ന്യൂദല്‍ഹി: 2007ലെ സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസിലെ മുഖ്യപ്രതി അസീമാനന്ദയ്ക്ക് ജാമ്യം അനുവദിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് ചൗധരിയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.
അസീമാനന്ദയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തക്ക തെളിവുകള്‍ ഇല്ലെന്നാണ് ഭീകര വിരുദ്ധ ഏജന്‍സിയായ എന്‍.ഐ.എ അറിയിച്ചതെന്നും മന്ത്രി അറിയിച്ചു. 2014ല്‍ ജാമ്യം ലഭിച്ചിട്ടും നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ അസീമാനന്ദ ഇപ്പോഴും ജയിലില്‍ തുടരുകയാണെന്നും മന്ത്രി അറിയിച്ചു.
2007 ഫെബ്രുവരി 18നായിരുന്നു ലാഹോറിനും ദല്‍ഹിക്കുമിടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനം ഉണ്ടായിരുന്നത്. ഹരിയാനയിലെ പാനിപത്തിനടുത്ത് വെച്ചായിരുന്നു സ്‌ഫോടനം നടന്നിരുന്നത്. സ്‌ഫോടനത്തില്‍ മരണപ്പെട്ട 68 പേരില്‍ ഭൂരിഭാഗം പേരും പാകിസ്ഥാന്‍ പൗരന്‍മാരായിരുന്നു.
കേസില്‍ 2010 നവംബറിലായിരുന്നു അസീമാനന്ദയെ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നത്. സ്‌ഫോടനത്തില്‍ പങ്കാളികളായ സുനില്‍ ജോഷി, രാമചന്ദ്ര കല്‍സാംഗാര, സന്ദീപ് ഡാങ്കെ, ലോകേഷ് ശര്‍മാനന്ദ്, കമാല്‍ ചൗഹാന്‍ എന്നിവരെയും എന്‍.ഐ.എ പ്രതി ചേര്‍ത്തിരുന്നു. പിന്നീട് ഹൈദരാബാദിലെ മക്ക മസ്ജിദ് സ്‌ഫോടനത്തിലും, അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനത്തിലും തനിക്ക് പങ്കുണ്ടെന്ന് അസീമാനന്ദ കുറ്റ സമ്മതം നടത്തിയിരുന്നു.
തങ്ങളുടെ പൗരന്‍മാര്‍ കൊല്ലപ്പെട്ട കേസില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്ന് പാകിസ്ഥാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.
അതേ സമയം ഇരു രാഷ്ട്രങ്ങളിലേയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച നടക്കാനിരിക്കെ അസീമാനന്ദയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ പോകാത്തത് മുംബൈ ഭീകരാക്രമണ കേസില്‍ സകിയുര്‍ഹ്മാന്‍ ലഖ്‌വിക്ക് പാക് കോടതി ജാമ്യം നല്‍കിയതിനുള്ള ഇന്ത്യയുടെ ആരോപണങ്ങള്‍ക്ക് വിലങ്ങു തടിയാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.