തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകളുണ്ടെന്ന സൂചന നല്‍കി എന്‍.ഐ.എ. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കൊപ്പമുള്ള ശിവശങ്കറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
പ്രതികള്‍ക്കൊപ്പം രണ്ടിടത്ത് ശിവശങ്കറിന്റെ സാന്നിധ്യമുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എന്‍.ഐ.എ പറയുന്നത്.
തിങ്കളാഴ്ച കൊച്ചിയിലെ എന്‍.ഐ.എ ആസ്ഥാനത്ത് എത്താന്‍ ശിവശങ്കറിന് എന്‍.ഐ.എ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം പൊലീസ് ക്ലബ്ബില്‍ വെച്ചായിരുന്നു ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്തത്.
കൊച്ചിയില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ എം. ശിവശങ്കര്‍ പറയുന്ന കാര്യങ്ങള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യും. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുക.
ഇതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യസൂത്രധാരനെന്ന് സംശയിക്കുന്ന വെട്ടത്തൂര്‍ സ്വദേശി കെ.ടി റമീസിനെ പ്രതിചേര്‍ക്കാന്‍ എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്. റമീസ് രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.
റമീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദീപ് നായരാണ് എന്‍.ഐ.എയ്ക്ക് നല്‍കിയത്. താന്‍ വഴിയാണ് സരിത്തിനേയും സ്വപ്‌നയേയും റമീസ് പരിചയപ്പെട്ടതെന്ന് സന്ദീപ് മൊഴി നല്‍കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക