ന്യൂദല്‍ഹി: ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ക്കൊപ്പം പിടിയിലായ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദവീന്ദര്‍ സിങിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസെടുത്തു. യു.എ.പി.എ ചുമത്തിയാണ് എന്‍.ഐ.എ കേസെടുത്തത്.
യു.എ.പി.എയിലെ സെക്ഷന്‍ 18,19,20,38,39 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡി.എസ്.പി ദവീന്ദര്‍ സിങിനെ കസ്റ്റഡിയിലെടുക്കാനായി എന്‍.ഐ.എ സംഘം തിങ്കളാഴ്ച കശ്മീരിലെത്തും. കസ്റ്റഡിയിലെടുത്ത ശേഷം ഡി.എസ്.പിയെ ദല്‍ഹിയിലെത്തിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സസ്പെന്‍ഷനിലായ ദവീന്ദര്‍ സിങിന്റെ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സന്നദ്ധത അറിയിച്ച് ജമ്മു ആന്‍ഡ് കശ്മീര്‍ പൊലീസ് നേരത്തെ രംഗത്തെത്തിയിരുന്നു.
ഇനിയും ഗൗരവമുള്ള കാര്യങ്ങള്‍ പുറത്തുവരാനുള്ളതിനാല്‍ ഈ കേസ് എന്‍.ഐ.എക്കൊണ്ട് അന്വേഷിപ്പിക്കാന്‍ ഞങ്ങള്‍ താത്പര്യപ്പെടുന്നു എന്നാണ് ജമ്മു കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് അറിയിച്ചത്.
ദവീന്ദര്‍ സിങിന്റെ വീട്ടില്‍ നിന്നും കാറില്‍ നിന്നുമായി പിടിച്ചെടുത്ത എ.കെ 47, ഗ്രനേഡ്, പിസ്റ്റല്‍, മൊബൈല്‍ ഫോണ്‍, എന്നിവ എന്‍.ഐ.എയുടെ ഫോറന്‍സിക് ടീം പിടിച്ചെടുക്കും.
തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് അഫ്സുല്‍ ഗുരു 2004ല്‍ എഴുതിയ കത്തില്‍ ദേവീന്ദര്‍ സിങാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.
ജമ്മു-കശ്മീര്‍ ഹൈവേയിലൂടെ ദല്‍ഹിയിലേക്ക് കാറില്‍ പോകുന്നതിനിടയിലാണ് ദവീന്ദര്‍ സിങ് തീവ്രവാദികളോടൊപ്പം പിടിയിലായത്. ശനിയാഴ്ച പിടിയിലാകുന്നതിന് മുന്‍പ് ദവീന്ദര്‍ സിങിന്റെ ഔദ്യോഗിക വസതിയിലാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച രാത്രി തങ്ങിയതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നിരുന്നു.