|

ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെ സി-ആപ്റ്റിലും എന്‍.ഐ.എ സംഘം പരിശോധന നടത്തുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവിലെ സി-ആപ്റ്റില്‍ എന്‍.ഐ.എ സംഘം പരിശോധന നടത്തുന്നു. മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സി-ആപ്റ്റിലും പരിശോധന നടത്തുന്നത്.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്നെത്തിച്ച മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് എന്‍.ഐ.എ പരിശോധിക്കുന്നത്.

മതഗ്രന്ഥം കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീലിനെ നേരത്തേ കസ്റ്റംസും എന്‍.ഐ.എയും ചോദ്യം ചെയ്തിരുന്നു.

കസ്റ്റംസും നേരത്തെ സി-ആപ്റ്റില്‍ പരിശോധന നടത്തിയിരുന്നു. കൊച്ചിയില്‍ നിന്നെത്തിയ എന്‍.ഐ.എ സംഘം സി-ആപ്റ്റില്‍ ആദ്യമെത്തി കുറച്ച് സമയം അവിടെ ചെലവഴിച്ചശേഷം മടങ്ങിയിരുന്നു. പിന്നീട് മിനിറ്റുകള്‍ക്കകം തന്നെ സംഘം മടങ്ങിയെത്തി പരിശോധന തുടര്‍ന്നു.

യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ മലപ്പുറത്തേക്ക് കൊണ്ടുപോയിരുന്നത്. കഴിഞ്ഞ ദിവസം കസ്റ്റംസ് ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാരെ ചോദ്യം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights: nia inquiry in c apt