| Thursday, 29th December 2022, 8:13 am

'എന്‍.ഐ.എ ലക്ഷ്യം രണ്ടാംനിര നേതാക്കള്‍'; സംസ്ഥാന വ്യാപകമായി 56 പി.എഫ്.ഐ കേന്ദ്രങ്ങളില്‍ റെയ്ഡ് തുടങ്ങിയത് പുലര്‍ച്ചെ മൂന്ന് മണിയോടെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്. പി.എഫ്.ഐ നിരോധനത്തിന്റെ തുടര്‍ച്ചയാണ് പരിശോധന.

സംഘടനയിലുണ്ടായിരുന്ന രണ്ടാംനിര നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ടാണ് എന്‍.ഐ.എ റെയ്ഡ് നടത്തുന്ന്. സംസ്ഥാനത്ത് 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലര്‍ച്ചെ മൂന്ന് മണിയോടെ തന്നെ പലയിടങ്ങളിലും പരിശോധന ആരംഭിച്ചു.

വടക്കന്‍ കേരളത്തില്‍ എട്ടിടങ്ങളിലാണ് റെയ്ഡ്. പത്തനംതിട്ടയില്‍ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടില്‍ പരിശോധന നടത്തി. സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഹമ്മദ് റാഷിദിന്റെ വീട്ടിലും പരിശോധന നടത്തി.

ചിന്തൂര്‍, വണ്ടാനം, വീയപുരം, ഓച്ചിറ എന്നിവിടങ്ങളിലും എറണാകുളം ജില്ലയില്‍ ആലുവ, എടവനക്കാട്, വൈപ്പിന്‍ പ്രദേശങ്ങളിലുമാണ് പരിശോധന.

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലും പരിശോധന നടക്കുന്നു. എറണാകുളം റൂറലില്‍ 12 കേന്ദ്രങ്ങളില്‍ റെയ്ഡ് നടക്കുന്നു.

നിരോധനത്തിന് ശേഷവും സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് റെയ്ഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള പൊലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടക്കുന്നത്.

ദല്‍ഹിയില്‍ നിന്നുളള എന്‍.ഐ.എ ഉദ്യോഗസ്ഥരും റെയ്ഡിനായി കേരളത്തില്‍ എത്തിയിട്ടുണ്ട്. നിരോധനത്തിന് മുന്‍പ് രാജ്യവ്യാപകമായി പി.എഫ്.ഐ നേതാക്കളുടെ വീടുകളില്‍ സമാനമായ രീതിയില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയെ നിരോധിച്ചിരുന്നത്.

Content Highlight: NIA raids houses of former office-bearers of the state-wide Popular Front

We use cookies to give you the best possible experience. Learn more