| Thursday, 10th August 2023, 9:27 am

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകില്ല, കോണ്‍ഗ്രസുകാരനായി തുടരും; വാര്‍ത്ത നിഷേധിച്ച് നിബുന്‍ ജോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന വാര്‍ത്ത തള്ളി കോണ്‍ഗ്രസിന്റെ ജില്ലാ പഞ്ചായത്ത് അംഗം നിബു ജോണ്‍. സി.പി.ഐ.എമ്മുമായി അത്തരത്തില്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സി.പി.ഐ.എം തന്നെ വാര്‍ത്ത നിഷേധിച്ചിട്ടുള്ളതാണെന്നും രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ളത് കൊണ്ട് അവര്‍ മോശമാണെന്ന് പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

‘രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന നിലയില്‍ അവര്‍ അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം ഉണ്ടെന്നതുകൊണ്ട് അവര്‍ മോശമാണെന്നും മറ്റുള്ളവര്‍ നല്ലവരാണെന്നും പറയുന്ന ശൈലി എനിക്കില്ല. അവര്‍ തന്നെ ഈ വാര്‍ത്ത നിഷേധിച്ചതാണ്.

പാര്‍ട്ടിയുമായി ഒരു അതൃപ്തിയുമില്ല. ഞാന്‍ ഇന്നലെ എന്റെ ഒരു ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അവിടെയായിരുന്നു. അവിടെ നിന്നും പുറത്തിറങ്ങിയ സമയത്താണ് ഇതുസംബന്ധിച്ച വാര്‍ത്ത വരുന്നത്. ആളുകള്‍ എന്നെ വിളിച്ചിരുന്നു, ഇത്തരത്തിലൊരു വാര്‍ത്ത എവിടെ നിന്നാണ് വന്നതെന്ന് അറിയില്ലെന്ന് അവരോട് തന്നെ ഞാന്‍ പറഞ്ഞിരുന്നു. വാര്‍ത്തകള്‍ വന്നതിന് ശേഷം സി.പി.ഐ.എം നേതൃത്വം തന്നെ അത് നിഷേധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ അവരെയോ അവര്‍ എന്നെയോ സമീപിച്ചിട്ടില്ല,’ നിബു ജോണ്‍ പറഞ്ഞു.

ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ അതൃപ്തി ഇല്ലെന്നും അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിമുഖത പുലര്‍ത്തുന്ന ഒരാളാണ് താനാണെന്നും മൂന്ന് പ്രാവശ്യം മത്സരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധ പ്രകാരമാണെന്നും നിബുന്‍ പറഞ്ഞു.

‘ആരെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും അത് നല്ല മനസോടുകൂടി സ്വീകരിക്കുന്ന ഒരാളാണ് ഞാന്‍. മൂന്ന് പ്രാവശ്യം ഞാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് തന്നെ ഉമ്മന്‍ ചാണ്ടി സാറിന്റെ നിര്‍ബന്ധ പ്രകാരമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് പൊതുവെ വിമുഖത പുലര്‍ത്തുന്ന ഒരു സമീപനമാണ് നേരത്തെ മുതല്‍ തന്നെ എനിക്കുള്ളത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ മത്സരിക്കാന്‍ അവസരമുണ്ടായിട്ടും ഞാന്‍ മത്സരിക്കാതെ മാറി നിന്ന സാഹചര്യം എന്റെ സഹപ്രവര്‍ത്തകര്‍ക്കെല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് നേതൃത്വത്തിനും അത് അറിയാം. കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്ന നിലയിലാണ് നാളിതുവരെ ജീവിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തന്നെ തുടരും. ചാണ്ടി ഉമ്മന് പൂര്‍ണ പിന്തുണ നല്‍കും,’ അദ്ദേഹം പറഞ്ഞു.

ഇന്നലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട നിബു ജോണ്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരമൊരു നീക്കം നടക്കുന്നില്ലെന്നും മന്ത്രി വി.എന്‍ വാസവന്‍ വ്യക്തമാക്കിയിരുന്നു.

പുതുപ്പള്ളി സെപ്റ്റംബര്‍ അഞ്ചിനാണ് പോളിങ്ങ് നടക്കുക. എട്ടിന് വോട്ടെണ്ണല്‍ നടക്കും. ഓഗസ്റ്റ് 17നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ഓഗസ്റ്റ് 18 ന് നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഓഗസ്റ്റ് 21 നാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

Content Highlights: Nibu john denied the news of he will be the LDF candidate in Puthuppally

Latest Stories

We use cookies to give you the best possible experience. Learn more