ന്യൂദല്‍ഹി: ഇന്ത്യയിലുള്ള ഐ.എസ് മൊഡ്യൂളിനെ തകര്‍ത്തെന്ന അവകാശവാദത്തോടെ ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിനുവേണ്ടി നടത്തിയതെന്ന് റിപ്പോര്‍ട്ട്. ഇവരില്‍ നിന്ന് പിടിച്ചെടുത്തതെന്ന് പറഞ്ഞ് എന്‍.ഐ.എ ഹാജരാക്കിയ ആയുധങ്ങള്‍ നാടന്‍ തോക്കുകളും ദിപാവലിക്കുവരെ ഉപയോഗിക്കാറുള്ള ശക്തികുറഞ്ഞ ബോംബുകളുമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ വിമര്‍ശിക്കുന്നത്.
ഇന്ത്യയ്‌ക്കെതിരെ യുദ്ധം ആസൂത്രണം ചെയ്തവരാണ് ഇവരെന്നാണ് എന്‍.ഐ.എ അവകാശപ്പെട്ടത്. എന്നാല്‍ ഇവരില്‍ നിന്നും കണ്ടെടുത്തെന്നു പറയുന്ന വസ്തുക്കള്‍ തന്നെ ഇത്തരമൊരു ആരോപണം പരിഹാസ്യമാണെന്ന് വ്യക്തമാക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ദല്‍ഹിയിലും ഉത്തര്‍പ്രദേശിലുമായാണ് ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം റെയ്ഡു നടത്തിയത്. പത്തുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇവരെല്ലാം മുസ്‌ലീങ്ങളാണ്.
ഇന്ത്യയിലെ തിരക്കേറിയ നഗരങ്ങളിലും രാഷ്ട്രീയക്കാര്‍ക്കെതിരെയും ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്നാരോപിച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്.
മുഫ്തി മുഹമ്മദ് സുഹൈല്‍, അനസ് യൂനസ്, റാഷിദ് സഫര്‍ റഖ്, സയ്യിദ്, സയ്യിദിന്റെ സഹോദരന്‍ റയീസ് അഹമ്മദ്, സുബൈല്‍ മാലിക്, സുബൈറിന്റെ സഹോദരന്‍ സെയ്ദ്, സാഖിബ് ഇഫ്‌തേകര്‍, മുഹമ്മദ് ഇര്‍ഷാദ്, മുഹമ്മദ് അസം എന്നിവരാണ് അറസ്റ്റിലായത്.
വീട്ടില്‍ നിന്നും നിര്‍മ്മിക്കുന്ന “ദേശി കട്ട” എന്ന് പൊതുവെ അറിയപ്പെടുന്ന തോക്കുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഡസന്‍ കണക്കിന് ബുള്ളറ്റുകളും ദീപാവലിക്കു ഉപയോഗിക്കാറുള്ള പടക്കങ്ങള്‍ പോലെയുള്ള ശക്തികുറഞ്ഞ ബോംബുകളുമാണ് ഇവരില്‍ നിന്നും കണ്ടെടുത്തതെന്നപേരില്‍ എന്‍.ഐ.എ ഹാജരാക്കിയത്.
ഐ.എസ്.ഐ.എസ് ലോഗോ പ്രിന്റ് ചെയ്ത എ.4 പേപ്പറുകളും ഇവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഗൂഗിളും ഒരു പ്രിന്ററും ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കാവുന്നതാണ് കണ്ടെടുത്ത പ്രിന്റൗട്ടുകളെന്നും വിമര്‍ശനമുയരുന്നുണ്ട്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനുവേണ്ടിയാണ് റെയ്ഡുകള്‍ നടന്നതെന്നാണ് എന്‍.ഐ.എയുടെ പ്രവര്‍ത്തനങ്ങള്‍ പരിചയമുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ജനതാ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ എന്‍.ഐ.എയുടെ വാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയകളില്‍ രംഗത്തുവന്നിട്ടുണ്ട്. എന്‍.ഐ.എ പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രങ്ങള്‍ അടക്കം പങ്കുവെച്ചാണ് അദ്ദേഹം വിമര്‍ശനം ഉന്നയിക്കുന്നത്.
” ഈ വര്‍ഷം ആദ്യം ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട മീററ്റിലെ ഒരു പ്രാദേശിക സംഘത്തില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളുടെ ചിത്രമാണ് വലതുവശത്തേത്. രണ്ടാമത്തെ ചിത്രം പടിഞ്ഞാറന്‍ യു.പിയില്‍ 16 ഇടങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത ആയുധങ്ങളാണ്. തീവ്രാദികള്‍ രാജ്യവ്യാപകമായി ആക്രമണം നടത്താന്‍ സൂക്ഷിച്ചതെന്ന് പറഞ്ഞ്” എന്നാണ് പിയൂഷ് റായിയുടെ ട്വീറ്റ്.
മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിയും എന്‍.ഐ.എയെ പരിഹസിച്ച് രംഗത്തുവന്നിട്ടുണ്ട്. ” നന്ദി അജിത് ദോവല്‍. നാടന്‍ ബോംബും, നാടന്‍ തോക്കുമാണ് ഐ.എസ്.ഐ.എസ് ആയുധങ്ങളെന്ന് അറിഞ്ഞ് എനിക്ക് അല്പം സുരക്ഷിതത്വം തോന്നുന്നു. പശു ഭീകരരുടെ അത്ര പേടിക്കേണ്ട” എന്നാണ് സ്വാതിയുടെ ട്വീറ്റ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയത വികാരം ആളിക്കത്തിക്കാനും രാജ്യം അപകടത്തിലാണെന്ന തിയറി കൊണ്ടുവരാനുമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സോഷ്യല്‍ മീഡിയ ആരോപിക്കുന്നത്.
The pic on left is the recovery from a local Meerut gang after a consignment was intercepted in Delhi earlier this year. The second pic (right) is recovery made during NIA raids at 16 locations in West UP from would be terrorists plotting country wide attacks. pic.twitter.com/5YdBti98Le
— Piyush Rai (@Benarasiyaa) December 26, 2018