എലത്തൂര്‍ തീവെപ്പ് ഷാരൂഖ് സെയ്ഫിയുടെ ഒറ്റക്കുള്ള ജിഹാദി ആക്ട്; എന്‍.ഐ.എ കുറ്റപത്രം
Kerala News
എലത്തൂര്‍ തീവെപ്പ് ഷാരൂഖ് സെയ്ഫിയുടെ ഒറ്റക്കുള്ള ജിഹാദി ആക്ട്; എന്‍.ഐ.എ കുറ്റപത്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th September 2023, 3:49 pm

കൊച്ചി: എലത്തൂരിലെ തീവണ്ടി തീവെപ്പുകേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു.
യു.എ.പി.എ ചുമത്തിയാണ് കൊച്ചി എന്‍.ഐ.എ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ ദല്‍ഹി സ്വദേശി ഷാരൂഖ് സെയ്ഫിയെ മാത്രമാണ് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്.

ഷാരൂഖ് നടത്തിയത് ജിഹാദി പ്രവര്‍ത്തനമാണെന്ന് കുറ്റപത്രത്തില്‍ എന്‍.ഐ.ഐ ആരോപിക്കുന്നു. പ്രതി ആക്രമണത്തിന് കേരളത്തെ തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഷാരൂഖ് സെല്‍ഫ് റാഡിക്കലിസ്റ്റായ ആളാണ്. ഇയാള്‍ ഒറ്റക്കാണ് ആക്രമണം നടത്തിയത്. ലക്ഷ്യം ജനങ്ങളെ ഭീതിയിലാക്കുകയാണെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.

സ്വമേധയാലാണ് ഷാരൂഖ് കൃത്യം ചെയ്യാന്‍ തീരുമാനിച്ചത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മതപ്രചാരകരെയടക്കം ഇയാള്‍ പിന്തുടരുന്നുണ്ട്. ഓണ്‍ലൈന്‍ വഴി ഇത്തരം ആളുകളുടെ പ്രസംഗം കേള്‍ക്കുന്നയാളാണെന്നും കൊലപാതകമായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

ഏപ്രില്‍ രണ്ടിന് രാത്രിയാണ് എലത്തൂര്‍ തീവെപ്പ് കേസ് നടക്കുന്നത്. ആലപ്പുഴ- കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി-1 കോച്ചിന് ഷാരൂഖ് സെയ്ഫി തീവെക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

സംഭവത്തില്‍ ഒരു കുട്ടിയുടേതടക്കം മൂന്ന് മരണം സംഭവിക്കുകയും ഒമ്പത് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റെയില്‍വേ പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. കേരള പൊലീസാണ് ഷാരൂഖ് സെയ്ഫിയെ പിടികൂടിയത്. തുടര്‍ന്ന് കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയായിരുന്നു.

Content Highlight: NIA files charge sheet in Elathur train fire case