മലേഗാവ് സ്‌ഫോടന കേസില്‍ പ്രജ്ഞ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.ഐ.എ കോടതി
India
മലേഗാവ് സ്‌ഫോടന കേസില്‍ പ്രജ്ഞ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.ഐ.എ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2024, 9:34 am

മുംബൈ: മാലേഗാവ് സ്‌ഫോടന കേസില്‍ വിചാരണക്ക് ഹാജരാകാതെ ഒഴിഞ്ഞുമാറുന്ന ഒന്നാം പ്രതിയും ഭോപ്പാലിലെ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാകുറിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍.ഐ.എ കോടതി. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ബുധനാഴ്ചയും പ്രജ്ഞ കോടതിയില്‍ ഹാജര്‍ ആകാതിരുന്നതിനാലാണ് ജഡ്ജി രോക്ഷാകുലനായത്. ക്രിമിനല്‍ ചട്ടപ്രകാരം മൊഴി നല്‍കാന്‍ ഹാജരാകാതെ പ്രജ്ഞ വിചാരണ തടസ്സപ്പെടുത്തുകയാണെന്ന് കോടതി പറഞ്ഞു.

പ്രജ്ഞ സിങ്ങിനെ നേരില്‍കണ്ട് ആരോഗ്യ അവസ്ഥ പരിശോധിച്ചു തിങ്കളാഴ്ചയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ഐ.എയോട് കോടതി ഉത്തരവിട്ടു. നേരിട്ട് ഹാജര്‍ ആകില്ലെന്നും പറഞ്ഞു മാര്‍ച്ച് അഞ്ചിന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ രേഖയുടെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ ഒറിജിനല്‍ സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.

മാര്‍ച്ച് 11ന് ഹാജരാകാത്തതിനെ തുടര്‍ന്ന് കോടതി സിങ്ങിനെതിരെ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹാജരായി പിഴകെട്ടിയതോടെ പിന്‍വലിച്ചു. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി കോടതി നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പ്രജ്ഞ പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ക്രിക്കറ്റ് കളിക്കുകയും നൃത്തം വെക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചിരുന്നു.

വിചാരണ നടന്ന അതേ ദിവസമാണ് പ്രജ്ഞ പൊതു പരിപാടിയില്‍ പങ്കെടുത്തത്. കേസില്‍ സാക്ഷി വിസ്താരം അവസാനിച്ചതോടെ ക്രിമിനല്‍ ചട്ടം 313 പ്രകാരം പ്രതികളുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.

 

Content Highlight: NIA court criticizes Pragya Singh in Malegaon blast case