മുംബൈ: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് താക്കൂര്‍ ആഴ്ചയിലൊരിക്കല്‍ ഹാജരാകണമെന്ന് മുംബൈയിലെ എന്‍.ഐ.എ കോടതി. ലഫ് കേണല്‍ പുരോഹിത് ഉള്‍പ്പെടെ മലേഗാവ് സ്‌ഫോടനക്കേസിലെ എല്ലാ പ്രതികളും ഹാജരാകണമെന്നാണ് നിര്‍ദേശം. കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരാവാത്തതില്‍ എന്‍.ഐ.എ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു.
മെയ് 20നാണ് കേസില്‍ അടുത്ത വാദം നടക്കുന്നത്.
മലേഗാവ് സ്‌ഫോടനത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രജ്ഞ സിങ് ഠാക്കൂര്‍ കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍.
കേസില്‍ പ്രജ്ഞയുള്‍പ്പെടെ ഏഴ് പ്രധാന പ്രതികള്‍ക്കെതിരെ എന്‍.ഐ.എ കോടതി തീവ്രവാദ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. കേണല്‍ പുരോഹിത്, പ്രജ്ഞ സിങ്, മേജര്‍ രമേശ് ഉപധ്യായ്, സമീര്‍ കുല്‍ക്കര്‍ണി, അജയ് രാഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി എന്നിവര്‍ക്കെതിരെയാണ് കോടതി കുറ്റം ചുമത്തിയത്.
2008 സെപ്റ്റംബര്‍ 29നായിരുന്നു സ്‌ഫോടനം നടന്നത്. മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനം നടന്ന അതേ വര്‍ഷം തന്നെ പ്രജ്ഞ സിങ് ഠാക്കൂര്‍ ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റു ചെയ്തിരുന്നു.