിലെ ആരോപണം.
രണ്ട് ഹരജികളാണ് പരാതിക്കാരന്‍ 150 പേജുകളിലായി ജൂലായ് 18ന് കോടതിയില്‍ സമര്‍പ്പിച്ചത്. റോഡ് പദ്ധതിക്കായി ഏറ്റെടുത്ത 6,999 ഏക്കര്‍ തിരിച്ചുപിടിക്കണമെന്നായിരുന്നു ഒരു പരാതി. ഇതില്‍ അജ്മീറ ബില്‍ഡേഴ്‌സ് കൈവശം വെച്ച ഭൂമി മാത്രം തിരിച്ചുപിടിക്കാനാണ് കോടതി നിര്‍ദേശം.
നൈസ് മാനേജിങ് ഡയറക്ടര്‍ അശോക് കെനി, ഭാരത് ഫോര്‍ജ് ചെയര്‍മാന്‍ ബാബാ കല്യാണി, കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍, പൊതുമരാമത്തുവകുപ്പ് മന്ത്രി സി.എം. ഉദാസി, മുന്‍മന്ത്രി ആര്‍.വി. ദേശ്പാണ്ഡെ ഐ.സി.ഐ.സി.ഐ. ബാങ്ക്, മസാച്ചുസെറ്റ്‌സ് മുന്‍ഗവര്‍ണര്‍ വില്യം വെല്‍ഡ്, അമേരിക്കന്‍പൗരന്‍ റിച്ചാര്‍ഡ് ഹാംഗന്‍ എന്നിവരടക്കമാണ് 30 പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മൊത്തം 105 പേര്‍ ആരോപണവിധേയരായ കേസില്‍ 75 പേര്‍ക്കെതിരെ അന്വേഷണമില്ല. എബ്രഹാം ജൂലായില്‍ 102 പേര്‍ക്കെതിരെയാണ് ഹര്‍ജി നല്‍കിയിരുന്നത്.