സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള എന്‍.ഐ.എയുടെ തെളിവുകള്‍ വ്യാജം; റിപ്പോര്‍ട്ടിന്‍റെ വിശദാംശങ്ങള്
ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ വിചാരണത്തടവില്‍ കഴിയവേ മരണപ്പെട്ട സാമൂഹ്യപ്രവര്‍ത്തകന്‍ ഫാ.സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള പൊലീസ് രേഖകള്‍ കൃത്രിമമെന്ന് റിപ്പോര്‍ട്ട്. യു.എസിലെ ഫോറന്‍സിക് സ്ഥാപനമായ ആഴ്‌സണല്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിലാണ് സ്റ്റാന്‍ സ്വാമിക്കെതിരെയുള്ള പ്രധാന തെളിവുകളായി എന്‍.ഐ.എ ഉയര്‍ത്തിക്കാണിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി അന്വേഷണ എജന്‍സി സമര്‍പ്പിച്ചിരിക്കുന്ന 44 രേഖകള്‍ ഹാക്ക് ചെയ്ത് പ്ലാന്റ് ചെയ്തതാണെന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014ല്‍ ലാപ്‌ടോപ്പിലേക്ക് ആക്‌സസ് നേടിയ സൈബര്‍ അറ്റാക്കര്‍ അന്ന് മുതല്‍ 2019ല്‍ റെയ്ഡ് നടക്കുന്നത്  വരെയുള്ള അഞ്ച് വര്‍ഷത്തോളം ഈ ലാപ്‌ടോപ്പില്‍ കൃത്രിമ രേഖകളും മറ്റും ചേര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നെറ്റ്‌വെയര്‍ എന്ന മാല്‍വെയര്‍ ഉപയോഗിച്ചാണ് ഹാക്കര്‍ 2014 ഒക്ടോബര്‍ 19ന് ലാപ്‌ടോപ്പിലേക്ക് കടന്നുകയറിയത്. ഈ ലാപ്‌ടോപ്പില്‍ നടക്കുന്ന ആക്ടിവിറ്റികളെല്ലാം നിരീക്ഷിക്കുക, പല ഡോക്യുമെന്റുകളും പ്ലാന്റ് ചെയ്യുക എന്നിവയായിരുന്നു ഈ ഹാക്കര്‍ പ്രധാനമായും ചെയ്തിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

2018ല്‍ മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷത്തിന് പിന്നില്‍ സ്റ്റാന്‍ സ്വാമിയടക്കമുള്ള 15 പേരാണ് എന്നായിരുന്നു എന്‍.ഐ.എയുടെ വാദം. ഇതിന്റെ പേരില്‍ രാജ്യത്തെ പ്രഗത്ഭരായ എഴുത്തുകാര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അധ്യാപകര്‍ക്കുമെതിരെയായിരുന്നു എന്‍.എന്‍.ഐ രംഗത്തുവന്നത്.

പിന്നീട് പൂനെ പൊലീസ് പല സമയങ്ങളിലായി ഇവരുടെ വീടുകളില്‍ റെയ്ഡ് നടത്തി. തുടര്‍ന്ന് ലാപ്‌ടോപ്പുകളില്‍ നിന്ന് മാവോയിസ്റ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താനും പദ്ധതിയിട്ടതിന്റെ തെളിവുകള്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മാവോയിസ്റ്റ് നേതാക്കള്‍ക്ക് അയച്ചുവെന്ന് എന്‍.ഐ.എ അവകാശപ്പെടുന്ന ചില കത്തുകളായിരുന്നു സ്റ്റാന്‍ സ്വാമിക്കെതിരെയുണ്ടായിരുന്ന പ്രധാന തെളിവ്. എന്നാല്‍ ഈ കത്തുകള്‍ ഹാക്കര്‍ ലാപ്‌ടോപ്പില്‍ പ്ലാന്റ് ചെയ്തതാണെന്നാണ് ആഴ്‌സണല്‍ റിപ്പോര്‍ട്ടില്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹാക്കറുടെ ആക്ടിവിറ്റികളുടെ സ്‌ക്രീന്‍ ഷോട്ടുകളും ഈ റിപ്പോര്‍ട്ടിലുണ്ട്.

ഹാക്കര്‍ പ്ലാന്റ് ചെയ്ത രേഖകളോ ഫോള്‍ഡറുകളോ സ്റ്റാന്‍ സ്വാമി ഓപ്പണ്‍ ചെയ്തിട്ടില്ലെന്നും ഒരു രീതിയിലും ഈ രേഖകളുമായി കമ്യൂണിക്കേഷന്‍ നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൂനെ പൊലീസ് സ്റ്റാന്‍ സ്വാമിയുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തി ലാപ്‌ടോപ്പ് പിടിച്ചെടുക്കുന്നതിന്റെ തലേദിവസം ഹാക്കര്‍ വലിയ ക്ലീന്‍അപ് നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 ജൂണ്‍ 12നായിരുന്നു റെയ്ഡ് നടക്കുന്നത്. ജൂണ്‍ 11നാണ് ഹാക്കര്‍ ക്ലീന്‍ അപ് നടത്തുന്നത്.

മാല്‍വെയര്‍ ഉപയോഗിച്ച് നടത്തിയ എല്ലാ ആക്ടിവിറ്റികളുടെയും രേഖകള്‍ പ്ലാന്റ് ചെയ്തതിന്റെയും തെളിവുകള്‍ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ ഹാക്കര്‍ ക്ലീന്‍ അപ് നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പൊലീസ് റെയ്ഡിനെ കുറിച്ച് ഹാക്കര്‍ക്ക് നേരത്തെ തന്നെ അറിവുണ്ടായിരുന്നോ എന്ന സംശയമാണ് ഇത് ഉയര്‍ത്തുന്നത്.

നേരത്തെ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ റോണ വില്‍സണിനും സുരേന്ദ്ര ഗാഡ്‌ലിങ്ങിനും എതിരെയുള്ള തെളിവുകളും ഇത്തരത്തില്‍ പ്ലാന്റ് ചെയ്തതാണെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റോണ വില്‍സന്റെ ലാപ്‌ടോപ്പില്‍ 30ഉം ഗാഡ്‌ലിങ്ങിന്റേതില്‍ 14ഉം രേഖകള്‍ പ്ലാന്റ് ചെയ്തുവെന്നായിരുന്നു ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നത്.

സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ നടന്നതിന് സമാനമായ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ലാപ്‌ടോപ്പിലും നടന്നിരിക്കുന്നതെന്നും നെറ്റ്‌വെയര്‍ എന്ന മാല്‍വെയര്‍ തന്നെയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ആഴ്‌സണലിന്റെ റിപ്പോര്‍ട്ടിലുണ്ട്. മൂവരെയും ടാര്‍ഗെറ്റ് ചെയ്തത് ഒരേ ഹാക്കര്‍ തന്നെയാണെന്നും ഇതില്‍ പറയുന്നു.

2020ല്‍ അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് ഫാ.സ്റ്റാന്‍ സ്വാമി പുറത്തുവിട്ട വീഡിയോയില്‍ തനിക്കെതിരെയുള്ള തെളിവുകളെല്ലാം വ്യാജമാണെന്നും താന്‍ ഇവയെല്ലാം നിഷേധിക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.

‘മാവോയിസ്റ്റുകള്‍ തമ്മിലുള്ള കമ്യൂണിക്കേഷന്റെ ചില രേഖകള്‍ എന്റെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തിയെന്നാണ് എന്‍.ഐ.ഐ പറയുന്നത്. അതില്‍ എന്റെ പേരുണ്ടെന്നും അവര്‍ പറഞ്ഞു. എന്നിട്ട് എവിടെ വെച്ചാണ് ഈ നേതാക്കളെ കണ്ടതെന്ന് ചോദിച്ചു.

ഇപ്പറയുന്ന സന്ദേശങ്ങള്‍ ആര്, ആര്‍ക്കയച്ചു, തീയതി, അതിലെ ഒപ്പ് എന്നതിനൊയൊക്കെ സംബന്ധിച്ച് ഞാന്‍ അവരോട് തിരിച്ചുചോദിച്ചു. എന്നാല്‍ ഇതൊന്നും അതിലില്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ അസംബന്ധം നിറഞ്ഞ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുകയാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ ശരിവെക്കുന്ന രേഖകളും ഫോറന്‍സിക് റിപ്പോര്‍ട്ടുകളുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അതേസമയം, സുധ ഭരദ്വാജ്, വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേരിയ, വരവര റാവു, സുധീര്‍ ധവാലെ, സാഗര്‍ ഗോര്‍ഖെ, ഗൗതം നവ്‌ലാഖ, ആനന്ദ് തെല്‍തുംദെ, ഹാനി ബാബു, മഹേഷ് റൗട്ട്, രമേഷ് ഗായ്‌ച്ചോര്‍ തുടങ്ങിയവരായിരുന്നു ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായിരുന്നത്. ഇതില്‍ ചിലര്‍ക്ക് ആരോഗ്യസ്ഥിതിയും തെളിവുകളുടെ അഭാവവും മറ്റും കണക്കാക്കി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇപ്പോഴും വിചാരണത്തടവുകാരായി ജയിലില്‍ തുടരുകയാണ്.

അന്താരാഷ്ട്ര തലത്തില്‍ വരെ അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തകരായ ഇവരുടെ തടങ്കല്‍ മോദി സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ക്ക് മേല്‍ നടത്തുന്ന ക്രൂരമായ അടിച്ചമര്‍ത്തലാണെന്ന് നിരവധി സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു.

Content Highlight: NIA’s evidence against Stan Swamy is planted by hacker, says US Firm