| Monday, 11th March 2019, 7:00 pm

പാക് വനിതയുടെ അവസാന നിമിഷ ഹരജി; സംഝോതാ സ്‌ഫോടനക്കേസില്‍ വിധി പറയുന്നത് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാകിസ്ഥാന്‍ സ്വദേശിനിയുടെ ഹരജിയെ തുടര്‍ന്ന് 2007 സംഝോതാ സ്‌ഫോടനക്കേസില്‍ വിധി പറയുന്നത് മാറ്റി. മാര്‍ച്ച് 14ന് കോടതി വീണ്ടും വാദം കേള്‍ക്കും. സ്‌ഫോടനത്തില്‍ പിതാവിനെ നഷ്ടമായ റാഹില എല്‍ വക്കീല്‍ എന്ന യുവതിയാണ് ഹരജി നല്‍കിയത്.

കേസില്‍ മാര്‍ച്ച് ആറിന് വാദം പൂര്‍ത്തിയായി മാര്‍ച്ച് 11 ന് വിധി പറയേണ്ടതായിരുന്നു.

സ്‌ഫോടനത്തിന് ദൃക്‌സാക്ഷികളായവര്‍ ഭൂരിപക്ഷവും പാക് പൗരന്മാരാണെന്നും ഇവരെ കോടതിയില്‍ വിസ്തരിച്ചിട്ടില്ലെന്നും റാഹിലയുടെ ഹരജിയില്‍ പറയുന്നു. സാക്ഷികള്‍ കോടതിയില്‍ ഹാജരാവാന്‍ തയ്യാറായിരുന്നുവെന്നും എന്നാല്‍ വിസ ലഭിച്ചില്ലെന്നും തെളിവുകളില്ലാതാകുമ്പോള്‍ ഇരകളായവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും ഹരജിയില്‍ പറയുന്നു.

ഫെബ്രുവരി 18 2007ന് പാകിസ്ഥാനിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ പാനിപ്പത്തിനടുത്ത് വെച്ചാണ് സ്‌ഫോടനമുണ്ടായിരുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും പാകിസ്ഥാനില്‍ നിന്നുള്ളവരായിരുന്നു.

മക്ക മസ്ജിദ്, അജ്മീര്‍ദര്‍ഗ സ്‌ഫോടനക്കേസില്‍ കോടതികള്‍ വെറുതെവിട്ട അസീമാനന്ദയാണ് സംഝോത സ്‌ഫോടനക്കേസിലും മുഖ്യപ്രതി. അസീമാനന്ദയാണ് ഗൂഢാലോചന നടത്തിയതെന്നും പ്രതികള്‍ക്ക് സാമ്പത്തിക സഹായമൊരുക്കിയതന്നും എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പഞ്ചാബ് ഹരിയാന ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് 2015 മുതല്‍ അസീമാനന്ദ പുറത്താണ്.

കേസില്‍ എട്ട് പേര്‍ കുറ്റാരോപിതരാണെങ്കിലും അസീമാനന്ദയടക്കം നാല് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. കമല്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി, ലോകേഷ് ശര്‍മ്മ എന്നീ പ്രതികള്‍ ഇപ്പോള്‍ അംബാല സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം അമിത് ചൗഹാന്‍, രാമചന്ദ്ര കല്‍സന്‍ഗ്ര, സന്ദീപ് ഡാങ്കെ എന്നീ പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

കേസിലെ മുഖ്യപ്രതിയെന്ന് എന്‍.ഐ.എ വിശേഷിപ്പിച്ചിരുന്ന സുനില്‍ ജോഷി 2017ല്‍ മധ്യപ്രദേശില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more