| Saturday, 24th September 2022, 9:49 am

ശസ്ത്രക്രിയക്കായി ഹൈദരാബാദില്‍ പോകാനുള്ള വരവര റാവുവിന്റെ ഹരജി കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തിമിര ശസ്ത്രക്രിയക്കായി മൂന്ന് മാസത്തേക്ക് ജന്മനാടായ ഹൈദരാബാദില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പട്ട് ഭീമ കൊറേഗാവ് കേസിലെ പ്രതിചേര്‍ക്കപ്പെട്ട തെലുങ്ക് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവു നല്‍കിയ ഹരജി എന്‍.ഐ.എ കോടതി തള്ളി.

ഓഗസ്റ്റ് 17നാണ് 82 കാരനായ വരവരറാവുവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ മുംബൈ നഗരം വിടാന്‍ പാടില്ലെന്നാണ് ജാമ്യ വ്യവസ്ഥ. ഇതേ തുടര്‍ന്നാണ് ശസ്ത്രക്രിയക്കും തുടര്‍ചികിത്സക്കും ഹൈദരബാദില്‍ പോകാന്‍ വരവരറാവു അനുമതി തേടിയത്.

എന്നാല്‍, മുംബൈ നഗരത്തില്‍ മികച്ച മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ലഭ്യമാണെന്നന്നും, അതിനാല്‍ വരവര റാവു നഗരം വിട്ട് ഹൈദരാബാദിലേക്ക് പോകേണ്ടതില്ല എന്നാണ് ജാമ്യ ഹരജിയെ എതിര്‍ത്തുകൊണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രകാശ് ഷെട്ടി കോടതിയില്‍ വാദിച്ചത്. ഇതേത്തുടര്‍ന്ന് വരവര റാവുവിന്റെ ഹരജി കോടതി തള്ളുകയായിരുന്നു.

തെലങ്കാനയിലെ കോളേജില്‍ പ്രൊഫസറായിരുന്നതിനാല്‍ വരവര രാവു സംസ്ഥാന സര്‍ക്കാരിന്റെ പെന്‍ഷന്‍കാരനാണ്, ഇക്കാരണത്താല്‍ ഹൈദരാബാദില്‍ ശസ്ത്രക്രിയ നടത്തിയാല്‍ അത് സൗജന്യമായിരിക്കുമെന്നാണ് റാവു കോടതിയെ അറിയിച്ചത്.

റാവുവിന്റെ മകള്‍ ഹൈദരാബാദില്‍ ഒഫ്താല്‍ മോളജിസ്റ്റും, കൊച്ചുമകള്‍ ഡോക്ടറുമായതിനാല്‍ ശസ്തക്രിയക്ക് ശേഷമുള്ള മെഡിക്കല്‍ പരിചരണത്തിന്റെ പ്രയോജനം തനിക്ക് ലഭിക്കുമെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ ശസ്ത്രക്രിയക്കും ആശുപത്രിയിലെ ചികിത്സാ ചെലവിനും ഉള്‍പ്പടെ 60,000 മുതല്‍ 2 ലക്ഷം രൂപ വരെ ചെലവ് വരുമെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

നിലവില്‍ മുംബൈയില്‍ താമസിക്കുന്ന 82 വയസുകാരനായ വരവര റാവുവിന് വീടിന്റെ വാടകയും മറ്റ് ചെലവുകളും ഉള്‍പ്പെടെ 61,000 രൂപ മാസം ചെലവാകുന്നുണ്ടെന്നും ഹരജിയില്‍ പറയുന്നുണ്ട്.

ഇതിനിടയില്‍ കേസിലെ മറ്റൊരു പ്രതി മഹേഷ് റാവുത്തിന് മതിയായ ചികിത്സ നല്‍കാന്‍ കോടതി ജയില്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ നല്‍കാനും കോടതി നിര്‍ദേശിച്ചു.

Content Highlight: NIA Court rejects Varavara Rao’s plea to stay in Hyderabad for treatment

We use cookies to give you the best possible experience. Learn more