കോഴിക്കോട്: മതം മാറിയ ശേഷം വിവാഹം ചെയ്ത് ഭീകരസംഘടനയായ ഐ.എസ്.ഐ.എസില്‍ ലൈംഗിക അടിമയാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഗുജറാത്തില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ കേസ് കെട്ടിച്ചമച്ചതാണെന്ന വാദം ബലപ്പെടുന്നു.
പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള ഒരു തെളിവുകളും അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകനായ എം.പി പ്രശാന്ത് ഡൂള്‍ന്യൂസിനോടു പറഞ്ഞു. കേസ് കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ കുറ്റാരോപിതരും അടുത്ത ബന്ധുക്കളും ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തിലാണ് കേസില്‍ തെളിവുകളൊന്നും കണ്ടെത്താന്‍ എന്‍.ഐ.ഐയ്ക്ക് ആയിട്ടില്ലെന്ന റിപ്പോര്‍ട്ടുകളും വരുന്നത്.
ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയാണ് മാഹിക്കടുത്തുള്ള പെരിങ്ങാടി സ്വദേശിയായ മുഹമ്മദ് റിയാസിനെതിരെ കോടതിയെ സമീപിച്ചത്. തന്നെ മതംമാറ്റിയശേഷം വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റുണ്ടാക്കി സൗദിയിലേക്കു കൊണ്ടുപോകുകയും അവിടെ നിന്നും സിറിയയില്‍ ഐ.എസ്.ഐ.എസിന്റെ ലൈംഗിക അടിമയായി കടത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്നായിരുന്നു യുവതിയുടെ ആരോപണം. സൗദി അറേബ്യയിലെ ഭര്‍ത്താവിന്റെ തടവില്‍ നിന്നും രക്ഷപ്പെട്ടാണ് താന്‍ തിരിച്ചെത്തിയതെന്നും യുവതി ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ യു.എ.പി.എ ഉള്‍പ്പെടെ ചുമത്തപ്പെട്ട കേസില്‍ ഭീകരബന്ധം സ്ഥാപിക്കാനുള്ള ഒരു തുമ്പു പോലും ഇതുവരെ കണ്ടെത്താന്‍ ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രശാന്ത് പറയുന്നത്. അതേസമയം പെണ്‍കുട്ടി സൗദിയില്‍ നിന്നും റിയാസിന്റെ സമ്മതത്തോടെ തന്നെ നാട്ടിലേക്കു തിരിച്ചതാണെന്ന റിയാസിന്റെ കുടുംബത്തിന്റെ വാദം സാധൂകരിക്കുന്ന ബോഡിങ് പാസിന്റെ ഫോട്ടോയും വാട്‌സ്ആപ്പ് സന്ദേശങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അവരുടെ പക്കലുണ്ടെന്നും അദ്ദേഹം പറയുന്നു.
മതംമാറ്റി ഐ.എസ്.ഐ.എസില്‍ കടത്താന്‍ ശ്രമിച്ചുവെന്ന പെണ്‍കുട്ടിയുടെ ആരോപണങ്ങള്‍ നിഷേധിച്ച് റിയാസ് നേരത്തെ രംഗത്തുവന്നിരുന്നു. റിയാസിന്റെ വാദം തന്നെയാണ് അദ്ദേഹത്തിന്റെ പിതാവും ആവര്‍ത്തിക്കുന്നത്. തന്റെ മരുമകള്‍ ഇത്തരത്തില്‍ പരാതി കൊടുക്കാനുള്ള കാരണം എന്താണെന്ന് അറിയില്ലെന്ന് റിയാസിന്റെ പിതാവ് റഷീദ് ഡൂള്‍ന്യൂസിനോടു പറഞ്ഞു. മകന് പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെ യാതൊരു സംഘടനകളുമായും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവില്‍ എഞ്ചിനീയറിങ്ങിനു പഠിക്കുമ്പോഴാണ് മകന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. വിവാഹം കഴിഞ്ഞിട്ടാണ് താന്‍ പോലും ഇത് അറിയുന്നത്. എന്നാല്‍ വിവാഹം അംഗീകരിക്കുകയും പെണ്‍കുട്ടിയുടെ മാതാപിതാക്കളോട് സംസാരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നും റഷീദ് പറഞ്ഞു.
വീട്ടുകാര്‍ കള്ളം പറഞ്ഞ് വിളിച്ചു വരുത്തി പെണ്‍കുട്ടിയെ തടവിലാക്കിയപ്പോഴാണ് ഹേബിയസ് കോര്‍പ്പസുമായി കോടതിയെ സമീപിച്ചത്. അന്ന് അവളുടെ ഇഷ്ടപ്രകാരം റിയാസിനൊപ്പം കോടതി വിട്ടു. ഇവരുടെ സംരക്ഷണം ഏറ്റെടുക്കാമെന്ന് താന്‍ കോടതിയെ ബോധിപ്പിച്ചിരുന്നെന്നും അദ്ദേഹം പറയുന്നു.
“പഠനകാലത്ത് നടന്ന പ്രണയവിവാഹമായതിനാല്‍ മകന് ജോലി ഇല്ലായിരുന്നു. തുടര്‍ന്ന് സൗദിയില്‍ തന്നെ ജോലി ശരിയാക്കി. ആദ്യം നിയമതടസങ്ങള്‍ കാരണം മരുമകള്‍ക്ക് അങ്ങോട്ടു വരാന്‍ കഴിഞ്ഞില്ല. അക്കാലത്ത് നാട്ടില്‍ വാടകവീട്ടില്‍ തന്റെ ഭാര്യയ്ക്കൊപ്പമായിരുന്നു അവള്‍ താമസിച്ചത്.
തുടര്‍ന്ന് വിസിറ്റിങ് വിസയില്‍ പെണ്‍കുട്ടി സൗദിയില്‍ പോകാന്‍ തയ്യാറായി. ഈ വിവരം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ എതിര്‍ത്തു. കേസ് കൊടുക്കുമെന്നും ഇന്ത്യയില്‍ കാലുകുത്താന്‍ പറ്റാത്ത അവസ്ഥ ഉണ്ടാക്കുമെന്നും അവര്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു. എന്തായാലും അവള്‍ സൗദിയിലേക്ക് പോയി.” അദ്ദേഹം പറയുന്നു.
സൗദിയിലെത്തിയപ്പോഴും വീട്ടുകാരുമായുള്ള ബന്ധം ഇല്ലാതാകരുതെന്ന് താന്‍ പറഞ്ഞിരുന്നു. അതനുസരിച്ച് അവര്‍ തമ്മില്‍ ഫോണ്‍വിളികളും വാട്ട്സ്ആപ്പ് മെസേജുകളുമെല്ലാം കൈമാറുന്നത് പതിവായിരുന്നു. അങ്ങനെയിരിക്കെയാണ് അച്ഛന് ഗുരുതരമായ അസുഖമാണെന്ന് പറഞ്ഞ് അവളെ വീട്ടുകാര്‍ നാട്ടിലേക്ക് വരുത്തുന്നത്.
ചെലവിനായി മറ്റാരേയും ആശ്രയിക്കാതിരിക്കാന്‍ പണവും, എ.ടി.എം കാര്‍ഡും ഉള്‍പ്പെടെ നല്‍കിയാണ് അവളെ വിമാനം കയറ്റി അയച്ചത്. വിമാനത്താവളത്തിനുള്ളില്‍ വെച്ച് താന്‍ നാട്ടിലേക്ക് പോകുന്നില്ലെന്നും ഇതൊരു കെണിയായിരിക്കാമെന്ന് സംശയമുണ്ടെന്നും അവള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരു പ്രവാസി എന്ന നിലയില്‍ നാട്ടില്‍ നിന്നും ലഭിക്കുന്ന ഇത്തരമൊരു വിവരം ഉണ്ടാക്കുന്ന ആശങ്ക എന്താണെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ അവളോട് പോകാനാണ് തങ്ങള്‍ ആവശ്യപ്പെട്ടത്.
എന്തുസംഭവിച്ചാലും തന്റെ ഭര്‍ത്താവിനെ തള്ളിപ്പറയില്ലെന്നും ഈ ബന്ധത്തിനെതിരായ ഒന്നും തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും പെണ്‍കുട്ടി പോകുന്നതിനു മുന്‍പ് പറഞ്ഞിരുന്നു. പലകാര്യങ്ങളും വാട്ട്സ്ആപ്പില്‍ ശബ്ദസന്ദേശങ്ങളായാണ് അയച്ചത്. ഇതെല്ലാം കൈവശമുണ്ട്.
നാട്ടിലെത്തിയ ശേഷം തനിക്ക് തിരിച്ചു വരണമെന്നും റിയാസിനെ കാണാതിരിക്കാന്‍ കഴിയില്ലെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. തുടര്‍ന്ന് 10 ദിവസങ്ങള്‍ക്കു ശേഷമാണ് മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെയുള്ള വാര്‍ത്ത കാണുന്നത്. ചാനലിലെ ബ്രേക്കിങ് ന്യൂസിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടിയ്ക്ക് അയക്കുകയും എന്താണ് സംഭവമെന്ന് ചോദിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം പിന്നെ അവളുമായി യാതൊരു തരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും റഷീദ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
നേരത്തേ ഹേബിയസ് കോര്‍പ്പസ് ഹരജിയുടെ സമയത്ത് പെണ്‍കുട്ടി പറഞ്ഞത് കുറ്റാരോപിതനായ റിയാസിനെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണെന്നും മതം മാറിയത് സ്വന്തം ഇഷ്ടത്തിനാണെന്നുമായിരുന്നു. എന്നാല്‍ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് റിയാസിന് അനുകൂലമായ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചത് എന്നാണ് പൊലീസ് പറയുന്നത്.
എന്നാല്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി കേള്‍ക്കുന്ന സമയത്ത് പെണ്‍കുട്ടി അവരുടെ മാതാപിതാക്കളുടെ കസ്റ്റഡിയിലായിരുന്നെന്നും അവരുമായി സംസാരിക്കാന്‍ റിയാസിന് അവസരം ലഭിച്ചിരുന്നില്ലെന്നും റിയാസിന്റെ സുഹൃത്തുക്കള്‍ പറയുന്നു.”അവള്‍ മാതാപിതാക്കളുടെ കസ്റ്റഡിയിലായിരുന്നു. പിന്നെ എങ്ങനെ ഇപ്പറഞ്ഞതുപോലെ നഗ്ന ചിത്രങ്ങള്‍ ഉപയോഗിച്ച് അവന് അവളെ ഭീഷണിപ്പെടുത്താനാവും” എന്നാണ് അവര്‍ ചോദിക്കുന്നത്.
സൗദിയില്‍ നിന്നും സിറിയയിലേക്ക് കടത്താന്‍ ശ്രമിക്കുന്നത് അറിഞ്ഞ താന്‍ പിതാവിനെ വിവരമറിയിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് സൗദിയിലുള്ള ചില സുഹൃത്തുകള്‍ വഴിയാണ് ഇന്ത്യയിലേക്കെത്താന്‍ കഴിഞ്ഞതെന്നുമായിരുന്നു യുവതി ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ യുവതിയെ തിരിച്ചയച്ചത് റിയാസാണെന്നും ഇതിന് തെളിവായി ബോഡിങ് പാസിന്റെ ഫോട്ടോ തങ്ങളുടെ പക്കലുണ്ടെന്നുമാണ് റഷീദ് പറയുന്നത്.
പെണ്‍കുട്ടിയുടെ പരാതിയ്ക്കു പിന്നാലെ റിയാസ് ഒളിവില്‍ പോയെന്ന വാദവും പിതാവ് റഷീദ് നിഷേധിച്ചിട്ടുണ്ട്.
” റിയാസിന്റെ നമ്പര്‍ ഉള്‍പ്പെടെ ലഭ്യമായിരുന്നെങ്കിലും പൊലീസോ പിന്നീട് കേസ് ഏറ്റെടുത്ത എന്‍.ഐ.എയോ തങ്ങളെ ബന്ധപ്പെട്ടില്ല. ഒളിവില്‍ ആണെന്നാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ റിയാസ് ഒളിവിലായിരുന്നില്ല. തങ്ങള്‍ എന്‍.ഐ.എ ഉദ്യോഗസ്ഥരെ അങ്ങോട്ട് വിളിക്കുകയായിരുന്നു ചെയ്തതത്. സമയമാകുമ്പോള്‍ തിരിച്ചു വിളിക്കാമെന്നാണ് മറുപടി ലഭിച്ചത്. ” എന്നാണ് അദ്ദേഹം പറഞ്ഞത്.
മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ വീഡിയോകള്‍ കാണാന്‍ പ്രേരിപ്പിച്ചെന്നതൊക്കെയാണ് യുവാവിന് ഐ.എസ്.ഐ.എസ് ബന്ധം ആരോപിക്കാന്‍ അന്വേഷണ സംഘം തെളിവായി നിരത്തുന്നതെന്ന് പ്രശാന്ത് പറയുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിന്റെ വീഡിയോകളും കേരളത്തിലെ ഐ.എസ് കേസുകളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് ഇതിനകം തന്നെ തെളിഞ്ഞിട്ടുണ്ട്. അമുസ്ലിങ്ങളെക്കൂടി “സഹോദരീസഹോദരന്മാരേ” എന്ന് അഭിസംബോധന ചെയ്യുന്ന സാക്കിര്‍ നായിക്കിന്റെ പ്രബോധന ശൈലിയോട് ഐ.എസിന് കടുത്ത വിയോജിപ്പാണ് എന്നതും അദ്ദേഹം തെളിവായി പരാമര്‍ശിക്കുന്നു.
തങ്ങള്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്ന സംഘടനയാണ് ഇസ്ലാമിക് സ്റ്റേറ്റെന്നും അവര്‍ക്ക് തന്റെ മരുമകളെ കൊടുക്കാന്‍ ശ്രമിച്ചു എന്ന ആരോപണം സഹിക്കാവുന്നതിനുമപ്പുറമാണെന്നും റഷീദും പറയുന്നു. എന്തുകൊണ്ടാണ് പെണ്‍കുട്ടി തങ്ങള്‍ക്കെതിരെ മൊഴി നല്‍കിയതെന്ന് അറിയില്ല. ഹാദിയ കേസിലെ ഉള്‍പ്പെടെയുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആശങ്ക വര്‍ധിക്കുകയാണ്.
വിവാഹം നടത്താന്‍ മുന്‍കൈയെടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കെതിരെയാണ് കേസെടുത്തത്. മകന്‍ ഇപ്പോള്‍ ജയിലിലാണ്. കുടുംബക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും തങ്ങള്‍ ഒറ്റപ്പെട്ടു. റിയാസിന്റെ ഉമ്മ അസുഖബാധിതയായി. അവരെ ദിവസവും ആശുപത്രിയില്‍ കൊണ്ടുപോകണം. നാട്ടിലുള്ള ഇളയമകനാണ് പ്ലസ് ടു പഠനത്തിനിടയിലും കേസിന്റെ കാര്യങ്ങള്‍ക്കായി ഓടിനടക്കുന്നത്. ഫോണ്‍ വിളിക്കുമ്പോള്‍ കരഞ്ഞുകൊണ്ടാണ് അവന്‍ സംസരിക്കാറെന്നും റഷീദ് വൈകാരികമായി പറയുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍, തുടങ്ങി നിരവധി ഇടങ്ങളില്‍ തങ്ങളുടെ ദുരവസ്ഥ വിവരിച്ച് കത്ത് നല്‍കി. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു മാത്രമാണ് പ്രതികരണം ഉണ്ടായത്. അന്വേഷിക്കാം എന്നായിരുന്നു പ്രതികരണമെന്നും അദ്ദേഹം പറയുന്നു.
മരുമകളുമായി യാതൊരു തരത്തിലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. അവള്‍ എവിടെയാണെന്നു പോലും അറിയില്ല. അവള്‍ക്ക് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും സന്തോഷമായാണ് കഴിയുന്നത് എന്ന് അറിയാനെങ്കിലും കഴിഞ്ഞിരുന്നെങ്കില്‍ തങ്ങള്‍ക്ക് ആശ്വാസം ലഭിക്കുമായിരുന്നുവെന്നും റഷീദ് പറയുന്നു.
കേസില്‍ അടുത്തിടെയാണ് ഒന്‍പതു പേര്‍ക്കെതിരെ ദേശീയ അന്വേഷണ ഏജന്‍സി കേസെടുത്തത്. പെണ്‍കുട്ടിയെ വിവാഹം ചെയ്ത മുഹമ്മദ് റിയാസായിരുന്നു കേസിലെ മുഖ്യകുറ്റാരോപിതന്‍.
മുഹമ്മദ് റിയാസ്, റഷീദ്, നഹാസ് അബ്ദുള്‍ഖാദര്‍, മുഹമ്മദ് നറീഷ്, അബ്ദുള്‍ മുക്തിം, ഡാനിഷ് നജീബ്, ഫയാസ് ജമാല്‍, മായിന്‍, ഇല്യാസ് മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് കേസ്. കുറ്റകൃത്യത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് കേസ് എന്‍.ഐ.എ ഏറ്റെടുത്തത് എന്നാണ് അന്ന് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. പറവൂര്‍ സ്വദേശികളായ മന്ദിയേടത്ത് ഫയാസ്, മാഞ്ഞാലി തലക്കാട്ട് വീട്ടില്‍ സിയാദ് എന്നിവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയാണ് കേസെടുത്തത്.
ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. ഹിന്ദു മതത്തില്‍ നിന്ന് നിര്‍ബന്ധിച്ച മതംമാറ്റിയ ശേഷം വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി സൗദി അറേബ്യയിലേക്ക് കൊണ്ടുപോകുകയും പിന്നീട് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതി.
ഐ.എസ്.ഐ.എസില്‍ ലൈംഗിക അടിമയാക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് യുവതി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞത്.
കണ്ണൂര്‍ മാഹി സ്വദേശിയായ തന്റെ ഭര്‍ത്താവ് പോപുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പത്തനംതിട്ട സ്വദേശിയായ താന്‍ ബംഗളൂരുവില്‍ പഠിക്കുന്ന സമയത്താണ് റിയാസുമായി പരിചയത്തിലാവുന്നതെന്നും പിന്നീട് ഒരു പ്രത്യേക സാഹചര്യത്തില്‍ അയാളുമായി താന്‍ ലൈംഗികമായി ബന്ധപ്പെട്ടിരുന്നുവെന്നും, ഇത് രഹസ്യമായി ഷൂട്ട് ചെയ്ത റിയാസ് പിന്നീട് ബ്ലാക്ക്മെയിലിംഗ് നടത്തുകയായിരുന്നുവെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ക്കു പിന്നില്‍ ബാഹ്യശക്തികളാണെന്നായിരുന്നു റിയാസിന്റെ വാദം. തന്റെ ഭാര്യ തനിക്കെതിരെ ഇത്തരമൊരു മൊഴി നല്‍കില്ലെന്ന് ഉറപ്പുണ്ടെന്ന് റിയാസ് പറഞ്ഞിരുന്നു. കേസിനു പിന്നില്‍ ബാഹ്യശക്തികള്‍ ഉണ്ടാകാം. കേസുമായി ബന്ധപ്പെട്ട് പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും റിയാസ് പറഞ്ഞിരുന്നു. ഇതെല്ലാം കേസിന്റേയും പരാതിയുടേയും ആധികാരികതയെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഡൂള്‍ന്യൂസ് ഡോക്യുമെന്ററി കാണാം