കൈവെട്ട് കേസ്: 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്, 3 പേര്‍ക്ക് 2 വര്‍ഷം തടവ്
Daily News
കൈവെട്ട് കേസ്: 10 പ്രതികള്‍ക്ക് 8 വര്‍ഷം തടവ്, 3 പേര്‍ക്ക് 2 വര്‍ഷം തടവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 8th May 2015, 11:34 am

hand-cut-case

കൊച്ചി:  പ്രൊഫ ടി.ജെ ജോസഫിന്റെ കൈ വെട്ടിയ പ്രതികള്‍ക്കുള്ള ശിക്ഷ കോടതി വിധിച്ചു. കേസില്‍ പത്ത് പ്രതികള്‍ക്ക് 8 വര്‍ഷം തടവ് വിധിച്ചു. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണിവര്‍. മുഖ്യപ്രതികളെ സഹായിച്ച പേര്‍ക്ക് രണ്ട് വര്‍ഷം തടവും കോടതി വിധിച്ചു. കേസില്‍ വിധി പറയുന്നത് പുരോഗമിക്കുകയാണ്.പ്രതികളില്‍ നിന്നും ഈടാക്കുന്ന തുക അധ്യാപകന് നല്‍കാന്‍ കോടതി വിധിച്ചു.

ജമാല്‍, ഷോബിന്‍, ഷംസുദ്ദീന്‍, ഷാനവാസ്, പരീദ്, യൂനുസ് അലിയാര്‍, അലി, ഷജീര്‍, കാസിം എന്നിവര്‍ക്കാണ് കോടതി 78 വര്‍ഷത്തെ തടവ് വിധിച്ചിരിക്കുന്നത്. അബ്ദുല്‍ ലത്തീഫ്, അന്‍വര്‍ സാദിഖ്, റിയാസ് എന്നിവര്‍ക്കാണ് 3 വര്‍ഷത്തെ തടവ് കോടതി വിധിച്ചിരിക്കുന്നത്.

പ്രതികള്‍ ചെയ്ത കുറ്റം ഒരു തരത്തിലും പൊറുക്കാനാവില്ലെന്ന് വിധി പ്രസ്താവിക്കവെ കോടതി പറഞ്ഞു. കേസിലാകെ 13 പേരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ 10 പേര്‍ക്കെതിരെ കോടതി യു.എ.പി.എ ചുമത്തിയിരുന്നു.

ഭീകരവിരുദ്ധ കുറ്റം ചെയ്തതായി തെളിഞ്ഞിട്ടും പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷ നല്‍കിയതില്‍ തൃപ്തരല്ലെന്ന് എന്‍.ഐ.എ പറഞ്ഞു. അതേ സമയം കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ പറഞ്ഞു.

സമൂഹത്തെ ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനമാണ് പ്രതികള്‍ ചെയ്തതെന്നും സമാന്തര ഭരണകൂടമായി പ്രതികള്‍ പ്രവര്‍ത്തിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ പെട്ടെന്നുള്ള പ്രകോപനമാണ് ആക്രമണകാരണമെന്നും ഇതിനെ തീവ്രവാദപ്രവര്‍ത്തനമായി  കാണരുതെന്നും പ്രതിഭാഗം വാദിച്ചിരുന്നു.

പ്രതികള്‍ സ്ഥിരം കുറ്റവാളികളല്ലെന്നും ഇവര്‍ക്ക് മാനസാന്തരത്തിന് അവസരം നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു. ഗൂഢാലോചന, അന്യായമായി സംഘം ചേരല്‍, വധശ്രമം, മാരകമായി മുറിവേല്‍പ്പിക്കല്‍, ആയുധ നിയമം, സ്‌ഫോടക വസ്തു നിയമം തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.