ന്യൂദൽഹി: മനുഷ്യക്കടത്ത് നടത്തുന്നവരെ പിടികൂടുന്നതിനായി ദേശീയ അന്വേഷണ ഏജൻസിയായ എൻ. ഐ. എ ബുധനാഴ്ച രാജ്യ വ്യാപകമായി റെയ്ഡുകൾ നടത്തി. റെയ്ഡിനെ തുടർന്ന് മ്യാൻമാറിൽ നിന്നുള്ള ഒരാളെ ജമ്മുവിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
എട്ട് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട റെയ്ഡുകൾ നടത്തിയതെന്ന് എൻ. ഐ.എ വക്താവ് ടെലെഗ്രാഫിനോട് പറഞ്ഞു.
ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്നാട്, തെലുങ്കാന, ഹരിയാന, രാജസ്ഥാൻ, ജമ്മുകശ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലാണ് അന്വേഷണം നടത്തിയതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജമ്മു കശ്മീരിൽ നടത്തിയ റെയ്ഡിൽ മ്യാൻമാറിൽ നിന്നുള്ള ഒരു രോഹിഗ്യൻ മുസ്‌ലിമിനെ കസ്റ്റഡിയിൽ എടുത്തതായി എൻ.ഐ.എ ഉദ്യോഗസ്ഥൻ ജമ്മുവിൽ പറഞ്ഞു.
മേഖലയിലെ താൽക്കാലിക വസതിയിൽ നിന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സഫർ ആലമിനെ കസ്റ്റഡിയിലെടുത്തത്.
നിലവിൽ മ്യാൻമാർ കുടിയേറ്റക്കാർ താമസിക്കുന്ന ചേരികളിൽ മാത്രമാണ് റെയ്ഡുകൾ നടത്തിയത്. പാസ്പോർട്ട് നിയമലംഘനം, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlight: NIA raid on human trafficking