| Thursday, 16th July 2020, 5:26 am

മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും എന്‍.ഐ.എയ്ക്ക് സ്തുതി പാടുമ്പോള്‍ അറിയണം എന്‍.ഐ.എയുടെ ഇന്ത്യന്‍ ചരിത്രം

ശ്രിന്‍ഷ രാമകൃഷ്ണന്‍

സ്വര്‍ണക്കടത്ത് കേസ്സില്‍ അന്വേഷണം ഏറ്റെടുത്ത എന്‍.ഐ.എയ്ക്ക് കേരളത്തിലിപ്പോള്‍ താരപരിവേശമാണ്. സംസ്ഥാനസര്‍ക്കാറിന്റെ പിടിപ്പുകേടുകളെ ഓരോന്നായി പുറത്തുകൊണ്ടുവരാന്‍ കേന്ദ്രം നേരിട്ട് ഇറക്കിയതാണ് എന്‍.ഐ.ഐ എന്ന തരത്തില്‍ ബി.ജെ.പി നേതാക്കളും, എന്‍.ഐ.എ ഏറ്റെടുക്കുന്നതോടുകൂടി കേസ്സിലെ മുഴുവന്‍ ചുരുളുകളും അഴിയുമെന്ന തരത്തില്‍ പ്രതിപക്ഷപാര്‍ട്ടികളും ദിവസവും ചാനല്‍ച്ചര്‍ച്ചകളിലും മറ്റുമിരുന്ന് എന്‍.ഐ.എയ്ക്ക് സ്തുതികീര്‍ത്തനങ്ങള്‍ ഉരുവിടുകയാണ്. മിക്കയിടങ്ങളിലും എന്‍.ഐ.എയ്ക്ക് ആര്‍പ്പുവിളിക്കലും  അഭിവാദ്യമര്‍പ്പിക്കലുമൊക്കെയാണ്. എന്തിന് പറയുന്നു എന്‍.ഐ.എയുടെ വാഹനത്തിന്റെ ടയര്‍ പഞ്ചറായാല്‍ പോലും അത് പല മാധ്യമങ്ങളുടെയും  എക്സ്‌ക്ലൂസീവ് വാര്‍ത്തയാണ്.

വിവാദമാകുന്ന കേസ്സുകളിലെല്ലാം ക്രൈം ബ്രാഞ്ച് അന്വേഷണം വേണം, സി.ബി.ഐ അന്വേഷണം വേണം എന്നീ ആവശ്യങ്ങളായിരുന്നു മുമ്പ് നാം കേട്ടിരുന്നത്. ഇപ്പേള്‍ സ്ഥിതി മാറി. എന്‍.ഐ.എ ആണ് ഇപ്പോള്‍ ട്രെന്റ്.

ഇങ്ങനെ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളും മാധ്യമങ്ങളുമെല്ലാം എന്‍.ഐ.എയ്ക്ക് പിന്നില്‍ അണിനിരക്കുമ്പോള്‍, എന്‍.ഐ.ഭാഷ്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങുമ്പോള്‍ നാം അറിയേണ്ട, അല്ലെങ്കില്‍ ഒന്ന് പുനപരിശോധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്താണ് ഈ രാജ്യത്ത് എന്‍.ഐ.ഐയുടെ ചരിത്രമെന്നത്.

നിരവധി നിരപരാധികളെ വ്യാജതെളിവുകളുണ്ടാക്കി ജയിലിലടച്ച സംഭവങ്ങള്‍, കൂട്ടക്കൊലകളും കലാപങ്ങളും നടത്തിയവരെ സഹായിക്കാനും രക്ഷിക്കാനും നടത്തിയ ശ്രമങ്ങള്‍, നിയമത്തെ നോക്കുകുത്തിയാക്കി നടത്തിയ നിരവധി വ്യാജ ഏറ്റുമുട്ടലുകള്‍ തുടങ്ങി എന്‍.ഐ.എ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ഒട്ടനേകം സംഭവങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്.

 എന്താണ് എന്‍.ഐ.എയുടെ ഇന്ത്യന്‍ ഭൂതകാലം.

സമീപകാല കേരളത്തില്‍ എന്‍.ഐ.എ എന്ന പദം നാം കൂടുതലായി കേട്ടത് പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ടാണ്. സി.പി.ഐ.എം പ്രാദേശിക ബ്രാഞ്ചുകളില്‍ അംഗങ്ങളായിരുന്ന അലന്‍,താഹ എന്നീ വിദ്യാര്‍ത്ഥികളെ 2019 നവംബര്‍ രണ്ടിനാണ് പന്തീരങ്കാവ് പൊലീസ്  മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യുന്നതും ഇരുവര്‍ക്കുമെതിരെ യു.എ.പി.എ കുറ്റം ചുമത്തുന്നതും. കേസ് പിന്നീട് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. പന്തീരങ്കാവ് കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനെതിരെ അന്ന് വ്യാപക എതിര്‍പ്പാണ് ഉണ്ടായിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ അറിയാതെയാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത് എന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.

കേസില്‍ തന്നോടൊപ്പം അറസ്റ്റിലായ താഹയ്ക്കെതിരായി മൊഴി നല്‍കി മാപ്പ് സാക്ഷിയാകാന്‍ എന്‍.ഐ.എ സംഘം തന്നെ നിര്‍ബന്ധിച്ചുവെന്ന് അലന്‍ പറഞ്ഞിരുന്നു. ഗുരുതരമായ ആരോപണമാണിത്. പക്ഷേ ഇന്ന് എന്‍.ഐ.എ വാഹനത്തിന്റെ ടയര്‍ പഞ്ചറായ വാര്‍ത്തയ്ക്ക് ലഭിക്കുന്ന പ്രാധാന്യം പോലും അന്ന് അലന്‍ എന്ന വിദ്യാര്‍ത്ഥിയുടെ മൊഴിക്ക് ലഭിച്ചിരുന്നില്ല.  പന്തീരങ്കാവ് കേസ് സമീപകാല കേരളത്തിന് എന്‍.ഐ.എയുമായി ബന്ധപ്പെട്ടുണ്ടായ ഒരനുഭവം മാത്രമാണ്. എന്നാല്‍ രാജ്യമസാകലം ശ്രദ്ധേയമായിരുന്ന നിരവധി സംഭവങ്ങളില്‍ എന്‍.ഐ.യുടെ പങ്ക് കുറേ കൂടി ഗൗരവമേറിയതാണ്.

2007 ല്‍ നടന്ന സംജോത എക്സ്പ്രസ് സ്ഫോടന കേസില്‍ സ്വാമി അസീമാനന്ദയേയും മറ്റ് മൂന്നു പേരെയും എന്‍.ഐ.എ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി രക്ഷപ്പെടുത്തുകയാണുണ്ടായത്. കുറ്റാരോപിതരെ ശിക്ഷിക്കാന്‍ മാത്രം പര്യാപ്തമായ തെളിവുകളുടെ അഭാവത്തിലാണ് അസീമാനന്ദയെ വിട്ടയച്ചത് എന്നായിരുന്നു പാര്‍ലമെന്റില്‍ അന്ന് അമിത് ഷാ പറഞ്ഞത്.

കേസില്‍ നിരവധി സാക്ഷികളെ ഹാജരാക്കാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നിട്ടും എന്‍.ഐ.എ അതിന് തയ്യാറായില്ല എന്നും ആവശ്യത്തിലധികം തെളിവുകള്‍ ഉണ്ടായിരുന്നിട്ടും കോടതിയില്‍ കേസ് ശക്തമായി വാദിക്കുന്നതില്‍ എന്‍.ഐ.എ പിന്‍മാറുകയായിരുന്നുവെന്നുമാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ദ വയറിനോട് വെളിപ്പെടുത്തിയത്.  2014ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എന്‍.ഐ.എയ്ക്ക് കേസില്‍ താത്പര്യം നഷ്ടപ്പെട്ടു എന്നാണ് ഈ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

ഹൈദരാബാദിലെ മക്ക മസ്ജിദ് സ്ഫോടനകേസിലും തെളിവുകളുടെ അഭാവത്തില്‍ സ്വാമീ അസീമാനന്ദ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു.  2018 ഏപ്രിലിലാണ് എന്‍.ഐ.എ പ്രത്യേക കോടതിയുടെ വിധി വന്നത്. ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതിന്റെ അംഗങ്ങളായിരുന്നു ഈ കേസിലെ പ്രതികള്‍. 2007 മെയ് 18നാണ് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദില്‍ സ്ഫോടനം നടക്കുന്നത്. ഇതില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് നടന്ന പൊലീസ് വെടിവെപ്പിലും അഞ്ച് പേര്‍ കൊല്ലപ്പെട്ടിരുന്നു.  ഇന്ത്യയില്‍ പലയിടത്തും നടന്ന സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് ഒരേ പ്രതികളുടെയും, ഒരേ സംഘടനയുടെയും പേരുകള്‍ ആവര്‍ത്തിക്കുന്നുണ്ട്. അവിടെയെല്ലാം തെളിവുകളുടെ അഭാവം, സാക്ഷികളുടെ കൂറുമാറല്‍, ശക്തമല്ലാത്ത തെളിവുകള്‍, ദുര്‍ബല വാദങ്ങള്‍, അങ്ങനെ എന്‍.ഐ.എ തുറന്നുകൊടുത്ത വാതായനങ്ങളിലൂടെ കലാപകാരികളും കൊലപാതകികളും പുഷ്പം പോലെ പുറത്തുവരികയായിരുന്നു.

മക്ക മസ്ജിദ് വിധിക്ക് പിന്നാലെ ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി പറഞ്ഞത് എന്‍.ഐ.എ എന്നത് കൂട്ടിലടക്കപ്പെട്ട, ബധിരയും മൂകയുമായ പക്ഷിയാണെന്നാണ്. തെളിവില്ല എന്നുകാണിച്ച് നിരവധി കേസ്സുകളിലാണ് എന്‍.ഐ.എ അസീമാനന്ദയെ രക്ഷപ്പെടുത്തിയത്.

ഈ കേസില്‍ മാത്രം എന്‍.ഐ.എയുടെ 50ലധികം സാക്ഷികളാണ് കൂറുമാറിയത്. ഈ കേസില്‍ മാത്രമല്ല ചില കേസുകളില്‍ കൂറുമാറാന്‍ വേണ്ടി മാത്രം എന്‍.ഐ.എ സാക്ഷികളെ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് വിമര്‍ശനങ്ങളുയര്‍ന്നത്. സംജോത എക്സ്പ്രസ് സ്ഫോടനക്കേസിലും സമാനമായ രീതിയില്‍ സാക്ഷികള്‍ കുറുമാറുകയായിരുന്നു. അജ്മീര്‍ സ്ഫോടനക്കേസിലും എന്‍.ഐ.എ, പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന് മാത്രമല്ല, പ്രതികള്‍ക്കനുകൂലമായി വിധി വന്നപ്പോള്‍ അതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാന്‍ പോലും എന്‍.ഐ.എ തയ്യാറായില്ല.

കഥ ഇവിടെയും തീരുന്നില്ല

2008 സെപ്തംബര്‍ 29ന് മാലേഗാവിലെ ഷാക്കീല്‍ ഗുഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന എല്‍.എം.എല്‍ ഫ്രീഡം ബൈക്ക് പൊട്ടിത്തെറിച്ച് മുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 100ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച ബൈക്കിന് പിറകെ അന്വേഷണം നടത്തിയ പൊലീസ് എത്തിയത് സംഘപരിവാര്‍ നേതാവായ സാധ്വി പ്രഖ്യ സിങ് ഠാക്കൂറിലായിരുന്നു.

അന്നത്തെ മാഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലവനായിരുന്ന ഹേമന്ദ് കാര്‍ക്കറെയ്ക്കായിരുന്നു അന്വേഷണ ചുമതല. സൂറത്ത്, നാസിക്, പൂനെ, ഭോപ്പാല്‍ ഇന്‍ഡോര്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയ കാര്‍ക്കറെയും സംഘവും സ്‌ഫോടനത്തില്‍ ഗൂഢാലോചന നടത്തിയ സൈനികന്‍ ലെഫ്റ്റനന്റ്  കേണല്‍ പ്രസാദ് പുരോഹിതിനെയും റിട്ടയേര്‍ഡ് മേജര്‍ രമേശ് ഉപാധ്യയയേയും അറസ്റ്റ് ചെയ്തു. മുസ്ലിങ്ങള്‍ക്കെതിരെ ഹിന്ദു തീവ്രവാദികള്‍ നടത്തിയ നാളുകള്‍ നീണ്ട ഗൂഢാലോചനയുടെ  ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 2009 ജനുവരി 20ന് അന്വേഷണ സംഘം കേസിലെ ആദ്യ കുറ്റപത്രം മഹാരാഷ്ട്രയിലെ മക്കോക്ക കോടതിയില്‍ സമര്‍പ്പിച്ചു.

ഇതേ കേസില്‍ രണ്ട് വര്‍ഷത്തിന് ശേഷം സ്വാമി അസീമാനന്ദയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റം സമ്മതിച്ച അസീമാനന്ദ ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയായിരുന്നു ഗൂഢാലോചനയുടെ സൂത്രധാരനെന്നും വെളിപ്പെടുത്തിയിരുന്നു. സംജോത  എക്‌സ്പ്രസ്, അജ്മീര്‍ ദര്‍ഗ, മക്ക മസ്ജിദ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്കെല്ലാം പിന്നിലും ഒരേ ഹിന്ദു തീവ്രവാദ സംഘടനയായിരുന്നുവെന്നും അസീമാനന്ദ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെളിപ്പെടുത്തിയിരുന്നു.

ഹേമന്ത് കര്‍ക്കറയുടെ അന്വേഷണവും കണ്ടെത്തലുകളും സംഘപരിവാറിന് അന്ന് വലിയ പരിക്കാണ് സൃഷ്ടിച്ചത്. ഏറെ കോളിളക്കങ്ങള്‍ സംഭവിച്ചതോടെ ഉന്നതതല ഇടപെടലുകളുണ്ടാവുകയും കേസിന്റെ തുടരന്വേഷണം എന്‍.ഐ.ഐ യിലെത്തുകയും ചെയ്തു. ഹേമന്ദ് കാര്‍ക്കറെയുടെ അന്വേഷണത്തില്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായ വിവരങ്ങള്‍ കണ്ടെത്തിയ ഈ കേസ്സില്‍ പിന്നീട് എന്‍.ഐ.എ തുടരന്വേഷണം നടത്തിയപ്പോള്‍ സംഭവിച്ചത് നേരെ വിപരീതമായ കാര്യങ്ങളായിരുന്നു.

ഹേമന്ദ് കാര്‍ക്കറെയുടെ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയുമെല്ലാം അട്ടിമറിക്കുന്നതായിരുന്നു എന്‍.ഐ.എയുടെ കേസ്സിലെ ഇടപെടല്‍. കാര്‍ക്കറെയുടെ കണ്ടെത്തലുകള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതാണെന്ന് എന്‍.ഐ.എ പറഞ്ഞു. പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ തെളിവുകള്‍ ശക്തമല്ലെന്ന് എന്‍.ഐ.എ കോടതിയെ അറിയിച്ചു. കേസിലെ മുഴുവന്‍ പ്രതികള്‍ക്കുമെതിരായ മക്കോക്ക നിയമം എടുത്തുകളയുകയും ചെയ്തു.

കേസില്‍ പ്രധാന തെളിവായിരുന്ന പ്രഖ്യ സിങ് ഠാക്കൂറിന്റെ പേരിലുണ്ടായിരുന്ന ബൈക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ഉപയോഗിക്കുന്നത് മറ്റൊരാളാണെന്ന് എന്‍.ഐ.എ  കോടതിയെ അറിയിച്ചു. പ്രഗ്യ സിങ്ങിനെ കുറ്റവിമുക്തയാക്കികൊണ്ട് എന്‍.ഐ.എ പുതിയ കുറ്റപത്രവും സമര്‍പ്പിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് ജാമ്യവും ലഭിച്ചു. എന്നാല്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തലുകള്‍ അതുപോലെ അംഗീകരിക്കാതിരുന്ന കോടതി യു.എ.പി.എ നിയമത്തിന് കീഴില്‍ പ്രതികള്‍ വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു.

രാജ്യത്ത് വലിയകലാപങ്ങള്‍ അഴിച്ചുവിടുന്നതിനായി ലക്ഷ്യമിട്ട് നടത്തിയ തുടര്‍സ്‌ഫോടനപരമ്പരകളുടെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍ നേതാക്കളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷിച്ച് നിരപരാധികള്‍ എന്ന ക്ലീന്‍ ചിറ്റ് നേടിക്കൊടുക്കുന്നതിനുള്ള ബി.ജെ.പിയുടെ നീക്കങ്ങളില്‍ ഒരു ഉപകരണം മാത്രമായിരുന്നു എന്‍.ഐ.എ എന്ന് ഇവിടെ വ്യക്തമാണ്.

മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി സാധ്വി പ്രഗ്യ സിങ് ഠാക്കൂറിനെ 2019ല്‍ ബി.ജെ.പി തങ്ങളുടെ മണ്ഡലത്തില്‍ നിന്നുള്ള ലോക്സഭ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പില്‍ അവര്‍ വിജയിക്കുകയും ചെയ്തു.
ബോംബ് സ്‌ഫോടനമടക്കമുള്ള തീവ്രവാദ പ്രവര്‍ത്തനത്തില്‍ പ്രതിയായ ഒരു കുറ്റവാളിയെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് പാര്‍ലമെന്റിലെത്തിക്കാനുള്ള ബി.ജെ.പി നീക്കങ്ങള്‍ക്ക് എല്ലാ വഴിയും തുറന്നുകൊടുക്കുകയായിരുന്നു എന്‍.ഐ.എ

സമീപകാലത്ത് രാജ്യം ഏറെ ചര്‍ച്ച ചെയ്ത ഭീമ കൊറേഗാവ് കേസ്സിലും എന്‍.ഐ.യുടെ ഇടപെടലുകള്‍ അങ്ങേയറ്റം ദുരൂഹവും സംശയാസ്പദവുമാണ്.

2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയില്‍ ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ ഇവര്‍ക്കെതിരെ പൊലീസില്‍ മൊഴി നല്‍കിയ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കൊല്ലപ്പെട്ട നിലയിലാണ് പിന്നീട് കണ്ടെത്തിയത്.\

മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്ന ഭീമ കൊറേഗാവ് കേസ്സിന്റെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു. എന്‍.ഐ.എയുടെ അന്വേഷണത്തില്‍ സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരായ സുധാ ഭരദ്വാജ്, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, ഷോമ സെന്‍, മഹേഷ് റൗത്ത്, അരുണ്‍ ഫെരേറിയ, വരവരറാവു തുടങ്ങിയവര്‍ ആദ്യഘട്ടത്തിലും ആനന്ദ് തെല്‍തുംദെ, ഗൗതം നവലാഖ് എന്നിവര്‍ പിന്നീടുമായി അറസ്റ്റ് ചെയ്യപ്പെടുന്നത്.

കേന്ദ്രത്തിന്റെ തനി നിറം പുറത്തുവരുമെന്ന ഭയത്തിലാണ് എന്‍.ഐ.എയ്ക്ക് അന്വേഷണ ചുമതല നല്‍കിയത് എന്നായിരുന്നു എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ അന്ന് പ്രതികരിച്ചത്. മഹാരാഷ്ട്ര സര്‍ക്കാരില്‍ നിന്ന് അനുമതിയൊന്നും വാങ്ങാതെ കേസ് എന്‍.ഐ.എ ഏറ്റെടുത്തതിനെതിരെ അവിടുത്തെ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖും രംഗത്ത് എത്തിയിരുന്നു.

ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടം അവരുടെ രാഷ്ട്രീയ എതിരാളികളായി കണക്കാക്കുന്ന വിഭാഗങ്ങള്‍, പ്രത്യേകിച്ചും ദളിത് ആദിവാസി ജനത, മത ന്യൂനപക്ഷങ്ങള്‍, കമ്യൂണിസ്റ്റുകള്‍, രാഷ്ട്രീയത്തടവുകാര്‍, ഇവരുടെയെല്ലാം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം തടവറയ്ക്കുള്ളിലാക്കി ആ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദിയുടെ ഭരണകൂടം ശ്രമിക്കുന്നത് എന്നും അതിന് വേണ്ടിയുള്ള ഒരു വ്യാജ തിരക്കഥയാണ് എന്‍.ഐ.എ ഭീമ കൊറേഗാവ് കേസ്സില്‍ തയ്യാറാക്കിയിരിക്കുന്നതെന്നുമാണ് ആക്ടിവിസ്റ്റുകള്‍ക്ക് നേരെയുള്ള ഈ കൂട്ട അറസ്റ്റിനെ രാജ്യത്തെ രാഷ്ട്രീയ സമൂഹം വിലയിരുത്തിയത്.

ഇത്തരം നിരീക്ഷണങ്ങള്‍ക്ക് സാധുത നല്‍കുന്നതാണ് കാരവന്‍ മാഗസിന്‍ ഈയിടെ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട്. ഭീമാ കൊറേഗാവ് സംഭവത്തെക്കുറിച്ചുള്ള എന്‍.ഐ.എ അന്വേഷണം, രാഷ്ട്രീയ പ്രേരിതമാണെന്നതിന്റെ തെളിവുകള്‍ ഈ റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്.
കേസില്‍ അറസ്റ്റിലായ റോണ വില്‍സണുമായി ബന്ധപ്പെട്ടതാണത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള നക്‌സലൈറ്റുകളുടെ പദ്ധതി രൂപരേഖ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ നിന്ന് ലഭിച്ചുവെന്നായിരുന്നു എന്‍.ഐ.എ നേരത്തെ പറഞ്ഞിരുന്നത്. കോടതിയില്‍ ഹാജരാക്കുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കുകയും ചെയ്ത റോണ വില്‍സന്റെ ഹാര്‍ഡ് ഡിസ്‌ക്ക് കാരവന്‍ മാഗസിന്‍ സൈബര്‍ ഫോറന്‍സിക്ക് വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ചു. അപ്പോഴാണ് പുറത്തുനിന്ന് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനും ഫയലുകള്‍ അതില്‍ ഉള്‍പ്പെടുത്താനുമുള്ള മാല്‍വയര്‍ ആ ഡിസ്‌ക്കില്‍ ഉണ്ടെന്ന് വ്യക്തമായത്. കേസില്‍ എന്‍.ഐ.എ തിരിമറി നടത്തിയതിന്റെ തെളിവുകളും ലഭിച്ചതായും കാരവന്‍ മാഗസിന്‍ വ്യക്തമാക്കിയിരുന്നു.

അധികാര രാഷ്ട്രീയത്തിന്റെ ചട്ടുകമായി എക്കാലവും പ്രവര്‍ത്തിച്ചുപോന്ന ഒരു ചരിത്രം മാത്രമാണ് എന്‍.ഐ.എയ്ക്കുള്ളത്. ഇന്ത്യയില്‍ എന്‍.ഐ.എ നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ അനേകം പ്രവൃത്തികളില്‍ ചുരുക്കം ചിലത് മാത്രമാണ് ഇവിടെ പ്രതിപാദിച്ചിട്ടുള്ളത്. കേവലം കക്ഷി രാഷ്ട്രീയ പോരുകളുടെ പേരില്‍ കേരളത്തിലിന്ന് എന്‍.ഐ.എ സ്തുതികീര്‍ത്തനങ്ങള്‍ കൊണ്ട് വാഴ്ത്തപ്പെടുമ്പോള്‍ നാം അറിയേണ്ട, ഓര്‍ക്കേണ്ട ചില കാര്യങ്ങളാണിത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശ്രിന്‍ഷ രാമകൃഷ്ണന്‍

Latest Stories

We use cookies to give you the best possible experience. Learn more