ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് എന്‍.ഐ.എ ഏറ്റെടുക്കും
India
ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് എന്‍.ഐ.എ ഏറ്റെടുക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th March 2024, 11:35 am

ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഏറ്റെടുക്കും. ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിനുമായിരുന്നു ആദ്യം അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസ് എന്‍.ഐ.എക്ക് കൈമാറി തിങ്കളാഴ്ച ഉത്തരവിറക്കിയത്.

വൈറ്റ്ഫീല്‍ഡിലെ രാമേശ്വരം കഫേയില്‍ വെള്ളിയാഴ്ചയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ ബെംഗളൂരുവിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

പരിക്കേറ്റവരുടെ ചികില്‍സ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചതിന് ശേഷം കേസില്‍ നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

പ്രതിയുടെ ദൃശ്യങ്ങള്‍ പരിസരത്തെ സി.സി.ടി.വിയില്‍ നിന്നും ലഭിച്ചിരുന്നു. ഏകദേശം 28നും 30നുമിടയില്‍ പ്രായം തോന്നിക്കുന്ന ആളെയാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ടത്. ഉച്ച സമയത്ത് ഹോട്ടലിലെത്തിയ പ്രതി ഭക്ഷണത്തിനായി കൂപ്പണ്‍ വാങ്ങിയെങ്കിലും കഴിക്കാതെ ഹോട്ടലില്‍ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

തൊപ്പി കൊണ്ട് മുഖം മറച്ചിരുന്ന പ്രതി തന്റെ കൈയ്യില്‍ ഉണ്ടായിരുന്ന ബാഗ് ഹോട്ടലിന്റെ പരിസരത്ത് ഉപേക്ഷിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തിന് പിന്നാലെ ബംഗളൂരു പൊലീസ് തന്നെയാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

കര്‍ണാടക സര്‍ക്കാര്‍ സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ മറച്ചുവെക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാനത്തെ പ്രതിപക്ഷം ആരോപിച്ചു. കുറ്റവാളികളെ കുറിച്ചുള്ള ഒരു വിവരവും സര്‍ക്കാര്‍ പുറത്ത് വിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു.

Contant Highlight: NIA to take over Bengaluru’s Rameshwaram Cafe bomb blast case