| Wednesday, 24th March 2021, 9:35 am

ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് എന്‍.ഐ.എ; ജയിലില്‍ അനുഭവിച്ച പീഡനങ്ങള്‍ തുറന്നെഴുതി അഖില്‍ ഗൊഗോയി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുവാഹത്തി: എന്‍.ഐ.എ കസ്റ്റഡിയിലിരിക്കെ ജയിലില്‍ ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതായി ആക്ടിവിസ്റ്റും കര്‍ഷക നേതാവുമായ അഖില്‍ ഗൊഗോയി. ജയിലില്‍ നിന്ന് അദ്ദേഹം അയച്ച കത്തിലാണ് താന്‍ നേരിട്ട പീഡനങ്ങളെക്കുറിച്ച് പറഞ്ഞത്.

‘എന്‍.ഐ.എ ആസ്ഥാനത്ത്, എന്നെ ലോക്കപ്പ് നമ്പര്‍ ഒന്നിലാണ് പാര്‍പ്പിച്ചിരുന്നത്. വൃത്തിയില്ലാത്ത പുതപ്പാണ് എനിക്ക് നല്‍കിയത്. 3-4 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ തറയില്‍ കിടക്കേണ്ടി വന്നു. ആര്‍.എസ്.എസില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ചോദ്യം ചെയ്യലിനിടെ എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു,’ ഗൊഗോയി പറഞ്ഞു.

എന്നാല്‍ ആര്‍.എസ്.എസില്‍ ചേരില്ലെന്ന് പറഞ്ഞപ്പോള്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ ജാമ്യം നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഗൊഗോയി പറഞ്ഞു.

അതേസമയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കി വിജയിപ്പിക്കണമെന്ന് അസമിലെ ജനങ്ങളോട് അദ്ദേഹം മറ്റൊരു കത്തില്‍ ആഹ്വാനം ചെയ്തിരുന്നു.

അസമിനെ രക്ഷിക്കാനായി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ നിയോജകമണ്ഡലങ്ങളിലെയും ഏറ്റവും ശക്തനായ ബി.ജെ.പി ഇതര സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സിബ്സാഗര്‍ നിയോജകമണ്ഡലത്തില്‍ നിന്നാണ് അഖില്‍ ഗൊഗോയി മത്സരിക്കുന്നത്.

അസമിനെയും ജനങ്ങളുടെ ഭാവിയെയും ജനാധിപത്യ വിരുദ്ധ ബി.ജെ.പിയില്‍ നിന്ന് രക്ഷിക്കാനാണ് ഞാന്‍ ജയിലില്‍ നിന്ന് ഈ കത്ത് അയയ്ക്കുന്നതെന്ന് അഖില്‍ ഗൊഗോയ് പറഞ്ഞിരുന്നു. അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് ജയിലില്‍ കഴിയുകയാണ് ഗൊഗോയി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: NIA offered bail if he joined RSS says akhil gogoi

We use cookies to give you the best possible experience. Learn more