national news
അമൃത്പാല്‍ സിങ് എം.പിയുടെ വസതികളില്‍ എന്‍.ഐ.എ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 13, 07:09 am
Friday, 13th September 2024, 12:39 pm

ചണ്ഡീഗഡ്: പഞ്ചാബില്‍ എം.പി അമൃത്പാല്‍ സിങ്ങിന്റെ വസതികളില്‍ റെയ്ഡ്. സംസ്ഥാനത്തെ നാല് ജില്ലകളിലായാണ് റെയ്ഡ് നടക്കുന്നത്. മോഗ, ജലന്ധര്‍, ഗുരുദാസ്പുര്‍, അമൃത്സര്‍ എന്നീ ജില്ലകളിലാണ് റെയ്ഡ്.

എം.പിയുടെ ബന്ധക്കളുടെ വസതികളിലും റെയ്ഡ് നടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്‍.ഐ.എയുടേതാണ് നടപടി.

2023 മാര്‍ച്ചില്‍ കാനഡയിലെ ഒട്ടാവയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തിലാണ് റെയ്ഡ്. ഈ ആക്രമണം ഖലിസ്ഥാന്‍ വാദികളുടെ അറിവോട് കൂടിയാണ് നടന്നതെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു.

ഒരു വര്‍ഷം മുമ്പ് കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ മന്ദിരത്തിന് നേരെ ഗ്രാനൈഡ് ആക്രമണം നടന്നിരുന്നു. മന്ദിരത്തിലെ ഇന്ത്യന്‍ പതാക താഴ്ത്തി കെട്ടുകയും തുടര്‍ന്ന് സംഭവ സ്ഥലത്ത് സംഘര്‍ഷമുണ്ടാകുകയുമായിരുന്നു.

സംഭവത്തില്‍ എന്‍.ഐ.എ അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് അമൃത്പാല്‍ സിങ്ങിന്റെ വസതികളില്‍ കേന്ദ്ര ഏജന്‍സി റെയ്ഡ് നടത്തുന്നത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെ ഒമ്പത് മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്.  ആക്രമണത്തിൽ ജൂൺ എട്ടിന് ദൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ കേസ്എം രജിസ്റ്റർ ചെയ്തിരുന്നു.

2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ ഖാദൂർ സാഹിബിൽ നിന്നാണ് അമൃത്പാൽ സിങ് വിജയിച്ചത്. ഈ സമയം അമൃത്പാൽ സിങ് അസമിലെ ദിബ്രുഗഢ് ജയിലിൽ തടവിലായിരുന്നു.

തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അമൃത്പാലിന് എന്‍.എല്‍.എ പരോള്‍ അനുവദിച്ചിരുന്നു. സത്യപ്രതിജ്ഞക്ക് വേണ്ടി ജൂലൈ അഞ്ച് മുതല്‍ നാല് ദിവസത്തെ പരോളാണ് എന്‍.ഐ.എ നല്‍കിയത്. അമൃത്പാൽ സിങ്ങിനെ കുടുംബത്തെ കാണാൻ അനുവദിക്കുമെന്നും എന്നാൽ ദൽഹിയുടെ പ്രദേശിക അധികാരപരിധി വിട്ടുപോകാൻ കഴിയില്ലെന്നും കോടതി അറിയിച്ചിരുന്നു.

2023 മാര്‍ച്ച് 18 മുതല്‍ അമൃത്പാല്‍ സിങ്ങും അനുയായികളും ഒളിവിലായിരുന്നു. അജ്നാല പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചതുള്‍പ്പെടെ നിരവധി കേസുകള്‍ അമൃത്പാലിനെതിരെയുണ്ട്. തുടര്‍ന്നുള്ള അന്വേഷത്തില്‍ അമൃത്പാല്‍ സിങ് അറസ്റ്റിലാകുകയായിരുന്നു.

ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച അമൃത്പാലിന്റെ പങ്കാളി കിരണ്‍ദീപ് കൗറിനെ പൊലീസ് നേരത്തെ തടഞ്ഞിരുന്നു. നേരത്തെ അമൃത്പാല്‍ സിങ്ങ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ കണ്ട് പാകിസ്ഥാനുമായും നേപ്പാളുമായുമുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Content Highlight: NIA raided the residences of Amritpal Singh MP