ലഖ്‌നൗ: ബനാറസ് ഹിന്ദു സർവകലാശാലയിൽ ഭഗത് സിങ് സ്റ്റുഡന്റസ് മോർച്ചയുടെ (ബി.എസ്.എം) ഓഫിസിൽ റെയ്‌ഡ് ചെയ്യാനെത്തിയ ഉദ്യോഗസ്ഥർ വിദ്യാർത്ഥികളെ തല്ലിയെന്ന് പരാതി. ചൊവ്വാഴ്ച രാവിലെ മുതൽ ഉത്തർപ്രദേശിലെ ബി.എസ്.എം, പി.യു.സി.എൽ (പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ്) എന്നീ സംഘടകളെ കേന്ദ്രീകരിച്ചാണ് എൻ.ഐ.എ റെയ്ഡ് നടത്തുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിവിധ ഇടങ്ങളിൽ റെയ്ഡ്. പി.യു.സി.എൽ സംസ്ഥാന അധ്യക്ഷൻ സീമ ആസാദ്, പങ്കാളിയും അഭിഭാഷകനുമായ വിശ്വവിജയ്, അഭിഭാഷകൻ സോണി ആസാദ്, റിതേഷ് വിദ്യാർത്ഥി, മനീഷ് ആസാദ് എന്നിവരുടെ പ്രയാഗ്‌രാജിലെ വീടുകളിലും എൻ.ഐ.എ സംഘം റെയ്ഡ് നടത്തി. ഇവരെ നിയമവിരുദ്ധമായി മറ്റൊരിടത്തേക്ക് കൊണ്ടുപോയെന്നും ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നുമില്ലെന്നും ആരോപണം ഉയർന്നു.
രാഷ്ട്രീയമായ അടിച്ചമർത്തലിന്റെ ഭാഗമായാണ് ഈ റെയിഡുകൾ എന്ന് കാമ്പെയ്ൻ എഗൈൻസ്റ്റ് സ്റ്റേറ്റ് റിപ്രഷൻ (സി.എ.എസ്.ആർ) എന്ന കൂട്ടായ്‌മ ആരോപിച്ചു. കൈമുർ പീഠഭൂമിയിലെ സ്ഥലം പിടിച്ചെടുത്ത് കടുവ സങ്കേതം നിർമിക്കുന്നതിനെതിരെ നടക്കുന്ന ആദിവാസി സമരങ്ങൾക്ക് ബിഹാറിലെ കൈമുർ മുക്തി മോർച്ചയുടെ നേതൃത്വത്തിൽ സമരങ്ങൾ നടക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഈ റെയ്ഡുകൾ എന്നും 40 സംഘടനകളുടെ കൂട്ടായ്മയായ സി.എ.എസ്.ആർ ആരോപിക്കുന്നു. സംയുക്ത കിസാൻ മോർച്ച അംഗങ്ങളുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു.
‘കർഷകരുടെയും ആദിവാസികളുടെയും ഭൂമി കൊള്ളയടിക്കുന്ന സർക്കാരിനെതിരെ അഭിഭാഷകർ, രാഷ്ട്രീയ പ്രവർത്തകർ, വിദ്യാർത്ഥികൾ എന്നിവർ ഉൾപ്പെടുന്ന സംഘടനകൾ നിരന്തരം ശബ്ദമുയർത്താറുണ്ട്. കെ.എം.എം എന്ന സംഘടനയിലെ ആക്ടിവിസ്റ്റുകളെ നിരന്തരം തട്ടിക്കൊണ്ടുപോകുന്നു. സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പൊലീസ് വെടിയുതിർത്തു. ജനവിരുദ്ധമായ കേന്ദ്ര സർക്കാർ നയങ്ങളെ മറച്ചുപിടിക്കാൻ ആദിവാസികളെയും കർഷകരെയും മാവോയിസ്റ്റുകളായി മുദ്രകുത്തുകയാണ്. ഇന്ത്യൻ സർക്കാരിന്റെ ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ നീതി തേടുന്ന ജനങ്ങൾ സംഘടിച്ചുകൊണ്ട് പ്രതിരോധിക്കും,’ സി.എ.എസ്.ആർ പറഞ്ഞു.
Content Highlight: NIA raids in Uttar Pradesh target PUCL leaders, student outfit BSM